വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തു നിന്നും പിന്‍മാറുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ജോ ബൈഡന്‍. പിന്‍മാറുന്ന പ്രശ്്‌നം ഉദിക്കുന്നില്ലെന്നാണ് ബൈഡന്റെ പക്ഷം. മത്സരിക്കാന്‍ താനാണ് ഏറ്റവും യോഗ്യനെന്ന് ജോ ബൈഡന്‍ ആവര്‍ത്തിച്ചു. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഡോണള്‍ഡ് ട്രംപുമായി നടന്ന സംവാദം ഒരു കറുത്ത അധ്യായമായി കരുതുന്നുവെന്നും രോഗബാധിതനായതിനാല്‍ ആ സമയത്ത് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചില്ലെന്നും എ.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ബൈഡന്‍ പറഞ്ഞു.

നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്തും. തനിക്കു മാത്രമേ അതിനു സാധിക്കുകയുള്ളൂ. ദൈവത്തിന് മാത്രമേ ഇനി തന്നെ മത്സരത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നും ബൈഡന്‍ പറഞ്ഞു. ഒരുതരത്തിലുമുള്ള ആരോഗ്യപ്രശ്‌നവും ഇപ്പോഴില്ല. മത്സരിക്കാന്‍ ഫിറ്റാണ്. ട്രംപുമായുള്ള സംവാദത്തിന്റെ തലേന്ന് നന്നേ ക്ഷീണിതനായിരുന്നു. സംവാദത്തിന് തയാറെടുക്കാന്‍ അത് ബാധിച്ചു. കടുത്ത ജലദോഷവും ഉണ്ടായിരുന്നു. ഡെമോക്രാറ്റ് നേതാക്കള്‍ മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. സംവാദത്തില്‍ ട്രംപ് 28 തവണ നുണ പറഞ്ഞതായും ബൈഡന്‍ അഭിമുഖത്തില്‍ എടുത്തു പറഞ്ഞു.

ട്രംപുമായുള്ള സംവാദത്തില്‍ പതറിപ്പോയ ബൈഡനെതിരെ വ്യാപക വിമര്‍ശനമാണുയര്‍ന്നത്. സംവാദത്തില്‍ അടഞ്ഞ ശബ്ദവും വാക്കുകള്‍ക്കായുള്ള തപ്പിത്തടയലും മൂര്‍ച്ചയില്ലാത്ത മറുപടികളും ചേഷ്ടകളും അദ്ദേഹത്തിന്റെ പ്രായാധിക്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. നവംബര്‍ അഞ്ചിനാണ് യു.എസ് തിരഞ്ഞെടുപ്പ്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ബൈഡന് 81 വയസ്സുണ്ട്.

ബൈഡനെ മാറ്റി കമല ഹാരിസിനെ സ്ഥാനാര്‍ഥിയാക്കണമെന്നും അവര്‍ക്കാണ് കൂടുതല്‍ വിജയസാധ്യതയെന്നും ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സി.എന്‍.എന്നാണ് ഇതുസംബന്ധിച്ച് സര്‍വേ നടത്തിയത്. ബൈഡന്‍ സ്ഥാനാര്‍ഥിയായി തുടരുന്നതില്‍ ഡെമോക്രാറ്റുകളില്‍ക്കിടയിലും എതിര്‍പ്പുകള്‍ ഉയരുന്നതിനിടെയാണ് പുതിയ സര്‍വേ പുറത്തുവന്നതും.

ട്രംപുമായുള്ള സംവാദത്തിന് ശേഷം ബൈഡന്റെ ജനപ്രീതി വന്‍തോതില്‍ ഇടിഞ്ഞിരുന്നു. ഇത് ബൈഡന്‍ അനുകൂലികളെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍ മത്സര രംഗത്തു നിന്നും സ്വമേധയാ പിന്‍മാറാന്‍ ബൈഡന്‍ ഒരുക്കമല്ല. ഈ സാഹചര്യത്തിലാണ് നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പേരും ഉയര്‍ന്നു വരുന്നത്. തമിഴ്നാട്ടില്‍ വേരുകളുള്ള വ്യക്തിയാണ് കമല.

സി.എന്‍.എന്നിന്റെ സര്‍വേ പ്രകാരം ട്രംപുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡന്‍ ആറ് പോയിന്റ് പിന്നിലാണ്. അതേസമയം, കമല ഹാരിസും ട്രംപും തമ്മിലുള്ള താരതമ്യത്തില്‍ വോട്ടര്‍മാരുടെ പിന്തുണയില്‍ ഇരുവര്‍ക്കുമിടയില്‍ നേരിയ വ്യത്യാസം മാത്രമേ ഉള്ളു. 47 ശതമാനം പേര്‍ ട്രംപിനെ പിന്തുണക്കുമ്പോള്‍ 45 ശതമാനത്തിന്റെ പിന്തുണ കമല ഹാരിസിനുമുണ്ട്.

സ്ത്രീവോട്ടര്‍മാരില്‍ 50 ശതമാനം പേരുടെ പിന്തുണ കമലഹാരിസിനുണ്ട്. എന്നാല്‍, സ്ഥാനാര്‍ഥിയായി ബൈഡനെത്തുകയാണെങ്കില്‍ ഡെമോക്രാറ്റുകള്‍ക്ക് കിട്ടുന്ന സ്ത്രീവോട്ടര്‍മാരുടെ പിന്തുണ 44 ശതമാനമായി ചുരുങ്ങും. നേരത്തെ ട്രംപുമായുള്ള സംവാദത്തിന് ശേഷം ബൈഡന്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ നിന്നും പിന്മാറണമെന്ന് ഡെമോക്രാറ്റുകള്‍ക്കിടയില്‍ നിന്നു തന്നെ ആവശ്യമുയര്‍ന്നിരുന്നു. സാധാരണ ഗതിയില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള സംവാദത്തിനു ശേഷം, ആരാണ് മികവ് പുലര്‍ത്തിയതെന്ന എപ്പോഴും ചര്‍ച്ചയാവാറുണ്ട്.

എന്നാല്‍ ഇത്തവണ നടന്ന സംഭവങ്ങള്‍ പലതും അസാധാരണമായി. ജോ ബൈഡന്റെ പ്രകടനത്തെ ചൊല്ലി സ്വന്തം പാര്‍ട്ടിയായ ഡെമോക്രാറ്റുകള്‍ക്കിടയില്‍ തന്നെ പൊട്ടിത്തെറിയുണ്ടായി.