- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'റോയല്‍ ഡ്രൈവ്' ഷോറൂമില്‍ നടന്നത് 102 കോടിയുടെ കള്ളപ്പണ ഇടപാട്; സിനിമാതാരങ്ങള്‍ക്കും ക്രിക്കറ്റ് താരത്തിനും നോട്ടീസ്; മുജീബ് റഹ്മാന് കുരുക്കിലേക്ക്
കോഴിക്കോട്: പ്രീ ഓണ്‍ഡ് ലക്ഷ്വറി കാര്‍ റീറ്റെയില്‍ രംഗത്തെ വന്‍കിട കമ്പനിയായ റോയല്‍ ഡ്രൈവിന്റെ കേന്ദ്രങ്ങളില്‍ ആദായ നികുതി റെയ്ഡ് നടത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. റോയല്‍ ഡ്രൈവുമായി ഇടപെടു നടത്തിയ കൂടുതല്‍ പ്രമുഖര്‍ വെട്ടിലാകുമെന്നാണ് സൂചനകള്‍. യൂസ്ഡ് കാര്‍ ഷോറൂമില്‍ ആദായനികുതി വകുപ്പു നടത്തിയ റെയ്ഡില്‍ 102 കോടി രൂപയുടെ കള്ളപ്പണ ഇടപാടു കണ്ടെത്തിയിട്ടുണ്ട്.
മലപ്പുറം സ്വദേശി മുജീബ് റഹ്മാന്റെ ഉടമസ്ഥതയിലുള്ള 'റോയല്‍ ഡ്രൈവ്' എന്ന സ്ഥാപനത്തില്‍ ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷന് അന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണു തട്ടിപ്പു കണ്ടെത്തിയത്. സിനിമ, കായിക മേഖലകളിലെ ദേശീയ തലത്തിലെ പ്രമുഖര്‍ അടക്കമുള്ളവരുടെ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അവര്‍ക്കു നോട്ടിസ് അയയ്ക്കാന്‍ ആദായനികുതി വകുപ്പു തീരുമാനിച്ചു.
കാര്‍ ഷോറൂമിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ശാഖകളിലാണു രണ്ടു ദിവസമായി റെയ്ഡ് നടത്തിയത്. ഏതാനും മാസങ്ങളായി വന്‍ തുകകളുടെ ഇടപാടുകള്‍ നടക്കുന്നതു സംബന്ധിച്ചു സംശയം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. പ്രമുഖ താരങ്ങള്‍ ആഡംബര കാറുകള്‍ വാങ്ങി ഒന്നോ രണ്ടോ വര്‍ഷം ഉപയോഗിച്ച ശേഷം റോയല്‍ ഡ്രൈവിനു വില്പന നടത്തി പണം അക്കൗണ്ടില്‍ കാണിക്കാതെ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ നിന്നു കാറുകള്‍ വാങ്ങി കാറിന്റെ വില കള്ളപ്പണമായി നല്കിയതും കണ്ടെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളികള്‍ അടക്കമുള്ള പ്രമുഖ സിനിമാതാരങ്ങളും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിരവധി സിനിമാക്കാരുടെ ഇഷ്ടകേന്ദ്രമാണ് റോയല്‍ ഡ്രൈവ്. പല പ്രമുഖരും റോയല്‍ ഡ്രൈവില്‍ നിന്നും കാറുകള്‍ വാങ്ങിയിരുന്നു.
കാറുകളോടുള്ള ഭ്രമമാണ് മുജീബ് റഹ്മാനെ പ്രീ ഓണ്‍ഡ് അത്യാഡംബര കാറുകളുടെ റീട്ടെയ്ല്‍ വില്‍പ്പന രംഗത്തേക്ക് തിരിച്ചുവിട്ടത്. അത് വലിയ വഴിത്തിരിവാകുകയും, റോയല്‍ ഡ്രൈവ് 120 കോടിയുടെ വിറ്റുവരവുള്ള കമ്പനിയായി വളരുകയും ചെയ്തു. ഗള്‍ഫില്‍ അടക്കം മറ്റുവ്യവസായങ്ങളില് വ്യാപൃതനായിരുന്ന മുജീബ് ഏറെ നാള് പ്രീ ഓണ്‍ഡ് കാര്‍ വിപണി പഠിച്ച ശേഷമാണ് കളത്തിലേക്ക് ഇറങ്ങിയത്. തിരുവനന്തപുരത്ത് സമീപകാലത്ത് പുതിയ ഷോറൂം തുറന്നിരുന്നു. ലക്ഷ്വറി കാറുകള്‍ മാത്രമല്ല, ലക്ഷ്വറി ബൈക്കുകളും റോയല്‍ ഡ്രൈവിന്റെ ഷോറൂമുകളില്‍ ഉണ്ട്.
ആയിരം കോടി വില്‍പ്പന ലക്ഷ്യമിട്ട് മുന്നോട്ടു പോകവേയാണ റോയല്‍ ഡ്രൈവിന് ആദായ നികുതി വകുപ്പിന്റെ പൂട്ടു വീണിരിക്കുന്നത്.