ബെംഗളൂരു: ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷം. കനത്ത മഴയിലുണ്ടായ വിവിധ അപകടങ്ങളില്‍ ഇരു സംസ്ഥാനങ്ങളിലുമായി 24 പേര്‍ മരിച്ചു. തെലങ്കാനയില്‍ അച്ഛനും മകളും മറ്റൊരു കുടുംബത്തിലെ അമ്മയും മകളും ദമ്പതികളും അടക്കം ഒമ്പതു പേര്‍ മരിച്ചു. ആന്ധ്രയില്‍ 15 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് തെലങ്കാനയിലും ആന്ധ്രയിലും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

കനത്ത മഴയില്‍ വിജയവാഡ നഗരം ഒറ്റപ്പെട്ടു. നഗരത്തിലേക്കുള്ള റെയില്‍, റോഡ് ഗതാഗതം പൂര്‍ണമായി നിലച്ചു. റെയില്‍വേ ട്രാക്കുകളിലും റോഡുകളിലും വെള്ളം കയറി. ഹൈദരാബാദ് നഗരത്തില്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഐടി കമ്പനികളോടും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോടും പൊലീസ് നിര്‍ദേശം നല്‍കി.

തെലങ്കാനയില്‍ കാര്‍ വെള്ളപ്പാച്ചിലില്‍പ്പെട്ട് യുവശാസ്ത്രജ്ഞ അശ്വിനി നുനാവത് (27), അച്ഛന്‍ മോത്തിലാല്‍ നുനാവത് (50) എന്നിവര്‍ മരിച്ചു. മെഹബൂബാബാദിലെ അകേരു മാഗു എന്ന പുഴയ്ക്ക് കുറുകെയുള്ള പാലത്തിന് മുകളിലൂടെ വെള്ളം കയറിയിരുന്നു. ഇത് വഴി കടന്ന് പോവുകയായിരുന്ന അശ്വിനിയുടെ കാര്‍ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോവുകയായിരുന്നു. ബെംഗളൂരുവിലേക്ക് ഫ്‌ലൈറ്റ് മാര്‍ഗം പോകാനായി ഹൈദരാബാദിലേക്ക് പോവുകയായിരുന്നു ഇവര്‍. ഈ വര്‍ഷം ICAR ന്റെ മികച്ച യുവശാസ്ത്രജ്ഞരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് അശ്വിനി.

നദിക്കരയിലെ ഒരു മരത്തിന്റെ കൊമ്പില്‍ കുരുങ്ങിയ നിലയിലാണ് അശ്വിനിയുടെ മൃതദേഹം കിട്ടിയത്. തെലങ്കാന നാരായണ്‍ പേട്ടിലെ എക്കമേടുവില്‍ വീടിന്റെ ചുമരിടിഞ്ഞ് വീണാണ് അമ്മയും മകളും മരിച്ചത്. കര്‍ഷകത്തൊഴിലാളികളായ ഹരിജന ഹനുമമ്മ (65), അഞ്ജലുമ്മ (42) എന്നിവരാണ് മരിച്ചത്. അതേസമയം, പലേറില്‍ ഹെലികോപ്റ്റര്‍ വഴി കുട്ടിയെ രക്ഷിച്ചു, അമ്മയും അച്ഛനും മരിച്ചു. കുട്ടികളെ ആദ്യം എയര്‍ലിഫ്റ്റ് ചെയ്ത് പിന്നീട് മുതിര്‍ന്നവരെ എയര്‍ ലിഫ്റ്റ് ചെയ്യാനായിരുന്നു തീരുമാനം. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തിരിച്ചെത്തിയപ്പോഴേക്ക് വീട് പൂര്‍ണമായും വെള്ളത്തിലേക്ക് തകര്‍ന്ന് വീണിരുന്നു.