- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്വാര്‍ട്ടേഴ്സ് ഒഴിപ്പിക്കുമെന്ന് ഉറപ്പായതോടെ ആത്മഹത്യാ ശ്രമം; അയിരൂരിലെ പഴയ എസ് എച്ച് ഒയുടെ നില ഗുരുതരം; ജയസനിലിന് സംഭവിച്ചത് എന്ത്?
തിരുവനന്തപുരം: അമിതമായ അളവില്‍ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പോലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട വര്‍ക്കല അയിരൂര്‍ സ്റ്റേഷനിലെ മുന്‍ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ ആര്. ജയസനിലിന്റെ നില ഗുരുതരമായി തുടരുന്നു.
പാളയം പൊലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ജയസനില്‍ പിരിച്ചുവിട്ട് ഒരുവര്‍ഷമാകുമ്പോഴും ഇവിടം ഒഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഇയാളെ ഫോണില്‍ കിട്ടാതായതോടെ ഭാര്യയാണ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മറ്റുള്ളവരെ വിവരമറിയിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. സര്‍വീസില്‍ നിന്നും പിരിച്ചുവിടപ്പെട്ടതിനെ തുടര്‍ന്ന് താമച്ചിരുന്ന പോലീസ് ക്വാര്‍ട്ടേഴ്സ് ഒഴിയാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അത് ജയസനില്‍ അംഗീകരിച്ചില്ല. പുതിയ പോലീസ് കമ്മീഷണര്‍ നടപടികള്‍ ത്വരിതപ്പെടുത്തി. ഇതാണ് ആത്മഹത്യാ ശ്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.
അച്ചടക്ക നടപടികളുടെ ഭാഗമായി സര്‍വീസില്‍നിന്നും പിരിച്ചുവിട്ട പോലീസുകാരനായിരുന്നു ജയസനില്‍. വാഗമണ്‍, അയിരൂര്‍ സ്റ്റേഷനുകളില്‍ എസ് എച്ച് ഒയായിരുന്നു ജയസനില്‍. അയിരൂര്‍ എസ് എച്ഛ് ഒ ആയിരിക്കെ മൂന്നു യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയിന്മേല് നടത്തിയ അന്വേഷണമാണ് ജയസനിലിന് ജോലി നഷ്ടമാക്കിയത്. ഞായറാഴ്ച രാത്രിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
റിസോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ വ്യാജ കേസ് ചമച്ച് അധികാര ദുര്‍വിനിയോഗം നടത്തിയതിനും ഗുരുതരമായ അച്ചടക്കലംഘനത്തിനുമാണ് ജയസനിലിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയത്. കസ്റ്റഡിയിലുള്ളയാളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുകയാണ് ജയസനില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ നേരത്തെ അയിരൂര്‍ സിഐ ആയിരിക്കെ ജയസനില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതിയെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ വിളിച്ചു വരുത്തി ലൈംഗീകമായി പീഡിപ്പിക്കുകയും പണം വാങ്ങുകയും ചെയ്തുവെന്നാണ് പരാതി.
റിസോര്‍ട്ട് ഉടമയില്‍ നിന്നും കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണത്തില്‍ സസ്പെന്‍ഷനിലായതിന് പിന്നാലെയാണ് ഈ പരാതിയും പുറത്തുവന്നത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവാണ് സിഐ ജയസനിലിനെതിരെ പരാതി നല്‍കിയത്. കേസെടുത്തതിന് പിന്നാലെ ഗള്‍ഫിലായിരുന്ന പ്രതിയെ ജയസനില്‍ നാട്ടിലേക്ക് വിളിച്ചു വരുത്തി. സഹോദരനൊപ്പം സ്റ്റേഷനില്‍ കാണാനെത്തിയ പ്രതിയോട് സഹകരിച്ചാല്‍ കേസില്‍ നിന്നും ഒഴിവാക്കാമെന്ന് ജയസനില്‍ പറഞ്ഞു. പിന്നീട് തന്റെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചു വരുത്തി അവിടെ വച്ച് പീഡിപ്പിച്ചുവെന്നും കേസ് അവസാനിപ്പിക്കാന്‍ 50000 രൂപ കൈക്കൂലി വാങ്ങിയെന്നുമായിരുന്നു കേസ്.
ഇതിനുപിന്നാലെ വാക്കുമാറ്റിയ സി.ഐ പോക്സോ കേസ് ചുമത്തി യുവാവിനെ ജയിലിലടച്ചു. കുറ്റപത്രവും സമര്‍പ്പിച്ചു. സിഐ പീഡിപ്പിച്ച വിവരം ഭാര്യയോട് വെളിപ്പെടുത്തിയ പോക്സോ കേസ് പ്രതി പിന്നീട് ജാമ്യഹര്‍ജിയുടെ ഭാഗമായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു. ജാമ്യം കിട്ടിയതിന് പിന്നാലെ അയിരൂര്‍ സ്റ്റേഷനിലെത്തി ഇയാള്‍ സിഐക്കെതിരെ പീഡനത്തിന് പരാതിയും നല്കി. ഇതാണ് ജയസനിലിന് കുരുക്കായി മാറിയത്.