- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം ബൈപാസിനും കൊല്ലം-ചെങ്കോട്ട പാതയ്ക്കും പച്ചക്കൊടി; തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡും ഉടന്‍; പിണറായി-ഗഡ്കരി കൂട്ടുകെട്ട് നേട്ടമാകുമ്പോള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു പ്രധാന ദേശീയപാത പദ്ധതികളുടെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട ആദ്യഘട്ടനടപടികള്‍ ദേശീയപാത അതോറിറ്റി തുടങ്ങുമ്പോള്‍ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം പുതിയ തലത്തിലെത്തും. എറണാകുളം ബൈപ്പാസ്, കൊല്ലം-ചെങ്കോട്ട പാത എന്നിവയുടെ നിര്‍മാണത്തിനുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികളാണ് ഒരുമാസത്തിനകം തുടങ്ങുന്നത്. എന്നാല്‍ തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള പുതിയ പാതയില്‍ തീരുമാനം വന്നിട്ടുമില്ല. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിലും ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധത്തിലാണ് ഗഡ്ഗരി. അതുകൊണ്ട് തന്നെ മോദി സര്‍ക്കാര്‍ കേന്ദ്രത്തിലെത്തിയ ശേഷം ഗഡ്ഗരിയുടെ സഹായം കേരളത്തിന് ഏറെ കിട്ടി. ദേശീയ പാതാ വികസനത്തിനും ഈ ബന്ധം ഗുണകരമായി. അത് വീണ്ടും കേരളത്തിന് താങ്ങാവുന്നുവെന്ന വിലയിരുത്തലാണ് പുതിയ പദ്ധതികളിലുള്ളത്. അതിവേഗ തീരുമാനങ്ങള്‍ ബാക്കിയുള്ള റോഡ് വികസനത്തിലും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
44.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് എറണാകുളം ബൈപ്പാസ്. 61.62 കിലോമീറ്ററാണ് ചെങ്കോട്ട പാതയുടെ നീളം. തിരുവനന്തപുരം-അങ്കമാലി എക്സ്പ്രസ് വേയുടെ പദ്ധതിപ്രഖ്യാപനവും വൈകാതെയുണ്ടാകുമെന്നാണ് പ്രതീക്ഷ. രണ്ടുപാതകളുടെ നിര്‍മാണസാമഗ്രികളുടെ ജി.എസ്.ടി. വിഹിതവും മണ്ണിന്റെയും കല്ലിന്റെയും റോയല്‍റ്റിയും ഒഴിവാക്കി സംസ്ഥാനം ഉത്തരവിറക്കിയതോടെയാണ് തടസ്സങ്ങള്‍ നീങ്ങിയത്. 741.35 കോടിരൂപയുടെ സാമ്പത്തികബാധ്യതയാണ് സംസ്ഥാനത്തിന് ഉണ്ടാവുക. കേരളത്തിന്റെ വികസനത്തില്‍ തിരുവനന്തപുരം-അങ്കമാലി എക്സ്പ്രസ് വേ അതിനിര്ണ്ണായകമായി മാറും.
രണ്ട് പതാകള്ക്കായി മൂന്ന്-എ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിക്കും. ആക്ഷേപമുള്ളവര്‍ 21 ദിവസത്തിനകം പരാതി നല്‍കണം. 287 ഹെക്ടര്‍ സ്ഥലമാണ് അങ്കമാലിമുതല്‍ കുണ്ടന്നൂര്‍വരെയുള്ള എറണാകുളം ബൈപ്പാസിനായി ഏറ്റെടുക്കേണ്ടത്. 187 ഹെക്ടര്‍ സ്ഥലമാണ് കടമ്പാട്ടുകോണംമുതല്‍ ഇടമണ്‍വരെയുള്ള ചെങ്കോട്ട പാതയ്ക്കുവേണ്ടത്. വിശദപദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കലും അവസാനഘട്ടത്തിലാണ്. ഇതിനൊപ്പം പുനലൂരും പുതിയ റോഡ് പരിഗണനയിലുണ്ട്.
പുനലൂരില്‍ ഇപ്പോഴുള്ള ദേശീയപാതയ്ക്കു സമാന്തരമായി പുതിയ ബൈപ്പാസിനുള്ള സാധ്യതയും ദേശീയപാത അതോറിറ്റി തേടുന്നുണ്ട്. 12 കിലോമീറ്ററാണ് നീളം. ടൗണ്‍ ഒഴിവാക്കിയാണ് നിര്‍മാണം. പദ്ധതി റിപ്പോര്‍ട്ട് ദേശീയപാത അതോറിറ്റിക്ക്, സംസ്ഥാനവിഭാഗം സമര്‍പ്പിച്ചിട്ടുണ്ട്. ഒരുമാസത്തിനകം ഇതിനുള്ള അനുമതി ലഭിച്ചേക്കും. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിലും ജി.എസ്.ടി.യും റോയല്‍റ്റിയും ഒഴിവാക്കി സംസ്ഥാനം ഉത്തരവിറക്കിയേക്കും. സര്‍വീസ് റോഡ് നിര്‍മാണത്തിനും സ്ഥലമേറ്റെടുപ്പിനുമുള്ള ചെലവ് സംസ്ഥാനം വഹിക്കും. തവണവ്യവസ്ഥയില്‍ പണം ദേശീയപാത അതോറിറ്റിക്ക് സംസ്ഥാനം കൈമാറും. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഇതിന് ഏറെ പ്രധാന്യമുണ്ട്.
പ്രധാനപാതയുടെ സ്ഥലമേറ്റെടുപ്പും നിര്‍മാണവും പൂര്‍ണമായും ദേശീയപാത അതോറിറ്റി നിര്‍വഹിക്കും. ഏകദേശം 8000 കോടിരൂപയാണ് 63 കിലോമീറ്റര്‍ നീളംവരുന്ന വിഴിഞ്ഞം-നാവായിക്കുളം റിങ് റോഡിന്റെ ചെലവ്. ഈ റോഡില്‍ നിന്നും അങ്കമാലിയിലേക്കുള്ള എക്സ്പ്രസ് വേ തുടങ്ങുമെന്നും സൂചനയുണ്ട്. എന്നാല്‍ അരുവിക്കരയില്‍ നിന്നാകണം അങ്കമാലിയിലേക്കുള്ള പുതിയ റോഡെന്ന വാദവും സജീവമാണ്. എല്ലാ ഘടകങ്ങളും പരിഗണിച്ചാകും റൂട്ടില്‍ കേന്ദ്ര അന്തിമ തീരുമാനം എടുക്കുക.