യുകെ മലയാളികള്‍ക്ക് ഫാമിലി ട്രിപ്പ് പോലും പോകാനാകാത്ത സാഹചര്യം; വംശീയ വെറിയില്‍ പതറാതെ പ്രതിരോധമുയര്‍ത്തി നീതു ജെയിംസ് എന്ന മലയാളി നേഴ്സ്
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടന്‍: യുകെയില്‍ കേട്ടുകേള്‍വി ഇല്ലാത്ത വിധം വംശീയത കുടം തുറന്ന ഭൂതത്തെ പോലെ പുറത്തു ചാടിയിരിക്കുന്നു . കഴിഞ്ഞ ദിവസം സ്റ്റോക് പോര്‍ട്ടില്‍ അക്രമി കൊച്ചു കുഞ്ഞുങ്ങളെ ഒരു കാരണവും കൂടാതെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തോടെ മലയാളികള്‍ക്കും അനധികൃത കുടിയേറ്റക്കാകരുടെ ലേബലൊട്ടിക്കുകയാണ് വെള്ളക്കാരായ വംശീയ വാദികള്‍ . കഴിഞ്ഞ ദിവസം അയര്‍ലണ്ടില്‍ മലയാളിയായ ഷിനു മാത്യുവിന് നാട്ടുകാരായ ചില വംശീയ വാദികള്‍ അദ്ദേഹം താമസിച്ചിരുന്ന വീടിനു പുറത്തു നാട് വിട്ട് പോകൂ എന്ന അര്‍ത്ഥത്തില്‍ ഐറിഷ് ഫസ്റ്റ് എന്ന മുദ്രാവാക്യം പെയിന്റ് കൊണ്ട് എഴുതിയതിനെ തുടര്‍ന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങളും നല്ലവരായ നാട്ടുകാരും ആണ് ഇപ്പോള്‍ ഈ മലയാളിക്ക് കവചമായി സംരക്ഷണ വലയം തീര്‍ക്കുന്നത് . എന്നാല്‍ കഴിഞ്ഞ ദിവസം നോട്ടിങ്ങാമിന് അടുത്ത് മാന്‍സ് ഫീല്‍ഡില്‍ മലയാളികള്‍ക്ക് നേരെ നടന്നത് അത്യന്തം ആക്ഷേപകരമായ കാര്യമാണ് .
വേനല്‍ക്കാല ആഘോഷത്തിന്റെ ഭാഗമായി മലയാളി കൂട്ടായ്മയുടെ നെത്ര്വതത്തില്‍ ബസ് ബുക്ക് ചെയ്തു നടത്തിയ യാത്രക്ക് ശേഷം സംഘത്തിലെ ഏതാനും പേരെ സ്ഥലത്തെ ട്രാവല്‍ ലോഡ്ജ് ഹോട്ടലിനു മുന്പില് ഇറക്കിയപ്പോഴാണ് അനധികൃത കുടിയേറ്റക്കാര്‍ ഹോട്ടലില്‍ താവളം ഉറപ്പിച്ചിരിക്കുന്നു എന്ന മട്ടില്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് വംശീയ ആക്രമണം നടന്നത് . കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ യുകെയിലെ ആദ്യ റീഫോം എംപിയും ആഷഫീല്ഡ് പ്രതിനിധിയായ ലീ ആന്‍ഡേഴ്സനും തന്റെ പട്ടണത്തില്‍ അഭയാര്‍ത്ഥികള്‍ക്ക് അഴിഞ്ഞാടി നടക്കാന്‍ അവസരം ഒരുക്കില്ലെന്നു പരസ്യമായി പ്രതികരിച്ചു . നാട്ടുകാരായ വംശീയ വാദികളുടെ കയ്യടി നേടാനാണ് ഇതുവരെ ടോറി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ലീ ആന്ഡേഴ്സണ് വാ വിട്ട വാക്കുകള്‍ പറഞ്ഞതെന്നും വെക്തം .
