കോന്നി: കൂടല്‍ പാക്കണ്ടത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. രാവിലെ എട്ടിന് റബര്‍ത്തോട്ടത്തിലുണ്ടായിരുന്ന ടാപ്പിങ് തൊഴിലാളിയാണ് പുലിയെ കണ്ടത്. നടുവത്തുമുഴി ഫോറസ്റ്റ് റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷന്‍ നിന്ന് വനപാലകര്‍ എത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല.

തിങ്കളാഴ്ച വൈകിട്ട് 6.30ന് പാക്കണ്ടത്ത് പാറയുടെ മുകളില്‍ പുലി നില്‍ക്കുന്ന ദൃശ്യം നാട്ടുകാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. പാക്കണ്ടം നിരവേല്‍ മനോജിന്റെ ഭാര്യയും മകനുമാണ് പുലിയെ കണ്ടത്. കൂടല്‍ രാക്ഷസന്‍ പാറയുടെ ഭാഗമായ ആനപ്പാറയുടെ മുകളില്‍ പുലി നില്‍ക്കുന്ന വീഡിയോ ദൃശ്യമാണ് ലഭ്യമായത്.

തുടര്‍ന്ന് നടുവത്തുമൂഴി റേഞ്ചിലെ വനപാലകസംഘവും കോന്നിയില്‍ നിന്ന് എത്തിയ സ്ട്രൈക്കിങ് ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. പാറയുടെ മുകളില്‍ ക്യാമറ സ്ഥാപിച്ചു. പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.