ആലപ്പുഴ : കേരളത്തിലെ എന്‍സിപിയില്‍ വിരുദ്ധ ധ്രുവങ്ങളിലുള്ളവര്‍ വീണ്ടും ഒരുമിച്ചു. ഇനി അറിയേണ്ടത് മന്ത്രി എകെ ശശീന്ദ്രന്റെ നിലപാടാണ്. എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസ് മന്ത്രിയാകും. മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ്. തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് തോമസ് കെ തോമസ് കുട്ടനാട് എംഎല്‍എയായത്.

എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും തോമസ് കെ. തോമസും അടുത്തദിവസം ശരദ്പവാറിനെ കാണും. പവാര്‍ സമ്മതിച്ചാല്‍ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെക്കും. ശശീന്ദ്രന് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഇതിനൊപ്പം കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം മന്ത്രിയായിരുന്ന വ്യക്തിയെന്ന പദവിയും ശശീന്ദ്രന്‍ സ്വന്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വിശ്രമ ജീവിതത്തിന് ശശീന്ദ്രന്‍ ആഗ്രഹിക്കുന്നുവെന്നാണ് സൂചന. എന്നാല്‍ പുതിയ നീക്കങ്ങളില്‍ ശശീന്ദ്രന്‍ മനസ്സ് തുറന്നിട്ടില്ല.

എന്‍.സി.പി.യിലെ രണ്ട് എം.എല്‍.എ.മാരും രണ്ടരവര്‍ഷംവീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021-ലെ തിരഞ്ഞെടുപ്പിനുശേഷം തോമസ് കെ. തോമസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. പിന്നീടച് കോണ്‍ഗ്രസില്‍നിന്നു പി.സി. ചാക്കോയെത്തി എന്‍.സി.പി. സംസ്ഥാന പ്രസിഡന്റായി. തോമസ് കെ തോമസുമായി നല്ല ബന്ധം പിസി ചാക്കോയ്ക്കുണ്ടായിരുന്നില്ല. ഇതെല്ലാം എന്‍സിപിയില്‍ പൊട്ടിത്തെറിയായി. എന്നാല്‍ പവാറിന്റെ പിന്തുണ പിസി ചാക്കോയ്ക്ക് അനുകൂലമായി. ശശീന്ദ്രന്‍ ഇനി നിയമസഭയിലേക്ക് മത്സരിക്കില്ല. ഇതോടെ എലന്തൂരില്‍ അടുത്ത തവണ പിസി ചാക്കോയ്ക്ക് മത്സരിക്കാം എന്ന അവസ്ഥയുണ്ട്. അതുകൊണ്ട് കൂടിയാണ് എന്‍സിപിയിലെ പ്രശന പരിഹാരം ചാക്കോ അജണ്ടയാക്കിയത്.

തോമസ് കെ. തോമസ് കലാപക്കൊടിയുയര്‍ത്തിയതോടെ അദ്ദേഹത്തിന്റെ അനുകൂലിയായ എന്‍. സന്തോഷ് കുമാറിനെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നു ചാക്കോ മാറ്റുകയുംചെയ്തു. ഇതെല്ലാം എന്‍സിപിയെ പൊട്ടിതെറിയായി. പുതുതായി പാര്‍ട്ടിയിലെത്തിയ പ്രവാസിവ്യവസായി റെജി ചെറിയാന്‍, കുട്ടനാട് മണ്ഡലത്തില്‍ നോട്ടമിട്ടപ്പോള്‍ പി.സി. ചാക്കോ പിന്തുണ നല്‍കിയെന്നും ആക്ഷേപമെത്തി. ഈ പ്രശ്‌നമെല്ലാം പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് എത്തിക്കുമെന്ന് പോലും സൂചനകളെത്തി.

അടുത്ത തവണ സീറ്റു കിട്ടില്ലെന്ന സാഹചര്യമുയര്‍ന്നതോടെ തോമസ് കെ. തോമസ് അതൃപ്തി പരസ്യമാക്കി. എന്നാലിപ്പോള്‍ റെജി ചെറിയാന്‍ എന്‍.സി.പി. വിട്ട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ചേരുകയാണ്. ഇതോടെ ചാക്കോയും ആലപ്പുഴ ജില്ലാ ഘടകവുമായി തോമസ് കെ. തോമസ് രമ്യതയിലെത്തി. ശശീന്ദ്രനും ഈ ഒത്തുതീര്‍പ്പിനെ അംഗീകരിക്കുമെന്നാണ് സൂചന. അല്ലാത്ത പക്ഷം അത് മറ്റൊരു വെല്ലുവിളിയാകും. സിപിഎമ്മിന്റെ പിന്തുണ ശശീന്ദ്രനാണ്. അതുകൊണ്ട് തന്നെ ശശീന്ദ്രന്‍ എതിര്‍ത്താല്‍ എല്ലാം അവതാളത്തിലാകും.

എന്‍.സി.പി.യിലെ അജിത് പവാര്‍ വിഭാഗം ബി.ജെ.പി.യിലേക്കു മാറിയത് കേരളത്തിലെ എന്‍.സി.പി.യിലും പ്രതിസന്ധിയുണ്ടാക്കിയിരുന്നു. തോമസ് കെ. തോമസ്, അജിത് പവാറിനൊപ്പം നിലകൊള്ളുമെന്ന വിലയിരുത്തലുമുണ്ടായിരുന്നു. ഇതിനിടെയാണ് തോമസ് കെ തോമസും പിസി ചാക്കോയും രമ്യതയിലെത്തുന്നത്.