അപമാനം സഹിച്ചു കണ്ടുനില്കാനാകില്ലെന്നു മലയാളി നേഴ്സ് , മലയാളികളുടെ പ്രതികരണത്തില്‍ പിന്തുണയുമായി എന്‍എച്എസും
എന്നാല്‍ തികച്ചും അപമാനകരമായ വിധത്തില്‍ ആക്ഷേപം കേള്‍ക്കേണ്ടി വന്ന സാഹചര്യത്തില്‍ സംഘത്തില്‍ ഉണ്ടായിരുന്ന മലയാളി നേഴ്സും കോഴിക്കോട് സ്വദേശിയായ നീതു ജെയിംസ് അടക്കമുള്ളവര്‍ ശക്തമായ ഭാഷയിലാണ് മലയാളി സമൂഹത്തിനു വേണ്ടി പ്രതിരോധം തീര്‍ക്കാന്‍ ഇറങ്ങിയത് . സോഷ്യല്‍ മീഡിയയില്‍ തന്നെ തങ്ങള്‍ അഭയാര്‍ത്ഥികള്‍ അല്ലെന്നും ബ്രിട്ടന് ക്ഷണിച്ചു വരുത്തിയ ആരോഗ്യ പ്രവര്‍ത്തകരായ പ്രൊഫഷണലുകള്‍ ആണെന്നും നീതു അടക്കമുള്ളവര്‍ വക്തമാക്കിയതോടെ ലീ ആന്ഡേഴ്സണ് അടക്കമുള്ളവര്‍ തികച്ചും പ്രതിരോധത്തിലായി . മാത്രമല്ല നീതു അടക്കമുള്ള മലയാളി നേഴ്സുമാര്‍ എന്‍എച്എസ് അധികൃതരെ വിവരം അറിയിച്ചതോടെ മലയാളി നേഴ്സുമാര്‍ക്ക് പ്രതിരോധം ഉറപ്പാക്കാനായി ആശുപത്രി അധികൃതരും രംഗത്ത് വന്നതോടെ അബദ്ധം തിരിച്ചറിഞ്ഞ വംശീയ വാദികള്‍ ഒരു മാപ്പ് പോലും പറയാതെ കളം ഒഴിഞ്ഞത് . എന്നാല്‍ ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയായ ലീ ആന്ഡേഴ്സണ് കാര്യമറിയാതെ പരസ്യ പ്രസ്താവനക്ക് ഇറങ്ങിയത് പ്രാദേശിക മാധ്യമങ്ങളും ഇപ്പോള്‍ ചര്‍ച്ചയാക്കുകയാണ് .
ലീ ആന്ഡേഴ്സണ് ഫേസ്ബുക്കില്‍ പ്രതികരണം നടത്തി ഒരു മണിക്കൂറിനകം മലയാളി നേഴ്സ് നീതു ജെയിംസ് അദ്ദേഹത്തിന് പോസ്റ്റിനു താഴെ മറുപടിയായി എത്തിയാണ് ശ്രദ്ധ നേടിയത് . ലീ ആന്ഡേഴ്സ്നറെ പോസ്റ്റിനു താഴെ എത്തുന്ന കമന്റുകള്‍ ഭയപ്പെടുത്തുന്നതാണ് എന്ന ആമുഖത്തോടെയാണ് നീതു കാര്യങ്ങള്‍ വിശദീകരിച്ചത് . ഞങ്ങള്‍ അഭയാര്‍ത്ഥികള്‍ അല്ലെന്നും കിങ്സ് മില്‍ , ആശുപത്രി , പ്രദേശത്തെ നേഴ്സിങ് ഹോമുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയുന്ന നേഴ്സുമാര്‍ ആണെന്നും നീതു മറുപടി പോസ്റ്റില്‍ കുറിച്ചിരുന്നു . മാത്രമല്ല ഞങ്ങളാരും ബെനിഫിറ്റ് വാങ്ങുന്നവര്‍ അല്ലെന്നും നിങ്ങളെ പോലെ തന്നെ നികുതി നല്കി ജീവിക്കുന്നവര്‍ ആണെന്നും കൃത്യമായ മറുപടിയാണ് നീതു നല്‍കിയത് . ഞങ്ങള്‍ ഇല്ലാതെ യുകെയില്‍ എന്‍എച്എസ് എങ്ങനെ മുന്നോട്ടു പോകും എന്ന് കൂടി ചോദിച്ചാണ് നീതു മറുപടി അവസാനിപ്പിച്ചത് . നീതുവിന്റെ മറുപടി കാര്യങ്ങള്‍ മനസിലാക്കാന്‍ സഹായകമായി എന്ന് പിന്നീട് ആന്ഡേഴ്സണ് തന്നെ ഫേസ്ബുക്കിലൂടെ ഇതേതുടര്‍ന്ന് ആവര്‍ത്തിക്കുകയും ചെയ്തു .
