കൊച്ചി: കളമശേരി ഏലൂര്‍ ഉദ്യോഗമണ്ഡലിലെ ഫാക്ടില്‍ നിര്‍മിച്ച 'ഗുരുവായൂരമ്പല നടയില്‍' സിനിമയുടെ സെറ്റിന്റെ അവശിഷ്ടങ്ങള്‍ക്ക് തീയിട്ടു. സെറ്റ് പൊളിച്ച് കത്തിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ശ്വാസം മുട്ടും ചുമയും ഉണ്ടായി. വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡ് പഴയ ആന വാതിലിന് സമീപമുള്ള ഫാക്ടിന്റെ സ്ഥലത്ത് സിനിമയുടെ ഷൂട്ടിങ്ങിനായി നിര്‍മിച്ച സെറ്റിന്റെ അവശിഷ്ടങ്ങളാണ് കത്തിച്ചത്.
പ്രദേശമാകെ പുക നിറഞ്ഞത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. രാത്രി എട്ടുമണിയോടെ തീ നിയന്ത്രണവിധേയമാക്കി.

ചിത്രീകരണത്തിനുശേഷം സെറ്റിന്റെ പ്രധാന ഭാഗങ്ങള്‍ പൊളിച്ചു മാറ്റിയിരുന്നു. നാല് കോടിയോളംരൂപ ചെലവഴിച്ചാണ് ഗുരുവായൂര്‍ അമ്പലത്തിന്റെ സെറ്റ് നിര്‍മിച്ചത്. കരാറുകാരന്‍ ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് ഇവിടെ അവശിഷ്ടങ്ങള്‍ക്ക് തീയിട്ടത്. തീ ആളിക്കത്തിയില്ലെങ്കിലും വന്‍തോതില്‍ പുകയുയര്‍ന്നു. ഇതോടെ സമീപവാസികള്‍ക്ക് ശ്വാസംമുട്ടലും ചുമയും ഉണ്ടായി.

ഏഴ് സ്ഥലങ്ങളിലായിട്ടായിരുന്നു മാലിന്യങ്ങള്‍ കത്തിച്ചത്. പ്ലാസ്റ്റിക്, തെര്‍മോകോള്‍, ഫൈബര്‍, ചാക്ക്, തുണി, മരക്കഷണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയാണ് കൂട്ടിയിട്ട് കത്തിച്ചത്. ഏഴിടത്തായി തീയും പുകയും ഉയര്‍ന്നതിനാല്‍ ഇത് പൂര്‍ണ്ണമായും അണയ്ക്കാന്‍ ഒരു യൂണിറ്റിന് സാധിച്ചില്ല. ഇതോടെ ആലുവ, തൃക്കാക്കര, പറവൂര്‍, ഗാന്ധിനഗര്‍, തുടങ്ങിയ സ്ഥലങ്ങളിലുള്ള അഗ്‌നിരക്ഷാ വാഹനങ്ങളും ജീവനക്കാരും എത്തി.

നേരത്തെ, ഈ സിനിമയുടെ ചിത്രീകരണ സമയത്തും സിനിമാ സെറ്റുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നിരുന്നു. പെരുമ്പാവൂരില്‍ നിര്‍മിച്ച സെറ്റ് നഗരസഭയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊളിച്ച് മാറ്റുകയും ചെയ്തു. വയല്‍ നികത്തിയ സ്ഥലത്ത് അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയ സാഹചര്യത്തിലാണ് നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കിയത്.