ഒഡീഷയില്‍ നിന്നു ചൈനയിലേക്കു പോയ കപ്പലിലെ മലയാളി യുവാവിനെ കാണാനില്ല; ആലപ്പുഴ സ്വദേശി വിഷ്ണുവിനെ കണ്ടെത്താന്‍ കേന്ദ്ര സഹായം തേടി കേരളം
- Share
- Tweet
- Telegram
- LinkedIniiiii
ആലപ്പുഴ: ഒഡീഷയില്‍ നിന്നു ചൈനയിലേക്കു പോവുകയായിരുന്ന ചരക്കു കപ്പലില്‍ നിന്നും കാണാതായ മലയാളി യുവാവിനെ കണ്ടെത്താന്‍ കേന്ദ്ര സഹായം തേടി കേരളം. പുന്നപ്ര പറവൂര്‍ വൃന്ദാവനത്തില്‍ ബാബു കരുണാകരന്റെയും സിന്ധുവിന്റെയും ഇളയ മകന് വിഷ്ണു ബാബു(25)വിനെയാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി കപ്പലില്‍ നിന്നും കാണാതായത്.
ചൈനയിലേക്ക് ചരക്കുമായി പോയ എസ്എസ്ഐ റെസല്യൂട്ട് എന്ന ചരക്കു കപ്പലില്‍ നിന്നാണ് ദുരൂഹ സാഹചര്യത്തില്‍ വിഷ്ണു അപ്രത്യക്ഷനായത്. കപ്പല്‍ മലേഷ്യയ്ക്കും സിംഗപ്പൂരിനും ഇടയിലായിരുന്നു അപ്പോള്‍. വിഷ്ണുവിനെ കണ്ടെത്തുന്നതിന്റെ ഉത്തരവാദിത്തം മലേഷ്യയോ സിംഗപ്പൂരോ ഏറ്റെടുക്കുന്നില്ലെന്നാണ് അധികൃതര്‍ നല്കുന്ന സൂചന. കപ്പല്‍ ഇപ്പോള്‍ സിംഗപ്പൂരിലാണ്.
ചെന്നൈ ആസ്ഥാനമായ ഡാന്‍സായ് മറൈന്‍ കാര്‍ഗോ ഷിപ്പിങ് കമ്പനിയുടേതാണ് ഈ ചരക്കുകപ്പല്‍. അതില്‍ ട്രെയ്നി വൈപ്പറായി കഴിഞ്ഞ മേയ് 25നാണ് വിഷ്ണു ജോലിക്കു കയറിയത്. ബുധനാഴ്ച വൈകിട്ട് ഏഴരയോടെ വീട്ടില്‍ വിളിച്ചു മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. പിറ്റേന്നു രാവിലെ കപ്പല്‍ അധികൃതര്‍ വീട്ടുകാരുമായി ബന്ധപ്പെട്ടു തലേന്നു രാത്രിയോടെ വിഷ്ണുവിനെ കാണാതായെന്ന് അറിയിക്കുകയായിരുന്നു. കെ.സി.വേണുഗോപാല്‍ എംപിയും കലക്ടര്‍ അലക്സ് വര്‍ഗീസും കേന്ദ്ര അധികൃതരുമായി ബന്ധപ്പെട്ടു സഹായം തേടി.