തിരുവല്ല: തിരുവല്ല നഗരസഭയില്‍ അവധി ദിനമായ ഞായറാഴ്ച റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി ഉണ്ടാവില്ല. ഇക്കാര്യത്തില്‍ മന്ത്രി എം ബി രാജേഷ് നിര്‍ദ്ദേശം നല്‍കി. അവശ്യഘട്ടങ്ങളില്‍ സേവനസജ്ജരായി ഞായറാഴ്ചകളില്‍ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച നഗരസഭയിലെ 9 ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് കിട്ടി. റവന്യുവിഭാഗത്തിലെ വനിതകള്‍ അടക്കമുള്ള ജീവനക്കാര്‍ക്കാണ് നഗരസഭ സെക്രട്ടറി നോട്ടീസയച്ചത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കര്‍ശനമായ അച്ചടക്കനടപടി ഉണ്ടാകുമെന്നാണ് നോട്ടീല്‍ പറയുന്നത്. എന്നാല്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയതോടെ ജീവനക്കാര്‍ക്ക് ശ്വാസം വിടാം.

മന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ:

തിരുവല്ല നഗരസഭയില്‍ ജീവനക്കാര്‍ ഉള്‍പ്പെട്ട സോഷ്യല്‍ മീഡിയാ റീല്‍ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയില്‍ നിന്നും നഗരസഭാ സെക്രട്ടറിയില്‍ നിന്നും വിവരങ്ങള്‍ തേടുകയുണ്ടായി. ഇവരില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഞായറാഴ്ച ദിവസത്തിലാണ് റീല്‍ തയ്യാറാക്കിയത് എന്ന് മനസിലായി. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടാന്‍ വേണ്ടി, ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് റീല്‍ ചിത്രീകരിച്ചത് എന്ന് ലഭിച്ച വിവരങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

ജീവനക്കാരുടെ എല്ലാ സര്‍ഗാത്മക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ട്. പക്ഷെ ഔദ്യോഗിക കൃത്യനിര്‍വഹണത്തെ ബാധിക്കാതെയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കാതെയും മാത്രമായിരിക്കണം ഇതെല്ലാം. പ്രവൃത്തി സമയത്ത് ജോലിക്ക് തടസം വരുന്ന രീതിയില്‍ ആഘോഷപരിപാടികളൊന്നും ഓഫീസുകളില്‍ സംഘടിപ്പിക്കരുതെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്.

തിരുവല്ല നഗരസഭയില്‍ അവധി ദിനമായ ഞായറാഴ്ച അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അവശ്യഘട്ടങ്ങളില്‍ സേവനസജ്ജരായി ഞായറാഴ്ചകളില്‍ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ അഭിനന്ദിക്കുന്നു.

ജോലി സമയത്ത് ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ചു, ഇതിനായി ഓഫീസ് സംവിധാനം ദുരുപയോഗം ചെയ്തു, ദൃശ്യങ്ങള്‍ സാമൂഹിക മാധ്യങ്ങളില്‍ പങ്കുവെച്ചത് പൊതുസമൂഹത്തില്‍ നഗരസഭയ്ക്കും ജീവനക്കാര്‍ക്കും എതിരായ വികാരം ഉണ്ടാകാന്‍ കാരണമായി എന്നീ കുറ്റങ്ങളാണ് ജീവനക്കാര്‍ക്ക് എതിരായ നോട്ടീസിലുള്ളത്.

മൂന്ന് ദിവസത്തിനുള്ളില്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ കേരള സിവില്‍ സര്‍വ്വീസ് ചട്ടം അനുസരിച്ചും മുന്‍സിപ്പല്‍ ആക്ട് പ്രകാരവും ഉള്ള ശിക്ഷാ നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കി. റീല്‍സ് ചിത്രീകരിച്ചതും നഗരസഭയിലെ ജീവനക്കാരനാണ്. എന്നാല്‍ ഇത് ആരാണെന്ന് വ്യക്തമല്ല.ദേവദൂതന്‍ എന്ന മലയാള സിനിമയിലെ ഗാനത്തിന്റെ പശ്ചാത്തലത്തോടെ ആയിരുന്നു ജീവനക്കാരുടെ റീല്‍സ് ചിത്രീകരണം.

ജീവനക്കാരുടെ വിശദീകരണം

ഞായറാഴ്ചയാണ് വിഡിയോ ചിത്രീകരിച്ചതെന്ന് ജീവനക്കാര്‍ വിശദീകരണം നല്‍കി. നഗരസഭാ സെക്രട്ടറി അവധിയിലായിരുന്നതിനാല്‍ സീനിയര്‍ സൂപ്രണ്ടിനാണ് വിശദീകരണം നല്‍കിയത്. ദുരന്തനിവാരണത്തിന്റെ ഭാഗമായി കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് അന്ന് ഇവര്‍ ജോലിക്കെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീല്‍സ് എടുത്തതെന്നും ജീവനക്കാരുടെ വിശദീകരണത്തില്‍ പറയുന്നു.