- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിലക്കപ്പെട്ടവ മറച്ചുവയ്ക്കാമെന്ന് വിവരാവകാശ കമ്മിഷന്; അപ്പീലില്‍ നിയമോപദേശത്തിന് സര്‍ക്കാര്‍; ഹേമ കമ്മീഷന് റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടില്ല
തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന് റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ നിയമോപദേശം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ അപ്പീല്‍ സാധ്യതകള്‍ പരിശോധിക്കും. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.എ. അബ്ദുല്‍ ഹക്കീമിന്റേതാണ് ഉത്തരവ്. ആര്‍ടിഐ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴിച്ച് ഒരു വിവരവും മറച്ചുവയ്ക്കരുതെന്നും കമ്മിഷന് നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അപ്പീലിന് പോയാല്‍ റിപ്പോര്‍ട്ട് പുറത്തു വരുന്നത് വൈകും.
വിവരം പുറത്തുവിടുമ്പോള്‍ അവ റിപ്പോര്‍ട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കു കടക്കുന്നത് ആകരുത്. ഉത്തരവു പൂര്‍ണമായി നടപ്പാക്കിയെന്ന് ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ വിവാരവകാശ കമ്മീഷന് ഉത്തരവ് പ്രശ്നമുണ്ടാക്കില്ലെന്ന അഭിപ്രായവും സര്‍ക്കാര്‍ വൃത്തങ്ങളിലുണ്ട്. സൂപ്പര്‍ താരങ്ങളെ അടക്കം പ്രതികൂട്ടില്‍ നിര്‍ത്തുന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതെല്ലാം പുറത്തു പോകുന്നത് വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ വിലക്കപ്പെട്ട വിവരങ്ങള്‍ കൊടുക്കരുതെന്ന നിര്‍ദ്ദേശം ആശ്വാസമാകുന്നതാണ്.
2019 ഡിസംബര്‍ 31ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ അടക്കം വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു. നടി ശാരദ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷന് അംഗങ്ങള്‍. ഗുരുതരമായ ആരോപണങ്ങള്‍ പ്രമുഖ നടന്മാര്ക്കെതിരെ പോലും ഉയര്‍ന്നു. ഈ ആരോപണങ്ങളില്‍ സര്‍ക്കാര്‍ കേസെടുക്കാനോ അന്വേഷണം നടത്താനോ തീരുമാനിച്ചില്ല. ഈ സാഹചര്യത്തിലാണ് ഹേമാ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് ആവശ്യം ശക്തമായത്.
ഇതിനിടെയാണ് വിവരാവകാശ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ആര്.ടി.ഐ.(റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍) നിയമപ്രകാരം വിലക്കെപ്പട്ടവ ഒഴിച്ച് യാതൊന്നും മറച്ചുവയ്ക്കരുതെന്നും കമ്മിഷന് നിര്‍ദേശിച്ചതാണ് സര്‍ക്കാരിന് ആശ്വാസം. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മീഷന്.
സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്. 2017-ല്‍ നിയോഗിക്കപ്പെട്ട സമിതി ആറു മാസത്തിനകം പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറില്‍ കമ്മീഷന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
രണ്ടുവര്‍ഷം പിന്നിട്ടിട്ടും റിപ്പോര്ട്ടിന്മേല് ചര്‍ച്ചകള്‍ ഉണ്ടാവുകയോ നടപടികള്‍ എടുക്കുകയോ ചെയ്യുകയുണ്ടായിട്ടില്ല. മാത്രവുമല്ല, റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തയ്യാറായില്ല. സിനിമ മേഖലയിലെ സ്ത്രീകള്‍ ലൈംഗിക പീഡനം, തൊഴില്‍പരമായ വിവേചനം, ലിംഗവിവേചനം എന്നിവ നേരിടുന്നുണ്ടെന്നാണ് സൂചന.
സിനിമകളില്‍ അവസരം ലഭിക്കുന്നതിന് ലൈംഗികാവശ്യങ്ങള്‍ നിറവേറ്റി കൊടുക്കണമെന്ന സാഹചര്യം, ചിത്രീകരണ സ്ഥലത്ത് ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാവാത്ത അവസ്ഥ, അതിക്രമങ്ങള്‍ക്കൊപ്പം അശ്ലീല പദപ്രയോഗങ്ങള്‍ സ്ത്രീകള്‍ക്കെതിരെ ഉപയോഗിക്കുന്നു തുടങ്ങി സ്ത്രീ സുരക്ഷക്ക് ഭീഷണിയാവുന്ന കടുത്ത ചൂഷണങ്ങള്‍ കമ്മീഷന് കണ്ടെത്തിയിരുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റിക്കായി സര്‍ക്കാര്‍ ചെലവാക്കിയത് ഒരു കോടിക്ക് മുകളില്‍ തുകയാണെന്നതാണ് മറ്റൊരു വസ്തുത.
2017 ഫെബ്രുവരി 17 ന് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം തൊഴിലിടം എന്ന നിലയില്‍ ചലച്ചിത്രമേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകള്‍ ഉയര്‍ത്തിയിരുന്നു.