ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അതിശക്തമായ മഴ. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്തമഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റോഡുകള്‍ പുഴ പോലെയായതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം മുതലാണ് ഡല്‍ഹിഎന്‍സിആര്‍ മേഖലയില്‍ മഴ ശക്തമായത്.

ഓഗസ്റ്റ് അഞ്ചുവരെ മഴ തുടരും. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. വിമാന സര്‍വീസുകളെയും മഴ ബാധിച്ചു. മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നതെന്ന് വിവിധ എയര്‍ലൈനുകള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തു വിമാനങ്ങളാണ് തിരിച്ചുവിട്ടത്. ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ ഡല്‍ഹി ഗവര്‍ണര്‍ വിനയ് സക്‌സേന നിര്‍ദേശം നല്‍കി.