- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേമ പെന്ഷന് ഇനിയും കൂട്ടും; കേന്ദ്ര സമീപനത്തിലെ പണ ഞെരുക്കത്തിനിടയിലും വികസന-ക്ഷേമ പദ്ധതികളില്‍ പിന്നോട്ടില്ല; ചട്ടത്തില്‍ മറുപടിയുമായി പിണറായി
തിരുവനന്തപുരം: ക്ഷേമപെന്ഷന് ഇനിയും വര്‍ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പണഞെരുക്കം കാരണമുണ്ടായ സാമൂഹ്യക്ഷേമ പെന്ഷന് കുടിശ്ശിക ഗുണഭോക്താക്കള്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ഗഡുക്കളും 2025-26 ല്‍ മൂന്നു ഗഡുക്കളും വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ചട്ടം 300 പ്രകാരം നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
നിലവില്‍ സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെ അഞ്ചുഗഡുക്കള്‍ കുടിശ്ശികയാണ്. സാമൂഹ്യ ക്ഷേമ പെന്ഷന് കുടിശ്ശിക തീര്‍ത്തും നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിലവില്‍ ഈ ഇനത്തില്‍ 4,250 കോടി രൂപയാണ് കുടിശ്ശികയായുള്ളത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കുടിശ്ശികയുടെ ഭാഗമായി 1,700 കോടി രൂപ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം ചുവടെ
2021 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിന്റെ വിവേചനപരമായ നയങ്ങള്‍ കാരണം വലിയ തോതിലുള്ള പണഞെരുക്കം അനുഭവപ്പെടുകയുണ്ടായി. ഇത് ഇപ്പോഴും തുടരുകയാണ്.
2016 ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ പശ്ചാത്തലസൗകര്യ വികസനത്തിനും ക്ഷേമ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനും തുല്യ പ്രാധാന്യം നല്കുന്ന നയമാണ് സ്വീകരിച്ചത്. മുടങ്ങിക്കിടന്ന വന്‍കിട പദ്ധതികളായ ദേശീയപാതാ വികസനം, ഗെയ്ല് പൈപ്പ്ലൈന്, കൊച്ചി - ഇടമണ്‍ പവര്‍ഹൈവേ എന്നിവ ഏറ്റെടുക്കാനും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിന്റെ നാഴികക്കല്ലായ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാവുകയാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലും ഭവനരഹിതര്‍ക്കുള്ള ഭവനനിര്‍മ്മാണ പദ്ധതികള്‍ ആരംഭിക്കുന്നതിലും സര്‍ക്കാര്‍ വലിയ തോതിലുള്ള ഇടപെടലുകളാണ് നടത്തിയത്.
ഇതിനൊപ്പം ക്ഷേമപെന്‍ഷനുകള്‍ കാലാനുസൃതമായി വര്‍ദ്ധിപ്പിക്കാനും കൃത്യമായി വിതരണം ചെയ്യാനും സര്‍ക്കാരിനു സാധിച്ചു. സംസ്ഥാന ജീവനക്കാര്‍ക്ക് ശമ്പളപരിഷ്ക്കരണം നടപ്പിലാക്കാനും സാധിച്ചു. എന്നാല്‍, 2022 മാര്‍ച്ച് 31-ാം തീയതി കേന്ദ്ര ധനമന്ത്രാലയം സംസ്ഥാനത്തിന്റെ വായ്പാപരിധി മുന്‍കാല പ്രാബല്യത്തോടെ വെട്ടിച്ചുരുക്കുവാന്‍ എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ട് തീരുമാനമെടുത്തു. കേരളത്തില്‍ സമാനതകളില്ലാത്ത വികസനം എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മുന്നോട്ടു നീക്കാന്‍ സാധിച്ചത് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി നടത്തിയ ഇടപെടലുകളാണ് എന്ന കാര്യം ഈ സഭയിലുള്ള എല്ലാ ബഹുമാനപ്പെട്ട അംഗങ്ങള്‍ക്കും ബോധ്യമുള്ളതാണ്.
