തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് 19 താരങ്ങളെ സ്വന്തമാക്കി. ഐപിഎല്‍ താരവും കേരള രഞ്ജി പ്ലയറുമായ സച്ചിന്‍ ബേബി ഐക്കണ്‍ പ്ലെയറായി ടീമിന്റെ ഭാഗമായിരുന്നു. 35 ലക്ഷം രൂപയായിരുന്നു ഓരോ ഫ്രഞ്ചേസിക്കും ചിലവഴിക്കാവുന്ന തുക.

സച്ചിന് പുറമെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായിരുന്ന ഫാസ്റ്റ് ബൗളര്‍ കെ എം ആസിഫ്, രാജസ്ഥാന്‍ റോയല്‍സ് താരം എസ് മിഥുന്‍ എന്നിവരും ടീമിലെത്തി. 5.20 ലക്ഷം രൂപയ്ക്കാണ് ആസിഫ് ടീമില്‍ എത്തിയത്. ടീമിലെ ഏറ്റവും വില കൂടിയ താരവും ആസിഫ് ആണ്. 3.20 ലക്ഷത്തിനാണ് മിഥുനെ ടീം സ്വന്തമാക്കിയത്.

വിക്കറ്റ് കീപ്പര്‍മാരായി അര്‍ജുന്‍ എ കെ (1.90 ലക്ഷം), മുന്‍ രഞ്ജി താരം സി എം തേജസ് (60,000), ഭരത് സൂര്യ (50,000), ബാറ്റര്‍മാരായി കേരള രഞ്ജി താരം വത്സല്‍ ഗോവിന്ദ് (3.20 ലക്ഷം ), അഭിഷേക് ജെ നായര്‍ (1.70 ലക്ഷം), രാഹുല്‍ ശര്‍മ (1.10 ലക്ഷം), അനന്ദു സുനില്‍ (95,000), അരുണ്‍ പൗലോസ് (1.20 ലക്ഷം), മുഹമ്മദ് ഷാനു (50,000), ഫാസ്റ്റ് ബൗളേഴ്സ് ബേസില്‍ എന്‍ പി (3.40 ലക്ഷം ), പവന്‍ രാജ് (2.90 ലക്ഷം), സ്പിന്നര്‍മാരായ ബിജു നാരായണന്‍ (1 ലക്ഷം), വിജയ് വിശ്വനാഥ് (1 ലക്ഷം ) അമല്‍ രമേശ് (80,000), ഓള്‍ റൗണ്ടേഴ്‌സ് ശറഫുദ്ധീന്‍ (4 ലക്ഷം), അമല്‍ എ ജി (50,000), ആഷിക് മുഹമ്മദ് (70,000) എന്നിവരെയാണ് താര ലേലത്തില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് സ്വന്തമാക്കിയത്.

ടീം ഉടമ സര്‍ സോഹന്‍ റോയ്, ടീം അംബാസിഡര്‍ മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്, ടീം സിഇഒ ഡോ. എന്‍ പ്രഭിരാജ്, ടീം മുഖ്യ പരിശീലകന്‍ വി എ ജഗദീഷ്, വീഡിയോ അനലിസ്റ്റ് ആരോണ്‍ ജോര്‍ജ്, ബേസില്‍ എന്നിവര്‍ താര ലേലത്തില്‍ പങ്കെടുത്തു.