തേഞ്ഞിപ്പലം: അന്താരാഷ്ട്ര ബൊട്ടാണിക്കല്‍ കോണ്‍ഗ്രസില്‍ മികച്ച പ്രബന്ധാവതരണത്തിനുള്ള പുരസ്‌കാരം കാലിക്കറ്റ് സര്‍വകലാശാലാ സസ്യശാസ്ത്ര വിഭാഗത്തിലെ വി.വി. ദൃശ്യക്ക്. കാറ്റിലൂടെ വിതരണംചെയ്യപ്പെടുന്ന വിത്തുകളില്‍ നടത്തിയ ഗവേഷണത്തിനാണ് ദൃശ്യയ്ക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്. സ്പെയിനിലെ മാഡ്രിഡിലാണ് 20-ാമത് അന്താരാഷ്ട്ര ബൊട്ടാണിക്കല്‍ കോണ്‍ഗ്രസ് നടന്നത്.

267 സിംപോസിയങ്ങളിലായി നടന്ന 1600-ലധികം വരുന്ന പ്രബന്ധാവതരണങ്ങളില്‍നിന്നാണ് ദൃശ്യയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. 1000 യൂറോ (ഏകദേശം 91,000 രൂപ) ആണ് അവാര്‍ഡ് തുക. സര്‍വകലാശാലാ സസ്യശാസ്ത്ര വിഭാഗത്തില്‍നിന്നു വിരമിച്ച അധ്യാപകന്‍ ഡോ. എ.കെ. പ്രദീപ്, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് ഫിസിക്‌സ് വിഭാഗം അധ്യാപകന്‍ ഡോ. ടി.പി. സുരേഷ് എന്നിവരും ഗവേഷണത്തില്‍ പങ്കാളികളാണ്. സര്‍വകലാശാലാ ഫിസിക്‌സ് വിഭാഗത്തിലെ അധ്യാപകരായ ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍, ഡോ. കെ.പി. സുഹൈല്‍, സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അധ്യാപകന്‍ ഡോ. എം. ദിലീപ്കുമാര്‍, ബ്രണ്ണന്‍ കോളേജ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അധ്യാപകന്‍ ഡോ. സാബു എന്നിവര്‍ സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ ഡോ. സി. പ്രമോദിന്റെ കീഴിലാണ് ദൃശ്യ ഗവേഷണം നടത്തുന്നത്. ആറുവര്‍ഷത്തിലൊരിക്കല്‍ മാത്രം ചേരുന്ന അന്താരാഷ്ട്ര ബൊട്ടാണിക്കല്‍ കോണ്‍ഗ്രസ് ഇത്തവണ ജൂലായ് 21 മുതല്‍ 27 വരെയാണ് മാഡ്രിഡില്‍ നടന്നത്. 90 രാജ്യങ്ങളില്‍നിന്നായി മൂവായിരത്തോളംപേര്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം കാസര്‍കോട് നടന്ന 36-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ മികച്ച പ്രബന്ധാവതരണത്തിന് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ബൊട്ടാണിക്കല്‍ ഇല്യുസ്‌ട്രേറ്റര്‍ കൂടിയാണ് ദൃശ്യ.

ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോക്ക്, ആരണ്യകം നാച്യൂര്‍ ഫൗണ്ടേഷന്‍ എന്നിവിടങ്ങളില്‍നിന്നൊക്കെയുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ആന്‍ജിയോ സ്പേം ടാക്‌സോണമിയിലെ അംഗമാണ്. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശിയാണ്. അഞ്ചരക്കണ്ടി വാഴവച്ചവളപ്പില്‍ കെ. ചന്ദ്രന്റെയും വി.വി. നിഷയുടെയും മകളാണ്. സഹോദരന്‍: വി.വി. ശിഥില്‍ (കുവൈത്ത്).