കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ നാലുനിലക്കെട്ടിടത്തില്‍ തീപ്പിടിത്തം. ജയില്‍ റോഡിലെ മെയോണ്‍ ബില്‍ഡിങ്ങിലാണ് ശനിയാഴ്ച രാത്രി 12 മണിയോടെ തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ നാലാംനിലയില്‍നിന്നാണ് തീ ഉയര്‍ന്നത്. റോഡിലൂടെ പോകുന്നവരാണ് പുകയുയരുന്നതുകണ്ടത്. ഉടന്‍ പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു.

പുകയുയരുന്നതു കണ്ടപ്പോള്‍ത്തന്നെ പോലീസ് കെ.എസ്.ഇ.ബി.യില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വൈദ്യുതി വിച്ഛേദിച്ചു. കസബ പോലീസും ബീച്ച് ഫയര്‍ യൂണിറ്റുമാണ് ആദ്യമെത്തിയത്. പിന്നീട് മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍നിന്ന് യുണിറ്റുകളെത്തി. ഈ ബില്‍ഡിങ്ങില്‍ മിക്കതും മരുന്നിന്റെ ഹോള്‍സെയില്‍ കടകളാണ്. തീപിടിക്കാന്‍ സാധ്യതയുള്ള മരുന്നുകള്‍ കെട്ടിടത്തില്‍ എവിടെയൊക്കെയാണ് ഉള്ളതെന്ന് ഉടമകള്‍ പോലീസിനെ അറിയിച്ചു.

ഫയര്‍ ഫോഴ്സ് തീയണയ്ക്കുന്നതിനിടെ ഉഗ്രശബ്ദത്തോടെയും പൊട്ടലോടെയും തീ ഉയരുകയായിരുന്നു. തൊട്ടടുത്ത കെട്ടിടത്തില്‍നിന്നാണ് വെള്ളമടിച്ചത്. കെട്ടിടത്തിന്റെ പുറകുവശത്തുനിന്നാണ് തീയുയര്‍ന്നത്. എന്താണ് സംഭവിച്ചതെന്നറിയണമെങ്കില്‍ വ്യക്തമായ പരിശോധന ആവശ്യമാണെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.