സംസ്ഥാന സര്‍ക്കാരിന്റെ തനതു റവന്യൂ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം കിഫ്ബിക്കായി നീക്കിവെച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മേല്‍പ്പറഞ്ഞ ഇടപെടലുകള്‍ നടത്തിവരുന്നത്. എന്നാല്‍, കിഫ്ബിയും പെന്ഷന് കമ്പനിയും എടുക്കുന്ന വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ വായ്പയായി മുന്‍കാല പ്രാബല്യത്തോടെ പരിഗണിക്കുന്ന സമീപനം കേന്ദ്ര ധനമന്ത്രാലയം കൈക്കൊണ്ടത് സംസ്ഥാനത്തിന് 12,560 കോടി രൂപയുടെ വെട്ടിക്കുറവ് വായ്പാപരിധിയില്‍ ഉണ്ടായി. ഇതിനു പുറമെ, കിഫ്ബി എടുക്കുന്ന വായ്പയും പ്രതിവര്‍ഷ കടപരിധിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്.
ജനസംഖ്യാ നിയന്ത്രണത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും കേരളം കൈവരിച്ച നേട്ടങ്ങള്‍, ധനകാര്യ കമ്മീഷന്റെ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്ഥാനത്തിന് ദോഷകരമാകുന്ന സ്ഥിതിയാണുള്ളത്. അതിന്റെ പേരില്‍ കേരളത്തിന്റെ നികുതി വിഹിതം കുറയ്ക്കുന്ന സമീപനമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. മേല്‍പ്പറഞ്ഞ സാമ്പത്തിക ഉപരോധത്തിനൊപ്പം ധനകാര്യ കമ്മീഷനുകളില്‍ നിന്നും ലഭിക്കുന്ന നികുതിവിഹിതത്തിലും ക്രമാനുഗതമായ കുറവ് കഴിഞ്ഞ 25 വര്‍ഷക്കാലയളവില്‍ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ കാര്യം മാത്രം പറഞ്ഞാല്‍ പതിനാലാം ധനകാര്യ കമ്മീഷന് അനുവദിച്ച 2.505 ശതമാനം നികുതി വിഹിതം പതിനഞ്ചാം ധനകാര്യകമ്മീഷന്റെ കാലയളവില്‍ 1.92 ശതമാനമായി കുറഞ്ഞു. 2020-21 ല്‍ 31,068 കോടി രൂപയായിരുന്ന കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റുകള്‍ 2023-24 ല്‍ 12,068 കോടി രൂപയായി കുറഞ്ഞു. മൂന്നു വര്‍ഷക്കാലയളവില്‍ 19,000 കോടി രൂപയുടെ കുറവാണ് കേന്ദ്ര ഗ്രാന്റിനത്തില്‍ കുറവുണ്ടായിരിക്കുന്നത്.
ഇതിനോടൊപ്പം പറയേണ്ട മറ്റൊരു കാര്യം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള സഹായം കഴിഞ്ഞ ഒമ്പതു വര്‍ഷക്കാലയളവില്‍ വലിയ ഇടിവ് നേരിട്ടു എന്നതാണ്. മിക്ക പദ്ധതികള്‍ക്കും 75 ശതമാനം കേന്ദ്ര ഗ്രാന്റുകള്‍ ലഭ്യമായിരുന്നവയില്‍ നിന്നും 60 ശതമാനമായി മാറിയിട്ടുണ്ട്.
ഐ.സി.ഡി.എസ് പോലുള്ള ചില പ്രധാന പദ്ധതികളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്. ഈ പദ്ധതിയുടെ മുഴുവന്‍ ബാധ്യതയും സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കണം.
നെല്ല് സംഭരണം ഉള്‍പ്പെടെയുള്ള പ്രധാന പരിപാടികള്‍ക്കുള്ള ധനസഹായം ലഭിക്കുന്നതില്‍ വലിയ കാലവിളംബം നേരിടുകയും ചെയ്യുന്നുണ്ട്. ബ്രാന്‍ഡിംഗിന്റെ പേരില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള ധനസഹായം തടഞ്ഞുവെക്കുന്ന ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്ത സമീപനവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായി.
