കോട്ടയം: കടന്നല്‍, തേനീച്ച എന്നിവയുടെ കുത്തേറ്റ് മരിച്ചാല്‍ അവകാശികള്‍ക്ക് വനംവകുപ്പ് നഷ്ടപരിഹാരം നല്‍കും. മരണം വനത്തിനുള്ളില്‍വെച്ചുള്ള ആക്രമണത്തിലാണെങ്കില്‍ 10 ലക്ഷം രൂപയും വനത്തിനുപുറത്തുവെച്ചെങ്കില്‍ രണ്ടുലക്ഷവും ലഭിക്കും. കഴിഞ്ഞവര്‍ഷംവരെ വന്യജീവി ആക്രമണപട്ടികയില്‍ കടന്നല്‍, തേനീച്ച ആക്രമണം ഉള്‍പ്പെടുത്തിയിരുന്നില്ല.

അതേസമയം വന്യജീവി ആക്രമണത്തില്‍ മരിക്കുന്നയാള്‍ വന്യജീവി സംരക്ഷണനിയമം 1972, കേരള വനനിയമം എന്നിവ പ്രകാരമുള്ള കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെടുകയോ ഉള്‍പ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല. സ്ഥിരം കുറ്റവാളിയല്ലെങ്കില്‍, വനം കുറ്റകൃത്യത്തിനിടയിലല്ലാതെയുള്ള വന്യജീവി ആക്രമണങ്ങളില്‍ തുക കിട്ടും.

ചികിത്സാസഹായവും നഷ്ടപരിഹാരവും

  • വനത്തിനുള്ളില്‍വെച്ച് പാമ്പുകടിയേറ്റ് മരിച്ചാല്‍ അവകാശികള്‍ക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ. വനത്തിനു പുറത്തുവെച്ചെങ്കില്‍ രണ്ടുലക്ഷം.
  • ആന, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ആക്രമണത്തില്‍ വനത്തിനുള്ളിലും പുറത്തുംവെച്ച് മരിച്ചാല്‍ അവകാശികള്‍ക്ക് പത്തുലക്ഷം രൂപ.
  • വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റാല്‍ ചികിത്സാധനസഹായമായി പരമാവധി ഒരു ലക്ഷം രൂപ. പട്ടികവര്‍ഗക്കാര്‍ക്ക് മുഴുവന്‍ ചികിത്സച്ചെലവും അനുവദിക്കും.
  • വന്യമൃഗ ആക്രമണത്തില്‍ അംഗവൈകല്യം സംഭവിച്ചാല്‍ രണ്ടുലക്ഷം രൂപവരെ സഹായം.
  • വീടുകള്‍, കുടിലുകള്‍, കൃഷി, കന്നുകാലികള്‍ എന്നിവയ്ക്കുനേരേയുള്ള വന്യജീവി ആക്രമണങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപവരെ.

അപേക്ഷ

വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റാല്‍ ആറുമാസത്തിനുള്ളിലും മരിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളിലും അപേക്ഷിക്കണം. ഇ-ഡിസ്ട്രിക്ട് മുഖേന ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കാണ് അപേക്ഷിക്കേണ്ടത്. ഇങ്ങനെ അപേക്ഷിക്കാന്‍ സാധിച്ചില്ലെങ്കില്‍ അക്ഷയ സെന്റര്‍ വഴിയും അപേക്ഷിക്കാം. ആശുപത്രി ബില്‍, ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ സമര്‍പ്പിക്കണം.

മരണമുണ്ടായാല്‍ വനം റെയിഞ്ച് ഓഫീസറുടെ ശുപാര്‍ശ ലഭിച്ച് 15 ദിവസത്തിനകം തുടരന്വേഷണം നടത്തണം. വില്ലേജ് ഓഫീസര്‍ നല്‍കുന്ന ബന്ധുത്വം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമ്പോള്‍ 50 ശതമാനം തുകയും അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഏഴുദിവസത്തിനകം ബാക്കി തുകയും നല്‍കും.