തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷന് ഉള്ളിലൂടെയുള്ള കനാലിലെ മാലിന്യ നീക്കം ആരുടെ ഉത്തരവാദിത്തമെന്നതില്‍ തര്‍ക്കം സ്വാഭാവികം. ജലവിഭവമന്ത്രി പറഞ്ഞതു പോലെ ആമയിഴഞ്ചാന്‍ ദുരന്തത്തില്‍ കൂട്ടുത്തരവാദിത്ത പ്രശ്‌നങ്ങളുമുണ്ട്. ഇതാണ് വസ്തുതയെന്ന് ഇരിക്കെ ആ തോട്ടിലെ മാലിന്യമെല്ലാം റെയില്‍വേയ്ക്ക് നല്‍കുകയാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍. തോട്ടിലെ റെയില്‍വേയുടെ മാലിന്യമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന മേയര്‍ ആര്യാ രാജേന്ദ്രന്റെ പ്രസ്താവന വിവാദമായി. ഇതിനിടെ ശുചീകരണത്തിന് പലവട്ടം കോര്‍പ്പറേഷനും ജില്ലാ കളക്ടറും നോട്ടീസ് നല്‍കിയെന്ന രേഖകളും സിപിഎം നേതാക്കള്‍ പുറത്തുവിട്ടു. ഇതോടെ വിവാദം കൊഴുക്കുകയാണ്. തോട്ടില്‍ കുടുങ്ങിയ ശുചീകരണ തൊഴിലാളിക്ക് വേണ്ടി ആരും സംസാരിക്കുന്നതുമില്ല.

ശുചീകരണ തൊഴിലാളിയെ കാണാതായ തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യനീക്കത്തില്‍ പരസ്പരം പോരടിച്ച് കോര്‍പ്പറേഷനും റെയില്‍വേയും മുഖാമുഖം വരികയാണ്. മാലിന്യ കൂമ്പാരം തൊഴിലാളിയെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്ന സാഹചര്യത്തിലാണിത്. മാലിന്യ നീക്കത്തില്‍ റെയില്‍വേയെ മേയര്‍ ആര്യ രാജേന്ദ്രന്‍ കുറ്റപ്പെടുത്തിയപ്പോള്‍, റെയില്‍വേയുടെ ഭാഗത്ത്നിന്ന് വേണ്ടതെല്ലാം ചെയ്തുകൊടുത്തിട്ടുണ്ടെന്നാണ് ദക്ഷിണ റെയില്‍വേ എഡിആര്‍എം വിജി എം.ആര്‍. ഇതിനോട് പ്രതികരിച്ചത്. ഇതിനൊപ്പം മാലിന്യമെല്ലാം റെയില്‍വേയുടേതാണെന്ന മേയറുടെ പ്രതികരണവും നിഷേധിച്ചു. അതേ സമയം റെയില്‍വേ ക്ലീന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ കത്ത് കിട്ടിയിട്ടുണ്ടെന്നും വിജി വിശദീകരിച്ചു.

റെയില്‍വേയുടെ ഭാഗത്ത് നിന്നുള്ള മാലിന്യമൊന്നും ഇതിനകത്തില്ല. റെയില്‍വേയുടെ മാലിന്യമെല്ലാം മറ്റുസംവിധാനം വഴിയാണ് നീക്കം ചെയ്യുന്നത്. എന്നിട്ടും കഴിഞ്ഞ വര്‍ഷം റെയില്‍വേ മുന്‍കൈ എടുത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ഉറവിടത്തില്‍നിന്നുള്ള മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കില്ല. അത് കോര്‍പ്പറേഷന്റെ പരിധിയിലാണ് വരുന്നതെന്നും വിജി പറഞ്ഞു. നഗരസഭയുടെ ഭാഗത്ത്നിന്നാണ് മാലിന്യം മുഴുവന്‍ ഒഴുകിയെത്തുന്നത്. മാലിന്യനീക്കത്തിന് അനുവാദം ചോദിച്ചിട്ട് കൊടുത്തില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പറയുന്നത് തെറ്റാണ്. അവര്‍ അനുവാദം ചോദിക്കുമ്പോഴെല്ലാം അനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോഴും തയ്യാറാണ്. 2015ലും 2018-ലും കോര്‍പ്പറേഷന് മാലിന്യ നീക്കത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും റെയില്‍വേ വ്യക്തമാക്കി.