കേന്ദ്രത്തിന്റെ പ്രതികൂല സമീപനത്തിനിടയിലും സംസ്ഥാനം തനതു നികുതി വരുമാനം കഴിഞ്ഞ മൂന്നു വര്‍ഷക്കാലംകൊണ്ട് 56 ശതമാനം വര്‍ദ്ധിപ്പിച്ചതുകൊണ്ടാണ് സാമ്പത്തിക കാര്യത്തില്‍ അല്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. കടക്കെണി എന്ന ആക്ഷേപം ചിലര്‍ ഉന്നയിക്കുമ്പോഴും കേരളത്തിന്റെ കടം - ആഭ്യന്തര വരുമാന അനുപാതം 2020-21 ല്‍ 38.47 ശതമാനമായിരുന്നത് 2023-24 ല്‍ 33.4 ശതമാനമാക്കി കുറച്ചുകൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ് വസ്തുത.
എന്നാലും സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കുള്ള പല ക്ഷേമാനുകൂല്യങ്ങളും ലഭ്യമാക്കുന്നതില്‍ കുടിശ്ശിക ഉണ്ടായി എന്നത് ഒരു വസ്തുതയാണ്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ കാരണം ഉണ്ടായതല്ല. ക്ഷേമാനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് കൃത്യമായി വിതരണം ചെയ്യണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് ഈ കുടിശ്ശിക നിവാരണം ഒരു സമയബന്ധിത പരിപാടിയായി ഏറ്റെടുത്ത് നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.
- സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍
സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെ വിഹിതത്തിലെ സിംഹഭാഗവും സംസ്ഥാന സര്‍ക്കാരാണ് വിതരണം ചെയ്യുന്നത്. നാമമാത്രമായ കേന്ദ്ര പെന്ഷന് വിഹിതം ലഭിക്കുന്നത് ദേശീയ വാര്‍ദ്ധക്യകാല പെന്ഷന്, ദേശീയ വിധവാ പെന്ഷന്, ദേശീയ വികലാംഗ പെന്ഷന് എന്നീ മൂന്ന് പദ്ധതികള്‍ക്കാണ്. ശരാശരി 6.8 ലക്ഷം പേര്‍ക്ക് മാത്രമാണ് കേന്ദ്ര ആനുകൂല്യം ലഭിക്കുന്നത്. ഇതാകട്ടെ, ശരാശരി 300 രൂപ മാത്രമാണ്. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പെന്‍ഷന്റെ ഗുണഭോക്താക്കള്‍ 62 ലക്ഷം വരും. കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യത്തിനുള്ള വരുമാനപരിധിയായി നിശ്ചയിച്ചിട്ടുള്ളത് പ്രതിവര്‍ഷം 25,000 രൂപയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിശ്ചയിച്ചിട്ടുള്ള വരുമാന പരിധി പ്രതിവര്‍ഷം ഒരു ലക്ഷം രൂപയാണ്.
സാമൂഹ്യക്ഷേമ പെന്‍ഷനുകളില്‍ താഴെ പറയുന്ന ക്ഷേമനിധി പെന്‍ഷനുകളും ഉള്‍പ്പെടും
(1) കര്‍ഷക ക്ഷേമ പെന്ഷന് (കൃഷി വകുപ്പ് മുഖേന)
(2) മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വാര്‍ദ്ധക്യകാല പെന്ഷന്
(3) ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
(4) ക്ഷീര കര്‍ഷക തൊഴിലാളി ക്ഷേമ ബോര്‍ഡ്
(5) കയര്‍ തൊഴിലാളി ക്ഷേമ ബോര്‍ഡ്
(6) ഖാദി തൊഴിലാളി ക്ഷേമ ബോര്‍ഡ്
(7) വ്യാപാരി ക്ഷേമ ബോര്‍ഡ്
(8) അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ്
(9) ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് (സ്കാറ്റേര്‍ഡ്)
(10) ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
(11) ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
(12) ഈറ്റ, കാട്ടുവളളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
(13) ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
(14) തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
(15) കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
(16) കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
