വയനാട്: മോഹന്‍ലാല്‍ ദുരന്തബാധിതരെ കണ്ട് ആശ്വസിപ്പിച്ചു. അതിന് ശേഷം മൂന്നു കോടിയുടെ സഹായവും പ്രഖ്യാപിച്ചു. രക്ഷാ ദൗത്യത്തിലുള്ള സൈനികര്‍ക്കും മോഹന്‍ലാലിന്റെ വരവ് പ്രതീക്ഷയും കരുത്തുമായി. പക്ഷേ സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാലിന്റെ സന്ദര്‍ശനത്തില്‍ ചിലര്‍ ചീപ്പ് ഷോ കാണുന്നു, അവര്‍ക്കായി സന്ദീപ് ദാസ് എഴുതിയ കുറിപ്പ് വൈറലാകുകയാണ്.

സന്ദീപ് ദാസിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

വയനാടിന്റെ മണ്ണില്‍ മോഹന്‍ലാലിനെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമാണ് തോന്നിയത്. പക്ഷേ സോഷ്യല്‍ മീഡിയയിലെ ചിലര്‍ ലാലിനെ വെറുപ്പുകൊണ്ട് പൊതിയുകയാണ്. ലാല്‍ കാണിക്കുന്നത് "ചീപ്പ് ഷോ" ആണെന്ന് കുറേപ്പേര്‍ അഭിപ്രായപ്പെടുന്നു. ലാലിന്റെ പട്ടാള യൂണിഫോമില്‍ ചെളി പുരണ്ടില്ല എന്ന് ചിലര്‍ വിമര്‍ശിക്കുന്നു! "ഇയാള്‍ അവിടെപ്പോയിട്ട് എന്ത് കാട്ടാനാണ് " എന്ന ചോദ്യം ഉന്നയിക്കുന്നു!
മോഹന്‍ലാലിന് മറ്റുള്ള സൈനികരെപ്പോലെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. കണ്ണുനീര്‍കൊണ്ട് പ്രളയമുണ്ടായ പ്രദേശത്ത് ഒരു ചെറുപുഞ്ചിരി വിരിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാല്‍ വയനാട് സന്ദര്‍ശിച്ചത്. അതിനെ പോസിറ്റീവ് ആയിട്ടല്ലേ സമീപിക്കേണ്ടത്?

ദുരന്തഭൂമിയില്‍നിന്നുള്ള ഒരു ഫോട്ടോ കഴിഞ്ഞദിവസം കണ്ടിരുന്നു. ഒരു ചെറിയ വീടിന്റെ ഉമ്മറത്ത് ഒരു കൂട്ടം ജവാന്‍മാര്‍ ഇരുന്നുകൊണ്ട് ഉറങ്ങുന്ന കാഴ്ച്ച! വയനാട്ടിലുള്ള ആര്‍മി ഉദ്യോഗസ്ഥര്‍ നേരേചൊവ്വേ നീണ്ട് നിവര്‍ന്ന് കിടന്നിട്ടുതന്നെ ദിവസങ്ങളായിട്ടുണ്ടാകും! അത്ര വലിയ കഷ്ടപ്പാടുകളാണ് അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. രണ്ടായിരത്തോളം ആളുകളാണ് വയനാടിന്റെ മുക്തിയ്ക്കുവേണ്ടി പ്രയത്‌നിക്കുന്നത്. സൈനികരും മറ്റുള്ള ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും സാധാരണക്കാരുമെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരുന്നുണ്ട്. അവര്‍ക്ക് ഊര്‍ജ്ജം പകരാന്‍ മോഹന്‍ലാലിന്റെ വരവിന് സാധിക്കും. മലയാളികള്‍ക്ക് അദ്ദേഹം ഒരു കുടുംബാംഗത്തെപ്പോലെയാണ്.

ഈ ദുരന്തത്തില്‍ മുന്നൂറിലധികം പേര്‍ മരിച്ചുകഴിഞ്ഞു. ഇരുനൂറിലധികം മനുഷ്യരെ ഇനിയും കണ്ടെത്താനുണ്ട്. അവരുടെ ബന്ധുക്കളെ എങ്ങനെ ആശ്വസിപ്പിക്കും എന്ന് ആലോചിച്ച് നാം ഇപ്പോഴും വിഷമിക്കുകയാണ്.
ആ സാധുക്കളെ കാണാനാണ് മോഹന്‍ലാല്‍ പോയത്. അവരുടെ ദുഃഖം പൂര്‍ണ്ണമായും മാറ്റാന്‍ അദ്ദേഹത്തിന് കഴിയില്ലായിരിക്കും. പക്ഷേ അവര്‍ക്ക് ചെറിയൊരു ആശ്വാസം പകരാന്‍ ലാലിന് സാധിക്കും. അത് വലിയൊരു കാര്യം തന്നെയാണ്.
വയനാടിന്റെ അതിജീവനത്തിനുവേണ്ടി ലാല്‍ 25 ലക്ഷം രൂപ നല്‍കിയിരുന്നു എന്ന കാര്യവും മറക്കരുത്. എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം മാതൃകയാവുകയാണ്.

മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചപ്പോള്‍ ആളുകള്‍ കോപാകുലരാകുന്നു. അദ്ദേഹം അവിടെ പോയില്ലായിരുന്നുവെങ്കില്‍ മറ്റൊരു തരത്തില്‍ വിമര്‍ശനം ഉയരുമായിരുന്നു. "ഇയാള്‍ക്ക് എന്തിനാണ് കേണല്‍ പദവി കൊടുത്തത് " എന്ന് പലരും ചോദിക്കുമായിരുന്നു! ലാല്‍ എന്ത് ചെയ്താലും അതില്‍ കുറ്റങ്ങള്‍ കണ്ടെത്തുന്ന പ്രവണത ശരിയല്ല. മോഹന്‍ലാലിനെ കണ്ടപ്പോള്‍ വയനാട്ടിലെ ആളുകള്‍ ചെറുതായിട്ടെങ്കിലും ഒന്ന് ചിരിക്കുന്നുണ്ട്. ലാലിനോട് ഐക്യപ്പെടാന്‍ എനിക്ക് അത് മാത്രം മതിയാകും…!

Written by-Sandeep Das