ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ഇ.ഡി.അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഹര്‍ജിയിലെ നിയമവിഷയങ്ങള്‍ മൂന്നംഗ ബഞ്ചിന് വിട്ടു. രണ്ടംഗ ബഞ്ചിന് തീരുമാനമെടുക്കാന്‍ കഴിയുന്ന കാര്യങ്ങളല്ലെന്ന് പറഞ്ഞാണ് വിഷയം മൂന്നംഗ ബഞ്ചിന് വിടുന്നത്. ഇതേ കേസില്‍ സിബിഐയും കെജ്രിവാളിനെ അറസ്റ്റു ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇടക്കാല ജാമ്യം ഇഡി കേസില്‍ കിട്ടിയാലും കെജ്രിവാളിന് ഇന്ന് പുറത്തിറങ്ങാന്‍ കഴിയുമോ എന്ന് വ്യക്തമല്ല. ആ കേസിലും കെജ്രിവാളിന് ജാമ്യം അനിവാര്യതയാണ്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ചാണ് ഇടക്കാല ജാമ്യം നല്‍കിയത്. കേസില്‍ വാദം പൂര്‍ത്തിയായ ശേഷം മെയ് 17 നാണ് വിധി പറയാന്‍ മാറ്റിയത്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമോ എന്ന് കെജ്രിവാള്‍ നിശ്ചയിക്കട്ടേ എന്നും സുപ്രീംകോടതി വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയോടെ സ്ഥാനമൊഴിയാന്‍ പറയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

'പിഎംഎല്‍എ പ്രകാരം കെജ്രിവാളിന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടാല്‍, അത് രാജ്യത്തുടനീളം പ്രതിഫലനമുണ്ടാക്കും. അതുകൊണ്ടാണ് വിശദ പരിശോധനയ്ക്ക് മൂന്നംഗ ബഞ്ചിനെ ചുമതലപ്പെടുത്തുന്നത്. കെജ്രിവാളിന് ഇടക്കാല ജാമ്യം സുപ്രീംകോടതി നല്‍കുന്നത് ആംആദ്മിയ്ക്കും കെജ്രിവാളിനും താല്‍കാലിക ആശ്വാസമാണ്.

ഈ കേസിന്റെ വാദത്തിനിടെ കെജരിവാളിന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. കഴിഞ്ഞ മെയ് മാസം കേസില്‍ വാദം പൂര്‍ത്തിയാക്കി കോടതി വിധി പറയാന്‍ മാറ്റിയിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് കെജരിവാളിന്റെ വാദം.