2016-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സാമൂഹ്യ സുരക്ഷാ പെന്ഷന് ലഭിച്ചിരുന്നവരുടെ ആകെ എണ്ണം 34,43,414 ആയിരുന്നു. ഇവര്‍ക്ക് 600 രൂപ വീതമാണ് പെന്‍ഷനായി നല്കി വന്നിരുന്നത്. ഇതു തന്നെ 18 മാസം വരെ കുടിശ്ശികയായിരുന്നു എന്നത് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയതാണ്. 2016-ല്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാരാണ് കുടിശ്ശിക മുഴുവന്‍ തീര്‍ത്ത് നല്‍കിയത്. ഇപ്പോഴാകട്ടെ, 62 ലക്ഷം പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്ഷന് നല്‍കുന്നുണ്ട്. പെന്ഷന് തുക ഘട്ടം ഘട്ടമായി ഉയര്‍ത്തി 1,600 രൂപയുമാക്കിയിട്ടുമുണ്ട്. ഇത് ഇനിയും വര്‍ദ്ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
2011-16 ലെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സാമൂഹ്യസുരക്ഷാ പെന്ഷന് ഇനത്തില്‍ ആകെ 8,833.6 കോടി രൂപയാണ് നല്കിയതെങ്കില് 2016-21 ലെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 30,567.9 കോടി രൂപയാണ് ചെലവഴിച്ചത്. മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ 5 വര്‍ഷം കൊണ്ട് നല്കിയതിനേക്കാള് 21,734.3 കോടി രൂപയാണ് 2016-21 കാലത്ത് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികമായി വിതരണം ചെയ്തത്. ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 23,461.5 കോടി രൂപ സാമൂഹ്യസുരക്ഷാ പെന്ഷന് ഇനത്തില്‍ വിതരണം ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷാ പെന്ഷന് പദ്ധതി നടപ്പിലാക്കുന്നത് കേരളത്തിലാണ്. ഇതിന്റെ 98 ശതമാനം വിഹിതവും കണ്ടെത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. സാമൂഹ്യസുരക്ഷാ പെന്ഷന് ഇനത്തില്‍ ലഭിക്കുന്ന നാമമാത്രമായ കേന്ദ്ര വിഹിതം, പെന്ഷന് നല്കാന് വേണ്ട തുകയുടെ വെറും 2 ശതമാനം മാത്രമാണ് എന്നതാണ് വസ്തുത. കടുത്ത പണഞെരുക്കം നിലനില്‍ക്കുമ്പോഴും സമൂഹത്തിലെ അവശജനവിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷനുകളില്‍ ഉള്‍പ്പെടുന്ന ദേശീയ വാര്‍ദ്ധക്യകാല പെന്ഷന്, ദേശീയ വിധവാ പെന്ഷന്, ദേശീയ വികലാംഗ പെന്ഷന് എന്നീ പെന്‍ഷനുകള്‍ക്കാണ് കേന്ദ്ര സഹായം ലഭിക്കുന്നത്. 79 വയസ്സുവരെയുള്ളവര്‍ക്കുള്ള വാര്‍ദ്ധക്യകാല പെന്ഷന് തുകയായ 1,600 രൂപയില്‍ 200 രൂപ മാത്രമാണ് കേന്ദ്ര വിഹിതം. ഈ തുകയാകട്ടെ, 3.4 ലക്ഷം പേര്‍ക്ക് മാത്രമാണ് കേന്ദ്രം നല്‍കുന്നത്. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കേന്ദ്ര വിഹിതം 500 രൂപയാണ്. ഇതാകട്ടെ, 1.16 ലക്ഷം പേര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. ദേശീയ വികലാംഗ പെന്‍ഷനില്‍ 66,928 ഗുണഭോക്താക്കള്‍ക്ക് 300 രൂപ വീതം മാത്രമാണ് കേന്ദ്ര വിഹിതമുള്ളത്. ദേശീയ വിധവാ പെന്‍ഷനില്‍ 300 രൂപ മാത്രമാണ് കേന്ദ്ര വിഹിതം. കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. 2024 മെയ് വരെ അനുവദിച്ചിട്ടുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ കേന്ദ്ര വിഹിതവും സംസ്ഥാന സര്‍ക്കാരാണ് നല്‍കിയത്. 2023 ജൂണ്‍ വരെയുള്ള കേന്ദ്ര വിഹിതം മാത്രമാണ് സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ളത്. കേന്ദ്ര വിഹിതം യഥാസമയം ലഭിക്കാത്തതു മൂലമുള്ള അധിക ബാധ്യതയും സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ട സ്ഥിതിയാണുള്ളത്.
നിലവില്‍ സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെ 5 ഗഡുക്കള്‍ കുടിശ്ശികയാണ്. പ്രതിമാസം 1,600 രