പാനൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടന കേസില്‍ രണ്ട് പേര്‍ക്ക് കൂടി ജാമ്യം. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം ലഭിച്ചത്. ആറാം പ്രതി സായൂജ്, ഏഴാം പ്രതി അമല്‍ ബാബു എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം മൂന്ന് പ്രതികള്‍ക്ക് തലശ്ശേരി അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും ജാമ്യം ലഭിച്ചിരിക്കുന്നത്.

അരുണ്‍, ഷിബിന്‍ ലാല്‍, അതുല്‍ എന്നിവര്‍ക്കാണ് തലശ്ശേരി കോടതി ഇന്നലെ ജാമ്യം നല്‍കിയത്. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ഇവര്‍ക്കും തന്നെ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത്. ഏപ്രില്‍ 5ന് പുലര്‍ച്ചെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ സിപിഐഎം പ്രവര്‍ത്തകനായ ഷെറില്‍ മരിക്കുകയും മറ്റൊരു സിപിഐഎം പ്രവര്‍ത്തകനായ വലിയപറമ്പത്ത് വിനീഷിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ മൂന്ന് ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികളടക്കം 13 സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. മരിച്ച ഷെറില്‍ അടക്കം കേസില്‍ ആകെ 15 പ്രതികളാണുള്ളത്.

ബോംബ് സ്‌ഫോടനക്കേസില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടുകള്‍ പല സമയത്തും മലക്കം മറിഞ്ഞിരുന്നു. ആദ്യത്തെ മൂന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടുകളില്‍ പൊതുതിരഞ്ഞെടുപ്പും രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടാണ് ബോംബ് നിര്‍മിച്ചതെന്ന് ആരോപിച്ച പൊലീസ്, പിന്നീടുള്ള മൂന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടുകളിലും ഇക്കാര്യം മാറ്റി പറഞ്ഞു. പ്രാദേശികമായി രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ബോംബ് നിര്‍മ്മാണത്തിലേക്കും പൊട്ടിത്തെറിയിലേക്കും നയിച്ചത് എന്ന റിപ്പോര്‍ട്ടിലേക്ക് പൊലീസ് പിന്നീട് എത്തിയത്.

പാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ കുയിമ്പില്‍ ക്ഷേത്ര പരിസരത്തുണ്ടായ സംഘര്‍ഷമാണ് ബോംബ് നിര്‍മിക്കാനുള്ള കാരണമെന്ന് പൊലീസ് ഇപ്പോള്‍ പറയുന്നത്. രാഷ്ട്രീയ എതിര്‍പ്പും തിരഞ്ഞെടുപ്പ് സാഹചര്യവുമാണ് ബോംബ് നിര്‍മാണത്തിന് കാരണമെന്ന പഴയ റിപ്പോര്‍ട്ടിനെ തള്ളുകയും ചെയ്യുന്നു.