ലണ്ടന്‍: ഓറഞ്ച് ജ്യൂസ് കാര്‍ട്ടനില്‍ ജയില്‍ പുള്ളിക്കായി എ ക്ലാസ്സ് മയക്കു മരുന്ന് ജയിലിനകത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെ പിടിയിലായ വനിതാ ജയില്‍ ഓഫീസര്‍ക്ക് ആറ് വര്‍ഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. 2022 ഫെബ്രുവരിയില്‍ പാര്‍ക്ക് ജയിലില്‍ ആയിരുന്നു സംഭവം നടന്നത്. വനിത ജയില്‍ ഓഫീസറായ ജോഡീ ബീര്‍, എ ക്ലാസ്, ബി ക്ലാസ്, സി ക്ലാസ് മയക്കുമരുന്നുകള്‍ കൈവശം വച്ചു, അത് വിതരണത്തിനായി ശ്രമിച്ചു, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. റോണ്ട സിനൊണ്‍ ടാഫ്, ലാന്‍ഹാരിയിലെ ഈ 30 കാരി 5000 പൗണ്ട് പ്രതിഫലം കൈപ്പറ്റിക്കൊണ്ടായിരുന്നു കൊക്കെയ്ന്‍, കഞ്ചാവ്, പ്രിസ്‌ക്രിപ്ഷന്‍ ടാബ്ലറ്റുകള്‍ എന്നിവ കടത്തിയത്.

ഓരോ കുറ്റത്തിനുമായി മൊത്തം ആറ് വര്‍ഷത്തെ തടവ് ശിക്ഷയാണ് ടിഡിഫില്‍ ക്രൗണ്‍ കോടതി വെള്ളിയാഴ്ച വിധിച്ചത്. 2019 മുതല്‍ ആയിരുന്നു ബീര്‍ ഒരു പ്രിസണ്‍ ഓഫീസറായി ജോലി ചെയ്യാന്‍ ആരംഭിച്ചത്. കുറച്ച് സാധനങ്ങള്‍ ജയിലിലെക്ക് കൊണ്ടുവന്നു തന്ന് അധിക വരുമാനം ഉണ്ടാക്കാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചായിരുന്നു ജയില്‍ പുള്ളി അവരെ ഈ കുറ്റകൃത്യത്തിലേക്ക് ആകര്‍ഷിച്ചത്. ആദ്യം അവര്‍ അത് നിരാകരിച്ചെങ്കിലും പിന്നീട് സമ്മതം നല്‍കുകയായിരുന്നു.

ഒരു ബര്‍ണര്‍ ഫോണ്‍ വാങ്ങാനായിരുന്നു ജയില്‍ പുള്ളി അവരോട് ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് ഒരു അജ്ഞാത നമ്പറില്‍ നിന്നും വന്ന ഫോണ്‍ അവരോട് ബ്രിഡ്ജ്എന്‍ഡിലെ സെയ്ന്‍സ്ബറി സൂപ്പര്‍മാര്‍ക്കറ്റിനടുത്ത് വെച്ച് ഒരാളെ കാണാന്‍ ആവശ്യപ്പെട്ടു. വന്നത് ആരാണ് എന്ന് കാണാന്‍ അവര്‍ ശ്രമിച്ചില്ല, അതായിരുന്നു നിര്‍ദ്ദേശം. ഇവരുടെ കാറിന്റെ പാസഞ്ചര്‍ സീറ്റില്‍ മൂന്ന് കൊക്കെയ്ന്‍ ചെറു ബാഗുകള്‍ അടങ്ങിയ ഒരു ബാഗ് വെച്ചു.

ഈ ബാഗുകള്‍ പക്ഷെ ബീര്‍ ജയിലില്‍ കൊണ്ടു പോയില്ല, അവര്‍ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുകയും അത് നഷ്ടപ്പെട്ടു എന്ന് ജയില്‍പ്പുള്ളിയോട് നുണ പറയുകയും ആയിരുന്നു. അത്തരത്തിലൊരു കാര്യം ഇനി ചെയ്യില്ല എന്ന് അവര്‍ തീരുമാനമെടുത്ത അവര്‍ക്ക് നേരത്തെ നടന്ന ഡീലിന് പ്രതിഫലം ഒന്നും ലഭിച്ചിരുന്നില്ല. പക്ഷെ, രണ്ടാമതും അവരെ സമീപിച്ചപ്പോള്‍ പണത്തിന്റെ ഞെരുക്കത്തില്‍ ആയിരുന്നു അവര്‍ അതിന് സമ്മതിക്കുകയായിരുന്നു.

2022 ഫെബ്രുവരി 1 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മുന്‍പത്തിലേതിന് സമാനമായിരുന്നു അന്നും നടന്നത്. എന്നാല്‍, ഇത്തവണ കാറിനുള്ളില്‍ വെച്ചത് രണ്ട് ഓറഞ്ച് ജ്യൂസ് കാര്‍ട്ടനുകള്‍ ഉള്‍പ്പെടുന്ന ഒരു ടെസ്‌കോ ബാഗ് ആയിരുന്നു. പിന്നീട് ഫെബ്രുവരി 3 ന് ഡ്യൂട്ടിക്ക് കയറാന്‍ ചെന്നപ്പോഴായിരുന്നു മാനേജര്‍ ഇവരോട് കാര്‍ നീക്കിയിടാന്‍ പറഞ്ഞ് പരിശോധിക്കുന്നതും ഇവരെ അറസ്റ്റ് ചെയ്തതും ടെസ്‌കോ ബാഗ് പിടിച്ചെടുത്തതും 18.6 ഗ്രാം ശുദ്ധി കൊക്കെയ്ന്‍ ഉള്‍പ്പടെ 21.86 കൊക്കെയ്ന്‍, 628 ഗ്രാം കഞ്ചാവ്, ചില മയക്കു മരുന്നുകളുടെ 156 ഗ്രാം ടാബ്ലെറ്റ് എന്നിവയായിരുന്നു അതില്‍ ഉണ്ടായിരുന്നത്.

അതിനു പുറമെ 10 മൊബൈല്‍ ഫോണുകള്‍, ആറ് മൊബൈല്‍ ഫോണ്‍ കീകള്‍, 10 യു എസ് ബി കേബിളുകള്‍, ഒന്‍പത് സിം കാര്‍ഡുകള്‍ എന്നിവയും അതിലുണ്ടായിരുന്നു. മയക്കുമരുന്ന് മാത്രം ഏതാണ് 62,600 പൗണ്ട് വില മതിക്കുന്നതായിരുന്നു. പിന്നീട്, വനിതാ ജയില്‍ ഓഫീസറുടെ ഒരു പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പോലീസ് 3,935 പൗണ്ട് ക്യാഷും കണ്ടെത്തുകയുണ്ടായി.