മലപ്പുറം: നിപയുടെ അഞ്ചാം വരവില്‍ ജീവന്‍ പോയത് കാല്‍പ്പന്തുകളിയെ സ്‌നേഹിച്ച പതിനാലുകാരന്. രോഗബാധ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലെ പതിന്നാലുകാരന്‍ ഞായറാഴ്ച രാവിലെയാണ് മരണത്തിനു കീഴടങ്ങിയത്. ഈ സാഹചര്യത്തില്‍ മലബാറാകെ കരുതലിലാണ്. മികച്ച ഫുട്ബോള്‍ കളിക്കാരന്‍കൂടിയായിരുന്നു ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ മരിച്ച കുട്ടി. മൃതദേഹം വൈകീട്ട് 5.30-ഓടെ പാണ്ടിക്കാട്ടേക്ക് കൊണ്ടുപോയി. കബറടക്കം നിപ പ്രോട്ടക്കോള്‍ അനുസരിച്ച് ഒടോമ്പറ്റ പഴയ ജുമാ മസ്ജിദ് കബറിസ്താനില്‍ നടന്നു. കേരളത്തില്‍ ഒരു നിപ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്തിന് നിര്‍ദേശങ്ങളുമായി കേന്ദ്രം ആരോഗ്യമന്ത്രാലയവും രംഗത്തു വന്നു.

രോഗബാധിതരുടെ 12 ദിവസത്തെ സമ്പര്‍ക്കങ്ങള്‍ കണ്ടെത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സംഘത്തെ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ നിയോഗിച്ചു. സമ്പര്‍ക്കത്തില്‍ വന്നവരെ അടിയന്തരമായി ക്വാറന്റീനിലേക്ക് മാറ്റണം. സാമ്പിള്‍ പരിശോധനയ്ക്ക് അയക്കണം. മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം അയച്ചു നല്‍കി. 14 വയസ് പ്രായമുളള നിപ രോഗി മരിക്കും മുമ്പ് മോണോ ക്ലോണല്‍ ആന്റി ബോഡി എത്തിച്ചിരുന്നു. എന്നാല്‍ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ നല്‍കാനായില്ല. മൊബൈല്‍ ബിഎസ്എല്‍ 3 ലബോറട്ടറി കോഴിക്കോട് എത്തിച്ചുവെന്നും കേന്ദ്രം വിശദീകരിച്ചു.

അബോധാവസ്ഥയിലായിരുന്ന കുട്ടിക്ക് ഞായറാഴ്ച 10.50-ഓടെ ഹൃദയാഘാതമുണ്ടായി. 11.30-ഓടെ മരണം സ്ഥിരീകരിച്ചു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നെത്തിച്ച മോണോക്ലോണല്‍ ആന്റിബോഡി നല്‍കാനിരിക്കെയാണിത്. ശനിയാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്തിരുന്നെന്നുവെന്ന് സംസ്ഥാന ആരോഗ്യ വകുപ്പും പറയുന്നു. നിപ വൈറസ് സംശയിച്ച സാഹചര്യത്തില്‍ കോണ്ടാക്ട് ട്രെയ്‌സിംഗ് ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 246 പേരും അതില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ 63 പേരുമാണ് നിലവിലുള്ളത്.

മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കും. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകളും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആവശ്യമായ അതിതീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ താല്ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വണ്ടൂര്‍, നിലമ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളില്‍ ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ളവ എത്തിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിപ പ്രതിരോധത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കാം. വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്, മറ്റേതെങ്കിലും ജീവികള്‍ കടിച്ചതോ ഉപേക്ഷിക്കപ്പെട്ടതോ ആയ പഴങ്ങള്‍ കഴിക്കരുത്, വാഴക്കുലയിലെ തേന്‍ കുടിക്കരുത്, വവ്വാലുകളെയോ അവയുടെ വിസര്‍ജ്യമോ അവ കടിച്ച വസ്തുക്കളോ സ്പര്‍ശിക്കുന്ന സാഹചര്യം ഉണ്ടായാല്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിട്ടൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യുക. ഏതെങ്കിലും തരത്തില്‍ സംശയമുള്ളവര്‍ നിപ കണ്‍ടോള്‍ റൂമിലേക്ക് വിളിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

0483-2732010
0483-2732050
0483-2732060
0483-2732090