തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. സപ്ലൈകോ സിഎംഡി സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. ടൂറിസം ഡയറക്ടറായിരുന്ന പി ബി നൂഹാണ് പുതിയ സിവില്‍ സപ്ലൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറും. സിവില്‍ സപ്ലൈസ് ചെയര്‍മാന്റെയും സിഎംഡിയുടെയും പദവി ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് കേഡറിലെ അഡീഷണല്‍ സെക്രട്ടറിക്ക് തുല്യമാക്കി. ശ്രീറാമിനു പുതിയ നിയമനം നല്‍കിയിട്ടില്ല.

ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ശിഖ സുരേന്ദ്രനാണ് പുതിയ ടൂറിസം ഡയറക്ടര്‍. കെടിഡിസിയുടെ പൂര്‍ണ അധിക ചുമതലയും ശിഖ വഹിക്കും.

എറണാകുളം ജില്ല വികസന അതോറിറ്റി കമ്മീഷണര്‍ മാധവിക്കുട്ടി എം എസിനെ ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍ ഡയറക്ടറുടെ പൂര്‍ണ അധിക ചുമതല ഉണ്ടായിരിക്കും.

ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ കെ.മീരയ്ക്കാണ് എറണാകുളം ജില്ലാ വികസന കമ്മിഷണറുടെ അധിക ചുമതല. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ ഷാജി വി.നായര്‍ക്കു വൈറ്റില മൊബിലിറ്റി ഹബ് എംഡിയുടെ അധികച്ചുമതല നല്‍കി.