ഇരിട്ടി: ജോലിക്കിടെ കാക്കയങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഗ്രേഡ് വണ്‍ ലൈന്‍മാന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. വട്ടക്കയം എളമ്പയിലെ സജിന നിവാസില്‍ വി.വി.സന്തോഷ് (50) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30-ഓടെ തില്ലങ്കേരി കാവുംപടി അങ്കണവാടിക്ക് സമീപമായിരുന്നു അപകടം. ലൈന്‍ ഓഫ് ചെയ്ത് തൂണില്‍ കയറി ജോലിചെയ്യുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. അസ്വാഭാവികമായ ശബ്ദം കേട്ട് തൂണിന് കീഴെ റോഡിലുണ്ടായിരുന്ന സഹജീവനക്കാര്‍ മുകളിലേക്ക് നോക്കേവെ സന്തോഷ് ലൈനില്‍ കുടുങ്ങിയ നിലയിലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ തില്ലങ്കേരിയിലുണ്ടായിരുന്ന ക്രെയിനെത്തിച്ച് സന്തോഷിനെ താഴെയിറക്കി ഇരിട്ടി സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ലൈന്‍ ഓഫ് ചെയ്താണ് പ്രവൃത്തി നടത്തിയതെന്നും ലൈനില്‍ വൈദ്യുതി എങ്ങനെയെത്തിയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും വൈദ്യുതി ബോര്‍ഡ് കാക്കയങ്ങാട് സെക്ഷന്‍ അസി. എന്‍ജിനീയര്‍ കെ.കെ.പ്രമോദ്കുമാര്‍ പറഞ്ഞു. മുഴക്കുന്ന് പോലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിലേക്ക് മാറ്റി. നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ആസ്പത്രിയിലെത്തി.

മട്ടന്നൂര്‍ മുതലക്കലിലെ പുതുക്കളത്തില്‍ ഹൗസില്‍ സി.കുഞ്ഞിരാമന്റെയും വി.വി.കൗസല്യയുടെയും മകനാണ്. ഭാര്യ: സജിനി. മക്കള്‍: ദേവനന്ദ, വൈഗ (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ബാബു, സുഭാഷ് (ഇരുവരും ഓട്ടോ ഡ്രൈവര്‍മാര്‍), സുമിത്ര, അനുപമ.