പാരീസ്: ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടം കുറിച്ച് മനു ഭകാര്‍.ഒളിംപിക്സ് ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഒരിക്കല്‍ക്കൂടി മെഡല്‍ വെടിവച്ചിട്ട് ഇന്ത്യ.10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സ്ഡ് ടീമിനത്തില്‍ മനു ഭാക്കര്‍ സരബ്ജ്യോത് സിങ് സഖ്യമാണ് ഇന്ത്യയ്ക്ക് പാരിസ് ഒളിംപിക്സിലെ രണ്ടാമത്തെ മെഡല്‍ സമ്മാനിച്ചത്. വെങ്കലം നേടത്തോടെ ഒറ്റ ഒളിംപിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി മനു മാറി.

1900ത്തിലെ പാരിസ് ഒളിംപിക്‌സില്‍ തന്നെ ബ്രിട്ടീഷ് ഇന്ത്യന്‍ അത്‌ലറ്റായിരുന്ന നോര്‍മന്‍ പ്രിച്ചാര്‍ഡ് അത്‌ലറ്റിക്‌സില്‍ 2 വെള്ളി മെഡല്‍ നേടിയിരുന്നു.അതിനു ശേഷം ഒരു താരത്തിനും ഈ നേട്ടമില്ല. 124 വര്‍ഷത്തിനു ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായും മെഡല്‍ നേട്ടത്തോടെ മനു മാറി

ദക്ഷിണ കൊറിയയുടെ ഓ യെ ജിന്‍ ലീ വുന്‍ഹോ സഖ്യത്തെ തോല്‍പ്പിച്ചാണ് ഇരുവരും ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചത്.കഴിഞ്ഞ ദിവസം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഇന്ത്യയ്ക്കായി വെങ്കലം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രവും മനു സ്വന്തം പേരിലാക്കിയിരുന്നു. യോഗ്യതാ റൗണ്ടില്‍ മൂന്നാമതെത്തിയാണ് മനു സരബ്ജോത് സഖ്യം വെങ്കലപ്പോരിലേക്കു കടന്നത്. ഇതേയിനത്തില്‍ ഇന്ത്യയ്ക്കായി മത്സരിച്ച റിതം സാങ്വാന്‍ അര്‍ജുന്‍ സിങ് ചീമ സഖ്യം യോഗ്യത നേടാതെ പുറത്തായിരുന്നു.

മെഡല്‍ വരള്‍ച്ച നേരിട്ട ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ വീണ്ടും മെഡല്‍ സ്വന്തമാക്കിയത്. ഇന്നലെ രണ്ട് ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ ഷൂട്ടിങ് ഫൈനലില്‍ മത്സരിച്ചിരുന്നെങ്കിലും മെഡല്‍ നേടാനായിരുന്നില്ല.

പുരുഷവിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഉജ്വല പോരാട്ടത്തിന് ഒടുവില്‍ 208.4 പോയിന്റുമായി അര്‍ജുന്‍ ബബൂത്ത നാലാമതായി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനലില്‍ റമിത ജിന്‍ഡാല്‍ 7ാം സ്ഥാനത്തായി.