ഇങ്ങനെയാണ് റെയില്‍വേയുടെ പ്രതികരണം. ഇതിന് ശേഷമാണ് മാലിന്യ നീക്കം വേണമെന്ന മെമ്മോകള്‍ സിപിഎം നേതാക്കള്‍ പുറത്തു വിട്ടത്. എന്നാല്‍ കത്ത് കിട്ടിയെന്ന് റെയില്‍വേയും സമ്മതിച്ചതാണ്. എന്നാല്‍ മാലിന്യം റെയില്‍വേയുടേതാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. തമ്പാനൂര്‍ ഭാഗത്ത് നിന്നും ഒഴുകിയെത്തുന്ന മാലിന്യമാണ് തോട്ടില്‍ ഭൂരിഭാഗവും. ചാക്കില്‍ കെട്ടി പോലും മാലിന്യം വലിച്ചെറിയുന്നവരുണ്ട്. ഉറവിട സംസ്‌കരണത്തിലെ പ്രശ്‌നമാണ് ഇതിനെല്ലാം കാരണം. ജോയിക്കായുളള തെരച്ചില്‍ 30 മണിക്കൂര്‍ പിന്നിട്ടിട്ടും ഫലമുണ്ടായില്ലെന്നതാണ് വസ്തുത.

എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സും അടക്കം സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാഡൈവിംഗ് സംഘത്തിന്റെ പരിശോധന ഇന്ന് തല്‍ക്കാലികമായി തെരച്ചില്‍ അവസാനിപ്പിച്ചു. നാളെ പുതിയ സംഘം തെരച്ചില്‍ നടത്തും. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരത്തിലേക്ക് ഇറങ്ങിയാണ് ഇന്നും പരിശോധന നടത്തിയത്. ഇന്ന് തെരച്ചില്‍ നടത്തിയ സംഘത്തിലെ അംഗങ്ങള്‍ക്ക് വൈദ്യ പരിശോധന നടത്തും. ടീമംഗങ്ങള്‍ക്ക് ചികിത്സ നല്‍കാനുള്ള ക്രമീകരണം ഉണ്ടാക്കിയതായി ഫയര്‍ ഫോഴ്‌സ് മേധാവിയും അറിയിച്ചു.

ജോയിയെ കണ്ടെത്താനുളള മറ്റ് ശ്രമങ്ങളെല്ലാം കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരം കാരണം പരാജയപ്പെട്ടതോടെ റെയില്‍വെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലില്‍ തടയിണ കെട്ടി വെളളം പമ്പ് ചെയ്ത് പരിശോധന നടത്താനാണ് നീക്കം. ഇതുവരെയും പ്രതീക്ഷാവഹമായ ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തില്‍ നാവിക സേനാ സംഘവും രക്ഷാദൌത്യത്തില്‍ പങ്കാളികളാകും. നാവിക സേനയുടെ അതിവിദഗ്ധരായ ഡൈവിംഗ് സംഘം കൊച്ചിയില്‍ നിന്ന് തലസ്ഥാനത്തേക്ക് വൈകിട്ടോടെയെത്തുമെന്ന് മന്ത്രി രാജന്‍ അറിയിച്ചു.

'രക്ഷാപ്രവര്‍ത്തനത്തില്‍ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തില്‍ സഹായം തേടി നാവിക സേനയ്ക്ക് സര്‍ക്കാര്‍കത്ത് നല്‍കുകയായിരുന്നു. 5 മുതല്‍ 10 വരെ അംഗങ്ങളുളള നേവിയുടെ വിദഗ്ധ സംഘമാകും തലസ്ഥാനത്ത് എത്തുക. ദേശീയ ദുരന്ത നിവാരണ സംഘവും സ്ഥലത്തുണ്ട്. ഡൈവിങ് ടീമിന് പോകാന്‍ കഴിയാത്ത വിധത്തില്‍ മാലിന്യം അടിഞ്ഞ് കിടക്കുകയാണ്. അതിനാല്‍ കനാലിലേക്ക് കൃത്രിമമായി വെള്ളം പമ്പുചെയ്യും. ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചാണ് പരിശോധന.