- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെഹ്റാനിലെത്തുമ്പോള്‍ സ്ഥിരമായി താമസിച്ചിരുന്നത് ആ മുറിയില്‍; 2 മാസം മുമ്പ് റിമോര്‍ട്ട് ബോംബ് വച്ചു; എല്ലാം കിറുകൃത്യം; ഹനിയ്യയെ തീര്‍ത്തത് ബോംബില്‍
ടെഹ്റാന്: ആരു ചെയ്താലും കിറുകൃത്യമായിരുന്നു ഓപ്പറേഷന്. ഹമാസിന്റെ തലവന്‍ ഇസ്മായില്‍ ഹനിയ്യ ആ മുറിയില്‍ എത്തുമെന്ന് രണ്ടു മാസം മുമ്പ് തന്നെ സ്ഫോടനം നടത്തിയവര്‍ തിരിച്ചറിഞ്ഞു. ഹനിയ്യയെയും അംഗരക്ഷകനെയും കൊലപ്പെടുത്തിയ സ്ഫോടനത്തിന് കാരണമായത് രണ്ട് മാസം മുമ്പ് അദ്ദേഹം താമസിച്ചിരുന്ന ടെഹ്റാന് ഗസ്റ്റ് ഹൗസിലെ മുറിയില്‍ വച്ച അത്യാധുനികവും റിമോട്ട് നിയന്ത്രിതവുമായ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിലെ രണ്ട് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഫോടനത്തില്‍ ഹനിയ്യയുടെ മുറി മാത്രമേ തകര്ന്നുള്ളൂ. സ്ഫോടനത്തെ തുടര്‍ന്ന് തല്‍ക്ഷണം ഹനിയ്യ മരിച്ചു. ഹാനിയയുടെ മുറിയിലേക്ക് ബോംബ് എങ്ങനെ കടത്തിയെന്നോ എപ്പോഴാണെന്നോ ആര്‍ക്കും അറിയില്ല. ഇറാന് സൈനിക സംവിധാനത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് തകര്‍ന്ന കെട്ടിടം. ഇസ്രയേലി ചാര സംഘടനയായ മൊസാദിനുള്ളില്‍ അതി വിപുല ബന്ധങ്ങളുള്ള മാധ്യമപ്രവര്ത്തകന് റോനെന്‍ ബര്‍ഗ്മാന്റെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ ന്യൂയോര്‍ക് ടൈംസ് വ്യാഴാഴ്ച രാത്രിയാണ് പുറത്തുവിട്ടത്.
ബര്‍ഗ്മാന്റെ റിപ്പോര്‍ട്ട് പ്രകാരം തെഹ്റാനില്‍ ഹനിയ്യ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസ് മുറിയിലുണ്ടായ ബോംബ് സ്ഫോടനമാണ് മരണകാരണം. കുറഞ്ഞത് രണ്ടുമാസമെങ്കിലും മുമ്പ് മുറിയില്‍ ബോംബ് സ്ഥാപിച്ചിരുന്നു. വടക്കന്‍ ടെഹ്റാനിലെ സമ്പന്ന വാസമേഖലയിലുള്ള നിശാത്ത് എന്ന കോമ്പൗണ്ടിലുള്ള ഈ ഗെസ്റ്റ് ഹൗസ് റെവല്യുഷണി ഗാര്‍ഡിന്റെ കാവലിലാണ്. ഹനിയ്യയുടെ മുറിയില്‍ സ്ഥാപിച്ച ബോംബ് റിമോട്ട് കണ്ട്രോള് ഉപയോഗിച്ചാണ് പൊട്ടിച്ചതത്രെ. ദോഹയില്‍ താമസിക്കുന്ന ഹനിയ്യ ടെഹ്റാനിലെത്തുമ്പോള്‍ സ്ഥിരമായി ഈ ഗെസ്റ്റ് ഹൗസിലെ മുറിയിലാണ് പാര്‍ക്കുന്നത്. ഇതു മനസ്സിലാക്കി തന്ത്രമൊരുക്കി.
സ്ഫോടനത്തില്‍ കെട്ടിടം കുലുങ്ങി. പുലര്‍ച്ചെ രണ്ടിന് ശബ്ദം കേട്ട് നടുങ്ങിയ ഗസ്റ്റ്ഹൗസ് ജീവനക്കാരും സുരക്ഷാഉദ്യോഗസ്ഥരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഹനിയ്യയും അംഗരക്ഷകനും ഉറങ്ങിയിരുന്ന മുറിയിലാണ് സ്ഫോടനമുണ്ടായതെന്നത് എല്ലാവര്ക്കും ഞെട്ടലായി. ഗസ്റ്റ് ഹൗസിലെ മെഡിക്കല്‍ ടീം ഉടനടി മുറിയിലെത്തി. പക്ഷേ, അപ്പോഴേക്കും ഹനിയ്യ മരിച്ചിരുന്നു. അംഗരക്ഷകന് ജീവനുണ്ടായിരുന്നു. പ്രാഥമിക ശുശ്രുഷ നല്‍കുന്നതിനിടെ അയാളും മരിച്ചു. ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനിയെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി ദുരന്ത വാര്‍ത്ത എത്തിച്ചത്.
നാലുമണിക്കൂറിന് ശേഷം പ്രാദേശിക സമയം രാവിലെ ഏഴുമണിയോടെ റെവല്യൂഷണറി ഗാര്‍ഡിന്റെ പ്രസ്താവനയിലൂടെയാണ് വിവരം പുറം ലോകമറിയുന്നത്. പിന്നാലെ ഖമേനി ഇറാന്റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങളെ വസതിയിലേക്ക് വിളിച്ചുവരുത്തി. ആ യോഗത്തിലാണ് ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാനുള്ള ഉത്തരവ് അദ്ദേഹം നല്‍കിയത്.
ഹമാസിന്റെ മുതിര്‍ന്ന നേതാവും രാഷ്ട്രീയകാര്യ മേധാവിയുമായ ഹനിയ്യ തെഹ്റാനിലെ താമസ സ്ഥലത്തിന് നേരെ നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. അതിന് വിരുദ്ധമാണ് ഈ വെളിപ്പെടുത്തല്‍. ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് ഹനിയ്യ ടെഹ്റാനിലെത്തിയത്. എന്നാല്‍ അതേ കെട്ടിടത്തില്‍ താമസിച്ചിരുന്ന മറ്റൊരു ഫലസ്തീന് നേതാവ് ജനറല്‍ സിയാദ് അല്‍ നഖ്ലെ സുരക്ഷിതനായിരുന്നു. അതില്‍ നിന്നും തികച്ചും ആസൂത്രിതവും ഹനിയ്യയെ മാത്രം ലക്ഷ്യമിട്ടുള്ളതുമായിരുന്നു ആക്രമണമെന്ന് വ്യക്തമാണ്.