പോര്‍ബന്തര്‍: തീരരക്ഷാസേനയുടെ ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ അറബിക്കടലില്‍ തകര്‍ന്നുവീണു. ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തിന് സമീപമാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന മലയാളി പൈലറ്റ് മരിച്ചു. മാവേലിക്കര കണ്ടിയൂര്‍ പറക്കടവ് നന്ദനം വീട്ടില്‍ വിപിന്‍ ബാബു (39) ആണ് മരിച്ചത്. കോസ്റ്റ് ഗാര്‍ഡ് സീനിയര്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ആണ് വിപിന്‍ ബാബു.

രണ്ടു പൈലറ്റുമാരടക്കം നാലുപേരാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഒരാള്‍ രക്ഷപ്പെട്ടു. അറബിക്കടലില്‍ കാണാതായ രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.പോര്‍ബന്തറില്‍നിന്നു അഹമ്മദാബാദില്‍ എത്തിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബുധനാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ കൊണ്ടുവരും. സംസ്‌കാരം ഒന്നിനു വീട്ടുവളപ്പില്‍ നടക്കും.

വ്യോമസേന റിട്ട. ഉദ്യോഗസ്ഥന്‍ പരേതനായ ആര്‍.സി. ബാബുവിന്റെയും ശ്രീലതാ ബാബുവിന്റെയും മകനാണ് വിപിന്‍ബാബു. ഭാര്യ: പാലക്കാട് പുത്തന്‍വീട്ടില്‍ മേജര്‍ ശില്പ (മിലിറ്ററി നഴ്സ്, ഡല്‍ഹി). മകന്‍: സെനിത് (അഞ്ച്). ഇവര്‍ കുടുംബമായി ഡല്‍ഹിയിലാണു താമസം. മൂന്നുമാസം മുന്‍പാണു അവധിക്കു നാട്ടിലെത്തി മടങ്ങിയത്. സഹോദരി: നിഷി ബാബു.

തിങ്കളാഴ്ച രാത്രി പോര്‍ബന്തര്‍ തീരത്തിനടുത്ത് അപകടത്തില്‍പ്പെട്ട 'ഹരിലീല' ടാങ്കര്‍ കപ്പലില്‍നിന്ന് പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാനാണ് കോസ്റ്റ് ഗാര്‍ഡ് കോപ്റ്റര്‍ എത്തിയത്. രാത്രി പതിനൊന്നോടെയാണ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (എ.എല്‍.എച്ച്.) രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. അടിയന്തരലാന്‍ഡിങ്ങിനിടെ കോപ്റ്റര്‍ കടലില്‍ പതിക്കുകയായിരുന്നു.

കാണാതായവരുടെ തിരച്ചിലിനായി നാല് കപ്പലും രണ്ട് വിമാനവും വിന്യസിച്ചിട്ടുണ്ടെന്ന് തീരരക്ഷാസേന അധികൃതര്‍ അറിയിച്ചു. ഗുജറാത്തില്‍ ഈയിടെയുണ്ടായ ചുഴലിക്കാറ്റിലും പേമാരിയിലും കുടുങ്ങിപ്പോയ 67 പേരെ രക്ഷപ്പെടുത്തിയ കോപ്റ്ററാണ് പോര്‍ബന്തറിനടുത്ത് അപകടത്തില്‍പ്പെട്ടത്.