തിരുവനന്തപുരം: പാറശ്ശാല കൂതാളി ഈശ്വര വിലാസം അപ്പര്‍ പ്രൈമറി സ്‌കൂളില്‍ വ്യാജ അറ്റന്റന്‍സ് ഉണ്ടാക്കി സര്‍ക്കാര്‍ ഗ്രാന്റുകളും, ഉച്ച കഞ്ഞി, കോവിഡ് മഹാമാരി അലവന്‍സുകളും അനധികൃതമായി നേടിയെടുത്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജ് എം.വി. രാജകുമാരയുടേതാണ് ഉത്തരവ്. 2020 മുതല്‍ 2024 വരെയുള്ള അധ്യയന വര്‍ഷങ്ങളില്‍ സ്‌കൂളിലെ മാനേജറും ഹെഡ് മിസ്ട്രസ് ചുമതലയുള്ള അധ്യാപികയും, ഉച്ച കഞ്ഞിയുടെ ചുമതലയുള്ള അധ്യാപകരും ചേര്‍ന്ന് ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ പേരില്‍ അറ്റന്റന്‍സ് വ്യാജമായി കെട്ടിച്ചമച്ച് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഗ്രാന്റിനത്തിന്‍ അനധികൃതമായി 65,000 രൂപ കൈപ്പറ്റിയെന്നുമാണ് ആരോപണം.

വ്യാജമായി കെട്ടിച്ചമച്ച രേഖകള്‍ ഉപയോഗിച്ച് സര്‍ക്കാരില്‍ നിന്നും അധിക തസ്തികയും നേടിയെടുത്തിരുന്നു. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് 3 മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.