മാന്‍സ്ഫീല്‍ഡില്‍ എത്തുന്ന മലയാളികള്‍ അടക്കമുള്ള ഇന്റര്‍നാഷണല്‍ നേഴ്സുമാര്‍ക്ക് താമസം ഒരുക്കുന്നത് ട്രാവല്‍ ലോഡ്ജ് ഹോട്ടലിലാണ് . ഇങ്ങനെ ഇവിടെ താമസിക്കുന്ന നേഴ്സുമാരെ ടൂര്‍ കഴിഞ്ഞു ഇറക്കാന്‍ ബസ് നിര്‍ത്തിയപ്പോഴാണ് അഭയാര്‍ത്ഥികള്‍ എത്തി ഹോട്ടലില്‍ താമസിക്കുന്നു എന്ന മട്ടില്‍ വംശീയ വാദികളില്‍ ഒരാള്‍ വിഡിയോ എടുത്തു സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത് . പിന്നീട് അത് അനേകമാളുകള്‍ ഏറ്റെടുക്കുക ആയിരുന്നു . കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുന്നിട്ടിറങ്ങിയ നീതുവിന് അടക്കം വംശ വെറിയരുടെ സോഷ്യല്‍ മീഡിയ ആക്രമണത്തിന് ഇരയാകേണ്ടി വന്നതായി പറയപ്പെടുന്നു . തന്റെ ഭാഗം ന്യായീകരിക്കാന്‍ ട്രാവല്‍ ലോഡ്ജ് അധികൃതര്‍ക്കു കത്തെഴുതിയ ലീ ആന്ഡേഴ്സണ് തങ്ങളുടെ ഹോട്ടലില്‍ നേഴ്സുമാര്‍ അല്ലാതെ അഭയാര്‍ത്ഥികള്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത് . ഇപ്പോള്‍ ഈ കത്തും പൊക്കി പിടിച്ചാണ് ലീ ആന്ഡേഴ്സണ് സ്വയം ന്യായീകരിക്കാന്‍ രംഗത്തുള്ളത് . നാലു ദിവസം മുന്‍പാണ് മലയാളികള്‍ ടൂര്‍ സംഘടിപ്പിച്ചത് . തൊട്ട് രണ്ടു നാള് മുന്‍പ് സൗത്തപോര്ട്ടില് നടന്ന കത്തിക്കുത്ത് ആയിരിക്കാം പ്രദേശവാസികളെ ചൊടിപ്പിച്ചത് എന്ന് കരുതപ്പെടുന്നു .
ഇന്നും നാളെയും പലയിടത്തും വംശീയ റാലികള്‍ , റീല്‍സ് പിടിക്കാന്‍ വഴിയിലിറങ്ങുമ്പോള്‍ മുന്‍കരുതലെടുക്കുക
അതിനിടെ കഴിഞ്ഞ ഒരാഴ്ചയായി സൗത്ത് പോര്‍ട്ടില്‍ പുകയുന്ന വംശീയ പകയുടെ പ്രതിഫലനമായി ഇന്നും നാളെയും യുകെയില്‍ പലയിടത്തും വെള്ളക്കാരായ തീവ്ര വിഭാഗക്കാര്‍ റാലികള്‍ നടത്താന്‍ ഒരുങ്ങുകയാണ് . മലയാളികള്‍ പ്രാദേശികമായി കരുതലെടുക്കണമെന്നും പൊതു ഇടങ്ങളില്‍ സമ്മര്‍ ആഘോഷ പാര്‍ട്ടികളോ അസോസിയേഷന് പരിപാടികളോ നടത്തുമ്പോള്‍ മുന്‍കരുതല്‍ എടുക്കണമെന്നും പലയിടത്തും മലയാളി കൂട്ടായ്മകളില്‍ സന്ദേശം എത്തിയിട്ടുണ്ട് . ലെസ്റ്റര്‍ മലയാളി സംഘടനാ ഇക്കാര്യത്തില്‍ തങ്ങളുടെ അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു . മലയാളികളെ കൂട്ടമായി കാണുമ്പോള്‍ വംശീയ വാദികള്‍ക്ക് സമനില തെറ്റുന്ന തരത്തില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുന്നത് നല്ല പ്രവണതയല്ല എന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് . കഴിഞ്ഞ ദിവസം ഇന്‍ഫ്ലുസര്‍ എന്ന നിലയില്‍ അറിയപെടുന്ന മലയാളി യുവതി ലണ്ടനില്‍ റീല്‍ ചെയ്യാന്‍ റോഡില്‍ ഇറങ്ങി എടുത്ത വിഡിയോയില്‍ കാര്‍ യുവതിയെ കണ്ടിട്ടും നിര്‍ത്താതെ അരികിലൂടെ ഓടിച്ചു പോകുന്ന ദൃശ്യമൊക്കെ ഒരു മുന്നറിയിപ്പായി കാണാതിരിക്കാന്‍ കഴിയില്ല എന്ന് മലയാളികള്‍ തന്നെ പറഞ്ഞു കഴിഞ്ഞു . പൊതു ഇടങ്ങളില്‍ ഇത്തരം ദൃശ്യങ്ങള്‍ പരിചിതം ഇല്ലാത്ത ബ്രിട്ടീഷ് സമൂഹത്തില്‍ നിന്നും അത്തരം കാര്യങ്ങളോട് എതിര്‍പ്പ് ഉയരുക സ്വാഭാവികവുമാണ് . പ്രത്യേകിച്ചും വംശീയത അന്തരീക്ഷത്തില്‍ പടര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് മലയാളികള്‍ സ്വയം കരുതലെടുക്കണമെന്നും ഓര്‍മ്മിപ്പിക്കുകയാണ് പ്രസ്തുത ദൃശ്യം .
