കൊല്ലം: കരുനാഗപ്പള്ളിയില്‍ പത്തു വയസ്സുകാരിയെ പിന്തുടര്‍ന്ന് വീട്ടിലെത്തി ലൈംഗിക അതിക്രമം നടത്തിയ 44 വയസുകാരന്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി തഴവ കുറ്റിപ്പുറം സ്വദേശി നൗഷാദാണ് പിടിയിലായത്. മതപാഠശാലയിലെ അധ്യാപകനായ പ്രതി പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന് വീട്ടിലെത്തുകയും ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു ഇത്. എന്നാല്‍ ഉടന്‍ തന്നെ കുട്ടി പ്രതിയെ വീടിന് പുറത്താക്കി കതകടച്ച് രക്ഷപെടുകയായിരുന്നു.

സംഭവം കുട്ടി സ്‌കൂളിലെ അധ്യാപികയോടാണ് പറഞ്ഞത്. തുടര്‍ന്ന് സ്‌കൂളിലെ കൗണ്‍സിലിങിന് ശേഷം പൊലീസില്‍ വിവരം അറിയിച്ചു. കരുനാഗപ്പള്ളി പൊലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ നൗഷാദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസ് ഇന്‍സ്പെക്ടര്‍ നിസാമുദീന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ഷമീര്‍, റഹീം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹാഷിം, സീമ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.