- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴക്കുഴി എടുക്കുമ്പോള്‍ കുടം തെളിഞ്ഞു; ബോംബ് എന്ന് കരുതി ദൂരേക്ക് എറിഞ്ഞത് കണ്ണൂരിലെ രാഷ്ട്രീയം അറിയാവുന്നവര്‍; ചെങ്ങളായിയില്‍ നിധി തെളിഞ്ഞ കഥ
കണ്ണൂര്‍: കണ്ണൂര്‍ ചെങ്ങളായിയില്‍ നിധിയും. ബോംബെന്നു കരുതി പേടിച്ച് വലിച്ചെറിഞ്ഞതാണ് ആ പാത്രം. കണ്ണൂരിലെ സമകാലിക സംഭവങ്ങള്‍ കാരണമായിരുന്നു ആ പാത്രം ബോംബായിരിക്കുമെന്ന് കരുതിയത്. എറിഞ്ഞപ്പോള്‍ പാത്രം പൊട്ടി. സ്ഫോടന ശബ്ദം പ്രതീക്ഷിച്ചു. എന്നാല്‍ പാത്രം പൊട്ടിയപ്പോള്‍ പുറത്തു വന്നത് നിധിയും. ഈ നിധിയില്‍ പുരാവസ്തു വകുപ്പ് വിശദ അന്വേഷണം നടത്തും.
17 മുത്തുമണികള്‍, 13 സ്വര്‍ണ പതക്കങ്ങള്‍, കാശുമാലയുടെ ഭാഗമെന്നു കരുതുന്ന 4 പതക്കങ്ങള്‍, പഴയകാലത്തെ 5 മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, ഒട്ടേറെ വെള്ളിനാണയങ്ങള്‍ എന്നിവയാണ് കിട്ടിയത്. കിട്ടിയ നിധി എന്തു ചെയ്യണമെന്നതിലും തൊഴിലുറപ്പു തൊഴിലാളികളായ അവര്‍ക്ക് സംശയമൊന്നുമുണ്ടായില്ല. പഞ്ചായത്തിലറിയിച്ച് പൊലീസിനു കൈമാറി. അങ്ങനെ ചേലോറ സുലോചനയും കൂട്ടരും കൈയ്യില്‍ കിട്ടിയത് സര്‍ക്കാരിന് നല്കി.
കണ്ണൂര്‍ ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ. എല്‍പി സ്കൂളിനടുത്തു സ്വകാര്യ ഭൂമിയില്‍ മഴക്കുഴി എടുത്തു കൊണ്ടിരിക്കെയാണ് ചേലോറ സുലോചനയുടെ നേതൃത്വത്തിലുള്ള 18 തൊഴിലാളികള്‍ക്ക് നിധി ലഭിച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയിലും ഒളിച്ചുവച്ച നിലയിലും ജില്ലയില്‍ ബോംബുകള്‍ കണ്ണൂരില്‍ വാര്‍ത്തയാകുന്ന കാലം. അതുകൊണ്ടു തന്നെ നിധിയേയും അങ്ങനെ അവര്‍ കരുതി. ബോംബെന്ന ഭയത്തിലാണ് വലിച്ചെറിഞ്ഞത്.
നിധിയാണെന്നു തിരിച്ചറിഞ്ഞതോടെ ഇവര്‍ ചെങ്ങളായി പഞ്ചായത്ത് ഓഫിസില്‍ വിവരമറിയിക്കുകയും പൊലീസെത്തി ഏറ്റുവാങ്ങുകയും ചെയ്തു. പൊലീസ് നിധി തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി. പുരാവസ്തു വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. നിധിയിലെ നാണയങ്ങളില്‍ വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല. നാണയങ്ങള്‍ പരിശോധിച്ചു പഴക്കം നിര്‍ണയിക്കാമെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ.ദിനേശന് പറഞ്ഞു.
ക്ഷേത്രങ്ങളിലും തറവാടുകളുടെ പടിഞ്ഞാറ്റകളിലും സൂക്ഷിക്കുന്ന മൂലഭണ്ഡാരത്തിന്റെ മാതൃകയാണ് പാത്രത്തിന്. ഇത്തരം ഭണ്ഡാരങ്ങളില് ആഭരണങ്ങളും പണവും സൂക്ഷിക്കാറുണ്ട്. മോഷ്ടിക്കപ്പെടാതിരിക്കാന് പഴമക്കാര്‍ ഒളിപ്പിച്ചതാകാനും സാധ്യതയുണ്ട്. സ്വര്‍ണം പൂശിയതാണോയെന്നും വ്യക്തമല്ല. വിശദ പരിശോധന നടത്തി നിധിയുടെ മൂല്യം കണ്ടെത്തും.
കണ്ണൂര്‍ ചെങ്ങളായിയില്‍ റബര്‍ തോട്ടത്തില്‍ നിന്നാണ് നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയത്. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം കണ്ടെത്തിയത്. ലഭിച്ച വസ്തുക്കള്‍ അടങ്ങിയ കുടം തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.