ഹരിപ്പാട്: ഹരിപ്പാട് നാലാം ക്ലാസുകാരന്‍ ജീവനൊടുക്കി. കാര്‍ട്ടൂണ്‍ചാനല്‍ കാണാന്‍ ടി.വി. റീച്ചാര്‍ജ് ചെയ്തുകൊടുക്കാന്‍ വൈകിയതില്‍ പിണങ്ങി ഒമ്പതു വയസ്സുകാരനാണ് ആത്മഹത്യ ചെയ്തത്. മുട്ടം എള്ളുവിളയില്‍ ബാബു-കല ദമ്പതിമാരുടെ മകന്‍ കാര്‍ത്തിക് ആണ് മരിച്ചത്. ഇക്കഴിഞ്ഞ 18-ാം തീയതിയാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, വെള്ളിയാഴ്ച രാത്രിയാണു മരിച്ചത്. ാര്‍ട്ടൂണ്‍ ചാനല്‍ കിട്ടുന്നില്ലെന്നും റീച്ചാര്‍ജ് ചെയ്യണമെന്നും കുട്ടി വീട്ടുകാരോട് ആവശ്യപ്പെട്ടു. വൈകുന്നേരം ചെയ്യാമെന്ന് അമ്മ പറഞ്ഞു. പിന്നാലെ കുട്ടി വീടിനോടുചേര്‍ന്നുള്ള ചായ്പില്‍ക്കയറി തൂങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീട്, തിരുവല്ലയിലെ മെഡിക്കല്‍ കോളേജിലേക്കു മാറ്റി. അവിടെ വെന്റിലേറ്ററിലായിരുന്നു. മുട്ടത്തെ സ്വകാര്യ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ്. സംഭവത്തില്‍ കരീലക്കുളങ്ങര പോലീസ് കേസെടുത്തു.സഹോദരങ്ങള്‍: കൗശിക്, കൃതിക.