ചേര്‍ത്തല: ഗൃഹനാഥനെ വീട്ടില്‍ക്കയറി വെട്ടി പരിക്കേല്‍പ്പിച്ചശേഷം ഭാര്യയുടെ രണ്ടരപ്പവന്റെ സ്വര്‍ണമാല കവര്‍ന്ന് മോഷ്ടാവ്. തണ്ണീര്‍മുക്കം പഞ്ചായത്ത് നാലാംവാര്‍ഡില്‍ കട്ടച്ചിറ പാലത്തിനുസമീപം ചിറയില്‍ സണ്ണി(മാത്തുക്കുട്ടി-67)ക്കാണ് മോഷ്ടാവിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. സണ്ണിയുടെ ഭാര്യ എല്‍സമ്മയുടെ സ്വര്‍ണമാലയാണ് മോഷ്ടാവ് കവര്‍ന്നത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം.

വീടിനോടുചേര്‍ന്ന് പലചരക്കുകട നടത്തുകയാണ് സണ്ണി. കടയടച്ചശേഷവും അത്യാവശ്യക്കാര്‍ സാധനങ്ങള്‍ വാങ്ങാനെത്തിയാല്‍ കോളിങ് ബെല്‍ അടിച്ചു വിളിക്കാറുണ്ട്. ബെല്ലിന്റെ ശബ്ദംകേട്ട് സണ്ണി എണീറ്റ് ചോദിച്ചപ്പോള്‍ അത്യാവശ്യം ഏതാനും സാധനങ്ങള്‍ വേണമെന്ന് പുറത്തുണ്ടായിരുന്നയാള്‍ പറഞ്ഞു. വീടിന്റെ കതകുതുറന്ന് സണ്ണി പുറത്തിറങ്ങിയ ഉടന്‍ അക്രമി വരാന്തയിലുണ്ടായിരുന്ന അരിവാളെടുത്ത് സണ്ണിയെ വെട്ടി. തുടര്‍ന്ന് കത്തികൊണ്ട് കുത്തി. സണ്ണിയുടെ കരച്ചില്‍ കേട്ട് ഭാര്യ എല്‍സമ്മ ഓടിയെത്തിയപ്പോഴേക്കും അവരുടെ കൈപിടിച്ച് തിരിച്ചശേഷം മാല പൊട്ടിച്ചെടുത്തു.

എല്‍സമ്മയുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. കുത്താനുപയോഗിച്ച കത്തി വീട്ടുവളപ്പില്‍നിന്ന് കിട്ടി. വിവരമറിഞ്ഞെത്തിയ ചേര്‍ത്തല പോലീസാണ് സണ്ണിയെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് സണ്ണിയെ എറണാകുളത്തെ സ്വകാര്യാശുപത്രിലേക്കു മാറ്റി. സണ്ണിയുടെ നെഞ്ചിനും തോളിനുമാണ് പരിക്ക്. എല്‍സമ്മയുടെ കൈക്ക് പൊട്ടലുണ്ട്. മോഷ്ടാവ് മുഖംമൂടി ധരിച്ചിരുന്നതായി എല്‍സമ്മ പറഞ്ഞു.

സംഭവസമയത്ത് സണ്ണിയും എല്‍സമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പടിഞ്ഞാറുവശമുള്ള സ്‌കൂളിന്റെ സമീപത്തെ ടാക്‌സിഹൗസിനു സമീപംവരെ പോലീസ് നായ ഓടിയശേഷം മടങ്ങി.

സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ചേര്‍ത്തല ഡിവൈ.എസ്.പി. കെ.വി. ബെന്നി, പട്ടണക്കാട് എസ്.എച്ച്.ഒ. കെ.എസ്. ജയന്‍, ചേര്‍ത്തല എസ്.ഐ. കെ.പി. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.