ഇടുക്കി: പാമ്പാടുംപാറ പഞ്ചായത്തിലെ വലിയതോവാള സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന് വാഴക്കുലകള്‍ വെട്ടിക്കടത്തുന്നതിന് സി.പി.എം നേതാവിന് ഒത്താശ ചെയ്ത ജീവനക്കാരി ചെറിയ മീനല്ല. സര്‍ക്കാര്‍ ജീവനക്കാരിയാണെന്ന വിവരം മറച്ചു വച്ച് ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ തട്ടിയതടക്കം നിരവധി ആരോപണങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. ഓഫീസിലെ ഹാജര്‍ ബുക്കില്‍ കൃത്രിമം നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കിഴക്കന്‍ മേഖല എസ്.പി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കിയിരുന്നു.

സര്‍ക്കാര്‍ സര്‍വീസില്‍ തുടരുമ്പോഴും നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ഇവര്‍ പെന്‍ഷനും കൈപ്പറ്റി വന്നിരുന്നു. ഇത് സംബന്ധിച്ച് കട്ടപ്പന സ്വദേശി 2021 ജനുവരിയില്‍ പരാതി നല്കിയതോടെ ഇവര്‍ വെട്ടിലായി. ക്ഷേമനിധി ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. ഇതോടെ ജീവനക്കാരി അനധികൃതമായി കൈപ്പറ്റിയ പണം തിരികെ പിടിക്കാന്‍ ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്തും നല്കി.

പണി തെറിക്കുമെന്ന് ഉറപ്പായതോടെ പെന്‍ഷനായി കൈപ്പറ്റിയ 33,240 രൂപ തിരിച്ചടച്ച് തലയൂരി. വകുപ്പ് തല നടപടികളില്‍ നിന്ന് രക്ഷപെടാന്‍ മാപ്പ് അപേക്ഷയും എഴുതി നല്കി. അറിവില്ലായ്മ മൂലമാണ് പെന്‍ഷന്‍ കൈപ്പറ്റിയതെന്നായിരുന്നു അപേക്ഷയില്‍. മാപ്പ് അപേക്ഷ പരിഗണിച്ച് ശിക്ഷണ നടപടിയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതിന് ഇവരെ വകുപ്പ് അധികൃതര്‍ വഴിവിട്ട് സഹായിച്ചിരുന്നതായാണ് ആരോപണം.

കട്ടപ്പനയിലെ ഒരു സിപിഐ നേതാവിന്റെ സഹായത്തോടെയാണ് ഇവര്‍ ക്ഷേമ നിധിയില്‍ അംഗത്വമെടുത്തതെന്നാണ് വിവരം. അംഗത്വം നല്കുമ്പോഴും പുതുക്കുമ്പോഴും പാലിക്കേണ്ട നിയമങ്ങള്‍ ഇവരുടെ കാര്യത്തില്‍ ഗുരുതര വീഴ്ചയും നടന്നു. അംഗത്വം നല്കണമെങ്കിലും പുതുക്കണമെങ്കിലും കുറഞ്ഞത് വര്‍ഷത്തില്‍ തൊണ്ണൂറില്‍ കുറയാത്ത ദിവസങ്ങള്‍ ജോലി ചെയ്തുവെന്ന് തെളിയിക്കണം. ഇത്തരത്തില്‍ ഇവര്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാതെയാണ് അംഗത്വത്തില്‍ തുടരാന്‍ ക്ഷേമനിധി ജില്ലാ ഓഫീസ് അധികൃതര്‍ സൗകര്യമൊരുക്കി നല്കിയത്. ഇതിന് പിന്നില്‍ നിര്‍മ്മാണ മേഖലയില്‍ യൂണിയനുള്ള നേതാവിന്റെ സ്വാധീനമാണെന്നും പറയപ്പെടുന്നു.