- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേമ പെന്‍ഷനിലെ കേന്ദ്രവിഹിതം മുടക്കി; സംസ്ഥാനത്തെ വലയ്ക്കുന്നുവെന്ന് ധനമന്ത്രി
തിരുവനന്തപുരം: ക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതം സംസ്ഥാനം നല്‍കിയിട്ടും പെന്‍ഷന്‍കാര്‍ക്ക് തുക കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. മുതിര്‍ന്നവര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട 6.88 ലക്ഷം പേര്‍ക്കാണ് ചെറിയ തോതില്‍ കേന്ദ്ര സഹായമുള്ളത്. അത് കേന്ദ്ര സര്‍ക്കാര്‍ മുടക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സഹായവും സംസ്ഥാനം മൂന്‍കൂറായി തുക നല്‍കിയത്. എന്നാല്‍, അതും പെന്‍ഷന്‍കാര്‍ക്ക് വിതരണം ചെയ്യാത്ത കേന്ദ്ര സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍കാരെ വലയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് 1600 രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ എല്ലാ മാസവും നല്‍കുന്നുണ്ട്. ഇതില്‍ 6.88 ലക്ഷം പേര്‍ക്കാണ് കേന്ദ്ര വിഹിതമുള്ളത്. അതും 200 രൂപ, 300 രൂപ, 500 രൂപ എന്നിങ്ങനെ തുക കേന്ദ്ര സര്‍ക്കാര്‍ വിഹിതമായി അനുവദിക്കേണ്ടത്. ഈ വിഹിതം മുടക്കുന്ന സാഹചര്യത്തില്‍, മുഴുവന്‍ തുകയും പെന്‍ഷന്‍കാര്‍ക്ക് അതാത് മാസം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനായി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂറായി പണം അനുവദിക്കുന്നു.
കേന്ദ്ര വിഹിതം വിതരണം ചെയ്യേണ്ടത് പിഎഫ്എംഎസ് (പബ്ലിക് ഫിനാന്‍സ് മാനേജുമെന്റ് സിസ്റ്റം) എന്ന കേന്ദ്ര സര്‍ക്കാര്‍ സംവിധാനം വഴിയാണ്. സാമൂഹ്യസുരക്ഷാ പെന്ഷന് അനുവദിക്കുമ്പോള്‍തന്നെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതവും പിഎഫ്എംഎസിന്റെ കേരളത്തിലെ യുണിറ്റ് അധികൃതര്‍ക്ക് കൈമാറുന്നുണ്ട്. എന്നാല്‍, ഗുണഭോക്താക്കളില്‍ വലിയ വിഭാഗത്തിനും ഈ തുക ലഭിക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ വിഹിതം മാത്രമാണ് ഇവരുടെ അക്കൗണ്ടുകളില്‍ എത്തുന്നത്.
ഇത്തരത്തില്‍ സാങ്കേതിക തകരാറിന്റെ പേരുപറഞ്ഞ് സംസ്ഥാനം നല്കിയ തുകയും കേന്ദ്രം കൃത്യമായി വിതരണം ചെയ്യാതെ പെന്‍ഷന്‍കാരെ ബുദ്ധിമുട്ടിക്കുകയാണ്. കേരളം തുക കൈമാറി ആഴ്ചകള്‍ കഴിഞ്ഞാലും പെന്‍ഷന്‍ക്കാര്‍ക്ക് അത് എത്തിക്കാന്‍ പിഎഫ്എംഎസ് സംവിധാനത്തിന് കഴിയുന്നില്ല. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഈ തുക കുറച്ചാണ് പെന്ഷന് വിതരണം ചെയ്യുന്നതെന്ന് പ്രചരിപ്പിക്കാന്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ശ്രമങ്ങളുമുണ്ടാകുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നുമുതലാണ് ക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് എന്ന നെറ്റ്വര്‍ക്ക് വഴി ആക്കണമെന്ന നിര്‍ദേശം വന്നത്. ഇല്ലെങ്കില്‍ കേന്ദ്രം വിഹിതം നിഷേധിക്കുമെന്ന അറിയിപ്പുമുണ്ടായി. ഇതനുസരിച്ച് കേന്ദ്ര വിഹിതം എല്ലാ മാസവും ഈ സംവിധാനംവഴി ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ എത്തിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ വിഹിതം കൃത്യമായി ലഭിക്കാത്ത സ്ഥിതിയായി.
ഈ സാഹചര്യത്തിലാണ് പെന്‍ഷന്‍കാരുടെ പ്രയാസങ്ങള്‍ കുറയ്ക്കാനായി ഈ തുകയും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂറായി നാല്കാന് തീരുമാനിച്ചത്. പലപ്പോഴും വായ്പ എടുക്കുന്ന പണമാണ് ഇത്തരത്തില്‍ കേന്ദ്ര വിഹിതം വിതരണം ചെയ്യാനായി കൈമാറുന്നത്. നിലവില്‍ സംസ്ഥാനത്ത് അഞ്ചിനം സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളാണുള്ളത്. ഇതില്‍ വാര്‍ദ്ധക്യകാല, വിധവാ പെന്ഷന്, വികലാംഗ പെന്ഷന് ഗുണഭോക്താക്കളിലെ 6.88 ലക്ഷം പേര്‍ക്കാണ് കേന്ദ്ര സഹായം ലഭിക്കേണ്ടത്.
ഇത് കൃത്യമായി നല്കാത്തതിനാല് 200 മുതല്‍ 500 രൂപവരെ പ്രതിമാസ പെന്‍ഷനില്‍ കുറയുന്നത് മൂലമുള്ള പ്രയാസങ്ങള്‍ ഒഴിവാക്കാനാണ് സംസ്ഥാനം മുന്‍കൂറായി തുക നല്‍കുന്നതും, തുടര്‍ന്ന് റീ-ഇമ്പേഴ്സ്മെന്റിനായി കേന്ദ്രത്തെ സമീപിക്കുന്നതും. ഇത്തരത്തില്‍ 2021 ജനുവരി മുതല്‍ സംസ്ഥാനം നല്കിയ കേന്ദ്ര വിഹിതം കുടിശികയായിരുന്നു. ഇത് ലഭ്യമാക്കണമെന്ന് സംസ്ഥാനം നിരവധി തവണ ആവശ്യപ്പെട്ടു. തുടര്‍ന്ന് 2023 ജൂണ്‍ വരെയുള്ള കേന്ദ്ര വിഹിതമായ 602.14 കോടി രൂപ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ഇതിനുശേഷമുള്ള മാസങ്ങളിലെ തുക ലഭിച്ചിട്ടുമില്ല.