കോഴിക്കോട്: പാര്‍ട്ടിയില്‍ തെറ്റായ ഒരു പ്രവണതയേയും വെച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തെറ്റായ പ്രവണതകളും രീതികളും പാര്‍ട്ടിയിലെ ഏത് ഘടകത്തിലായാവും അംഗീകരിക്കില്ലെന്നും തെറ്റായ നിലപാട് സ്വീകരിച്ചവര്‍ക്ക് പാര്‍ട്ടിയില്‍ പിന്നെ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിലെ സി.ജി. അനുസമരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ പ്രവണതയും രീതിയും അംഗീകരിക്കില്ല. അത് പാര്‍ട്ടിയുടെ മേലേ മുതല്‍ താഴെ വരെ ഏത് ഭാഗത്തായാലും തൃശ്ശൂരിലോ കണ്ണൂരിലോ കോഴിക്കോട്ടോ ആയാലും ചെറുത്ത് പരാജയപ്പെടുത്തുമെന്നും വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങള്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ള മുഴുവന്‍ ബാധ്യതയും ഇടതുപക്ഷ മുന്നണിക്ക് കൈകാര്യം ചെയ്ത് മുന്നോട്ടുപോകേണ്ടി വരും. സര്‍ക്കാര്‍ ആ നിലപാട് സ്വീകരിക്കും. സര്‍ക്കാരും പാര്‍ട്ടിയും ചേര്‍ന്ന് ഇത്തരത്തിലുള്ള വര്‍ഗ കാഴ്ചപ്പാടോടുകൂടി കേരളത്തെ മുന്നോട്ടു നയിക്കും. അതിനാവശ്യമായ പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് ജനങ്ങളിലേക്ക് കടന്ന് ജനങ്ങളില്‍നിന്ന് പഠിക്കും, ഗോവിന്ദന്‍ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താല്‍ക്കാലികമായി എങ്കിലും ബിജെപി ഭരണത്തില്‍ വരാന്‍ കാരണം കോണ്‍ഗ്രസ് ആണന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യ സഖ്യത്തെ ഗൗരവത്തോടെ ഒന്നിച്ച് മുന്നോട്ടു കൊണ്ടുപോയിരുന്നെങ്കില്‍ ഇന്ത്യ മുന്നണിക്ക് അധികാരത്തില്‍ വരാന്‍ കഴിയുമായിരുന്നു. ബിജെപി വിരുദ്ധ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് കരുതി കേരളത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്‌തെന്നും സര്‍ക്കാറിന്റെ സാമ്പത്തിക പ്രശ്‌നങ്ങളും സിപിഎമ്മിന് വോട്ട് കുറയാന്‍ കാരണമായെന്നും ?ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്ക് എതിരായി കരുതിക്കൂട്ടിയുള്ള പ്രചാരവേല നടത്തുന്നതായി അദ്ദേഹം ആരോപിച്ചു. സിപി എം ഓഫീസുകള്‍ക്ക് സ്വന്തമായി ഭൂമിയും കെട്ടിടവും ഉണ്ട്. കരുവന്നൂരിനെ ചാരി സിപിഎമ്മിനെ വേട്ടയാടുന്നു. ഇഡി നടപടിയെ നിയമപരമായി നേരിടും. ഓഫീസുകള്‍ കണ്ടുകെട്ടാന്‍ ആര്‍ക്കും ആകില്ല. ജനങ്ങളുടെ ചിലവിലാണ് കെട്ടിടം നിര്‍മിച്ചതെന്നും കള്ളന്‍മാരുടെ പൈസ കൊണ്ടല്ലന്നും അദ്ദേഹം പറഞ്ഞു.