- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാസ്സ്പോര്‍ട്ടുകള്‍ക്ക് നീല, പച്ച, ചുവപ്പ്, കറുപ്പ് തുടങ്ങിയ നിറങ്ങള്‍! ലോക രാജ്യങ്ങളിലെ പാസ്സ്പോര്‍ട്ടുകളുടെ നിറവും രഹസ്യങ്ങളും അറിയാം
ലണ്ടന്‍: ബ്രക്സിറ്റിനു ശേഷം അടുത്തിടെ ബ്രിട്ടീഷ് പാസ്സ്പോര്‍ട്ടുകളുടെ നിറം ചുവപ്പില്‍ നിന്നും നീലയാക്കി മാറ്റിയിരുന്നു. ചുവപ്പിനും നീലക്കും പുറമെ ചില രാജ്യങ്ങളുടെ പാസ്സ്പോര്‍ട്ടുകള്‍ പച്ച നിറമുള്ളതും മറ്റു ചിലവ കറുപ്പ് നിറമുള്ളതുമാണ്. ഈ നിറങ്ങള്‍ വെറുതെ നല്‍കുന്നതല്ല, മറിച്ച് അവ നിരവധി സൂചനകള്‍ നല്കുന്നു എന്നാണ് ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് തന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തുന്നത്. മാത്രമല്ല, പാസ്സ്പോര്‍ട്ടിന് ഏത് നിറമാണ് വേണ്ടതെന്ന് നിശ്ചയിക്കുന്നത് ആരാണെന്നും അതില്‍ വ്യക്തമാക്കുന്നുണ്ട്.
ഈ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ ഉടമകളായ ട്രാവല്‍ കമ്പനി പറയുന്നത് നീല പാസ്സ്പോര്‍ട്ടുകള്‍ സാധാരണയായി സൂചിപ്പിക്കുന്നത് സ്വാതന്ത്ര്യം, സ്ഥിരത, ചാലകത (മൊബിലിറ്റി) എന്നിവയാണ് എന്നാണ്. ഒരു പാസ്സ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണമാണ് ചലനക്ഷമത അഥവാ മൊബിലിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നീല പാസ്സ്പോര്‍ട്ട് ആണെങ്കില്‍ ഇത് വളരെ ഉയര്‍ന്നതായിരിക്കും. യു കെ, യു എസ് എ, കാനഡ, ബ്രസീല്‍ എന്നിവയുള്‍പ്പടെ ചില രാജ്യങ്ങള്‍ നീല പാസ്സ്പോര്‍ട്ട് ആണ് നല്‍കുന്നത്.
പച്ച നിറം ഇസ്ലാമതവുമായി ബന്ധപ്പെട്ടതിനാല്‍ സാധാരണയായി മദ്ധ്യപൂര്‍വ്വ ദേശങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമാണ് അത് നല്‍കുന്നതെന്ന് വീഡിയോയില്‍ പറയുന്നു. ഇത്തരം വിസകള്‍ക്ക് ചാലകത കുറവായിരിക്കും. ഈ രാജ്യങ്ങളില്‍ കൂടുതല്‍ വിസയും നിയന്ത്രണങ്ങളും ആവശ്യമായതിനാലാണിത്. ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്, മൊറോക്കോ, സൗദി അറേബ്യ എന്നിവ ഉള്‍പ്പടെയുള്ള ചില രാജ്യങ്ങളാണ് പച്ച പാസ്സ്പോര്‍ട്ട് നല്‍കുന്നത്.
അടുത്തിടെ നിറം മാറ്റുന്നതു വരെ ബ്രിട്ടീഷ് പാസ്സ്പോര്‍ട്ടിന്റെ നിറം ചുവപ്പായിരുന്നു. ഇപ്പോഴും പല ബ്രിട്ടീഷുകാര്‍ക്കും ചുവപ്പ് പാസ്സ്പോര്‍ട്ട് ഉണ്ട്. അടുത്ത തവണ പാസ്സ്പോര്‍ട്ട് പുതുക്കുമ്പോള്‍ അവര്‍ക്കും നീല പാസ്സ്പോര്‍ട്ട് ലഭിക്കും. അധികാരവുമായും, അപ്രമാദിത്തവുമായും ചുവപ്പ് നിറം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വീഡിയോയില്‍ പറയുന്നത്. സാധാരണയായി യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങളാണ് ചുവപ്പ് പാസ്സ്പോര്‍ട്ട് നല്‍കുന്നത്. ആഗോള തലത്തില്‍ തന്നെ ഉയര്‍ന്ന ചലനക്ഷമതയുള്ള രാജ്യങ്ങളായാണ് ഇവ പരിഗണിക്കപ്പെടുന്നത്. ഇറ്റലി, ജപ്പാന്, ചൈന എന്നിവ ഉള്‍പ്പടെ ചില രാജ്യങ്ങള്‍ ചുവപ്പ് പാസ്സ്പോര്‍ട്ട് നല്കുന്നു.
കൂടുതലായി ആഫ്രിക്കന്‍ രാജ്യങ്ങള്‍ നല്‍കുന്നത് കറുപ്പ് നിറമുള്ള പാസ്സ്പോര്‍ട്ട് ആണ്. ഇവ ആഗോളതലത്തില്‍ കുറഞ്ഞ ചലനക്ഷമത ഉള്ള രാജ്യങ്ങളാണ്. ഉയര്‍ന്ന നിയന്ത്രണങ്ങള്‍ ഉള്ള രാജ്യങ്ങളായതിനാല്‍ കൂടുതല്‍ വിസകള്‍ ആവശ്യമായി വരും. സിംബാബ്വേ, ബോത്സ്വാന, മാലാവി, അംഗോള എന്നിവയുള്‍പ്പടെ പല രാജ്യങ്ങളും കറുപ്പ് നിറമുള്ള പാസ്സ്പോര്‍ട്ടാണ് നല്‍കുന്നത്.
വിവിധ വര്‍ണ്ണങ്ങളുള്ള പാസ്സ്പോര്‍ട്ടുകള്‍ ഉണ്ടാകുമ്പോള്‍, ഈ നിറങ്ങള്‍ തീരുമാനിക്കുന്നത് ആരാണെന്ന സംശയം സ്വാഭാവികമായും ഉദിക്കും. ഓരോ രാജ്യത്തിലെയും ഭരണകൂടങ്ങളാണ് അതാത് രാജ്യങ്ങളുടെ പാസ്സ്പോര്‍ട്ടിന്റെ നിറം നിശ്ചയിക്കുന്നത്. അതിനായി, ദേശീയ വ്യക്തിത്വം, പ്രാദേശിക കരാറുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഭരണകൂടങ്ങള്‍ പരിഗണിക്കും.