അഭയാര്‍ത്ഥികളെ റുവാണ്ടയിലേക്ക് മാറ്റണം എന്ന വിഷയത്തില്‍ വിമതനായി മാറി മുന്‍ പ്രധാനമന്ത്രി ഋഷി സുനാകുമായി ഇടഞ്ഞാണ് ലീ ആന്ഡേഴ്സണ് എംപി സ്ഥാനം രാജി വയ്ക്കുന്നതും പാര്‍ട്ടി വിടുന്നതും . ലീ ആന്‍ഡേഴ്സണെ പാര്‍ട്ടിയില്‍ തിരിച്ചടിക്കണമെന്നു ആ സമയത്തു പാര്‍ട്ടിയിലെ കടുപ്പക്കാര്‍ ഏറെ വീറോടെ വാദിച്ചതുമാണ് . എന്നാല്‍ വംശീയ വാദികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനം ഇല്ലെന്നാണ് ഋഷി സുനക്കും അദ്ദേഹത്തെ അനുകൂലിക്കുന്നവരും നിലപാട് എടുത്തതും . ഇതേത്തുടര്‍ന്നാണ് റീഫോം പാര്‍ട്ടി ഇലക്ഷന് തൊട്ടു മുന്‍പേ കണ്സര്വേറ്റീവ്പാര്ട്ടിയിലെ തീവ്ര വിഭാഗത്തെ തങ്ങളിലേക്ക് അടുപ്പിച്ചതും . കഴിഞ്ഞ മാസം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഒട്ടേറെ ടോറി സ്ഥാനാര്‍ത്ഥികളെ പരാജയത്തിലേക്ക് നയിച്ചത് റീഫോം സ്ഥാനാര്‍ത്ഥികള്‍ പിടിച്ച കണ്‍സര്‍വേറ്റീവ് അനുകൂല വോട്ടുകള്‍ കൂടിയായിരുന്നു . ഇപ്പോള്‍ റീഫോം പാര്‍ട്ടിയിലെ മുന്‍ നിര നേതാവ് കൂടിയാണ് മലയാളികളെ ആക്ഷേപിക്കാന്‍ പരോക്ഷമായി എങ്കിലും കാരണക്കാരനായ ലീ ആന്ഡേഴ്സണ് . താന്‍ പറഞ്ഞത് വാ വിട്ട വാക്കുകള്‍ ആണെന്ന മനോവിഷമം ഒന്നും കൂടാതെയാണ് ലീ ആന്ഡേഴ്സണ് ഇപ്പോള്‍ തുടര്‍ വിശദീകരണം നല്‍കുന്നതും . തന്റെ മണ്ഡലത്തില്‍ അഭയാര്‍ത്ഥികള്‍ അഴിഞ്ഞാടാന്‍ അനുവദിക്കില്ലെന്നും മണ്ഡലത്തെ സംരക്ഷിക്കാന്‍ സാധ്യമായതൊക്കെ ചെയ്യും എന്നുമാണ് അദ്ദേഹം പറയുന്നത് . എന്നാല്‍ വംശീയവാദികളെ താന്‍ കൈകാര്യം ചെയ്യും എന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റര്‍മാര്‍ വക്തമാക്കിയെങ്കിലും അതിനെതിരെ ലീ ആന്ഡേഴ്സണ് പ്രതികരിച്ചിട്ടില്ല എന്നതും കൗതുകകരമാണ് .