- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാര്‍പ്പാപ്പയെ സാത്താന്റെ സേവകന് എന്ന് മുദ്രകുത്തിയ ആര്‍ച്ച് ബിഷപ്പിനെ പുറത്താക്കി കത്തോലിക്ക സഭ; വിഭാഗീയത സഭയിലും ചര്‍ച്ച
വത്തിക്കാന്‍: തികഞ്ഞ യാഥാസ്ഥിതികവാദിയായ ആര്‍ച്ച്ബിഷപ്പിനെ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഭയില്‍ നിന്നും പുറത്താക്കി കത്തോലിക്ക സഭ. സഭയില്‍ ഭിന്നിപ്പുണ്ടാക്കിയതിനാണ് ശിക്ഷ. കാനോന്‍ നിയമപ്രകാരം സഭയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുക എന്നത് ഗുരുതരമായ കുറ്റമാണ്. മാര്‍പ്പാപ്പയുടെ പരമാധികാരം അംഗീകരിക്കാന്‍ തയ്യാറാകാതെ വരുമ്പോഴാണ് ഈ കുറ്റം ചാര്ത്തപ്പെടുക.
2011 മുതല്‍ 2016 വരെ അമേരിക്കയിലെ വത്തിക്കാന്‍ അംബാസിഡര്‍ ആയി പ്രവര്‍ത്തിച്ച ആര്‍ച്ച് ബിഷപ്പ് കാര്‍ലോ മാരിയ വിഗാനോയാണ് ശിക്ഷാ നടപടികള്‍ക്ക് വിധേയനായത്. 2018- ല്‍ അമേരിക്കന്‍ കര്‍ദ്ദിനാള്‍ തിയോഡര്‍ മെക്കാരിക്കിന്റെ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മാര്‍പ്പാപ്പക്ക് അറിയാമായിരുന്നു എന്ന പ്രസ്താവന ഇറക്കിയതിനു ശേഷം അദ്ദേഹം അപ്രത്യക്ഷനാവുകയായിരുന്നു. ഈ ആരോപണം വത്തിക്കാന്‍ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
വ്യജ പ്രവാചകന് എന്നും, സാത്താന്റെ സേവകന് എന്നുമൊക്കെ വിഗാനോ മാര്‍പ്പാപ്പയെ വിളിച്ചിരുന്നു. മാത്രമല്ല, പോപ്പ് രാജിവയ്ക്കണം എന്ന ആവശ്യവും അദ്ദേഹം ഉയര്‍ത്തിയിരുന്നു. ഇന്നലെയായിരുന്നു ഈ 83 കാരനെ സഭയില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് വത്തിക്കാന്‍ പുറത്തിറക്കിയത്. റോമന്‍ കത്തോലിക്ക സഭയുടെയും, അതിന്റെ തലവന്റെയും പരമാധികാരം അംഗീകരിക്കാന്‍ വിഗാനോ തയ്യാറല്ല എന്ന് മുന്‍ പ്രസ്താവനകള്‍ തെളിയിക്കുന്നതായി ഉത്തരവില്‍ പറയുന്നു.
മാത്രമല്ല, 1960 ല്‍ സഭ നടപ്പിലാക്കിയ പരിഷ്കരണങ്ങളെയും വിഗാനോ നിഷേധിച്ചിരുന്നതായി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. വിചാരണക്കും വിശകലനത്തിനും ഒടുവില്‍ കാര്‍ലോ മാരിയ വിഗാനോ സഭാ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി എന്നും ഉത്തരവില്‍ പറയുന്നുണ്ട്. സഭയില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ വിഗാനോക്ക് ഇനി ശുശ്രൂഷാ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്, സഭയുടെ ഓഫീസ് മേധാവിയാണെങ്കിലും, പോപ്പിന്റെ അനുവാദമില്ലാതെ ഇത്തരം ഒരു ഉത്തരവ് ഇറങ്ങില്ല എന്നത് ഒരു വസ്തുതയാണ്.
'അവര്‍ നിശബ്ദത തുടരുകയാണെങ്കില്‍, കല്ലുകള്‍ ഉറക്കെ ആര്‍ത്തുവിളിക്കും' എന്ന ബൈബിള്‍ പുതിയ നിയമത്തിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ട്, കത്തോലിക്ക വിശ്വാസികളോട് തനിക്കൊപ്പം ചേരാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റ് എക്സില്‍ പോസ്റ്റ് ചെയ്താണ് വിഗാനോ ഈ ഉത്തരവിനോട് പ്രതികരിച്ചത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, സമാന ചിന്താഗതിയുള്ള കടുത്ത യാഥാസ്ഥിതിക വാദികളായ ഒരുപാട് അനുയായികളെ സൃഷ്ടിക്കാന്‍ വിഗാനോവിന് കഴിഞ്ഞിട്ടുണ്ട്.