- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന്റെ ചുമരില്‍ വംശീയ വിഷം തുപ്പുന്ന ചുവരെഴുത്ത്; പിന്തുണയുമായി അയല്‍ക്കാര്‍; നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്നൊരു വംശീയ വെറി കഥ
ലണ്ടന്‍: വീടിന് മുന്‍പില്‍ വംശീയത തുളുമ്പുന്ന ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതോടെ ഭീതിയിലായിരിക്കുകയാണ് ഷിനു മാത്യുവും ഭാര്യയും ഏഴും നാലും വയസ്സുള്ള രണ്ട് കുട്ടികളും അടങ്ങിയ കുടുംബം. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലാണ് സംഭവം.
തങ്ങള്‍ വീട് ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് മാറാന്‍ വരെ ആലോചിച്ചു എന്നും, എന്നാല്‍, സ്നേഹസമ്പന്നരായ അയല്‍ക്കാര്‍ എല്ലാ പിന്തുണയുമായി എത്തി തങ്ങളെ ഇവിടെ തന്നെ തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നു എന്നും ഷിനു, ബി ബി സി ന്യൂസ് എന്‍ ഐ യോട് പറഞ്ഞു. ലണ്ടന്‍ഡെറി കൗണ്ടിയിലെ ഫോര്‍ട്ട് ഡ്രൈവ്, ഫോറസ്റ്റ് ഡ്രൈവ് എന്നിവിടങ്ങളിലായി ചൊവ്വാഴ്ച്ച പ്രാദേശിക സമയം അതിരാവിലെ 3 മണിക്കും 4 മണിക്കും ഇടയിലായി മൂന്നിടത്താണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.
വിദ്വേഷം പരത്തുന്ന നടപടി എന്നപേരില്‍ ഇതിനെ ഒരു ക്രിമിനല്‍ കുറ്റമായിട്ടാണ് കാണുന്നതെന്ന് പോലീസ് പറഞ്ഞു. ഷിനുവിന്റെ വീട് കൂടാതെ വൃദ്ധയായ ഒരു സ്ത്രീ താമസിക്കുന്ന വീട്ടിലും മറ്റൊരു ദമ്പതികള്‍ താമസിക്കുന്ന വീട്ടിലുമാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത് എന്ന് സിന്‍ ഫീന്‍ കൗണ്‍സിലര്‍ പറഞ്ഞു. ഈ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതിന്റെ അന്ന് രാത്രി തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് ഷിനുമാത്യു പറയുന്നു. ഏതായാലും ഈ സംഭവത്തെ തുടര്‍ന്ന് ആ ഭാഗത്ത് രാത്രികാലങ്ങളില്‍ പോലീസിന്റെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുമെന്ന് പോലീസ് പറഞ്ഞതായും ഷിനു അറിയിച്ചു.
ഭയന്ന്, സ്ഥലം വിടാന്‍ തുനിഞ്ഞ തങ്ങള്‍ക്ക് ആവശ്യമായ സഹായവും ധൈര്യവും നല്‍കി അവിടെ പിടിച്ചു നിര്‍ത്തിയ അയല്‍ക്കാര്‍ക്ക് നന്ദി അറിയിക്കുകയാണ് ഈ കുടുംബം ഇന്ന്. ചുവരെഴുത്ത് മായ്ച് വൃത്തിയാക്കുവാന്‍ ആദ്യാവസാനം ഒത്തുകൂടിയ അയല്‍വക്കക്കാര്‍, ഇനിയും ഇതുപോലുള്ള സംഭവമുണ്ടായാല്‍ തങ്ങളെ ഉടനടി ഫോണില്‍ ബന്ധപ്പെടണം എന്നും പറഞ്ഞിട്ടുണ്ട്. ഈ കുടുംബത്തിന് നേരെ നടന്നത് തികഞ്ഞ തെമ്മാടിത്തരമാണെന്നായിരുന്നു പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അയല്‍ക്കാരന്‍ വിശേഷിപ്പിച്ചത്.
സിന്‍ ഫീന്‍ കൗണ്‍സിലര്‍ ഡെര്‍മോട്ട് നിക്കോള്‍ ഈ ആക്രമണത്തെ അപലപിച്ചു. മത്രമല്ല, ചുവരെഴുത്ത് മായ്ച് കളയാന്‍ ഒത്തുകൂടിയ അയല്‍ക്കാരെ അഭിനന്ദിക്കുകയും ചെയ്തു. ഇത്തരം പ്രവൃത്തികള്‍ ആര്‍ക്കും ഭൂഷണമല്ലെന്നും, താരതമ്യേന ശാന്തമായ ഈ പ്രദേശത്തിന്റെ ശാന്തി കെടുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യത്യസ്ത സാംസ്‌കാരിക ധാരകള്‍ പിന്തുടരുന്ന ജനങ്ങള്‍ ഇവിടെ വസിക്കുന്നുണ്ട്. അവരെല്ലാം തന്നെ ഈ സമൂഹത്തിന് വലിയ സംഭാവനകള്‍ നല്‍കുന്നുമുണ്ട്. അതുകൊണ്ടു തന്നെ അവരുടെ ആവശ്യങ്ങള്‍ മാനിക്കപ്പെടണം എന്നും അദ്ദേഹം പറഞ്ഞു.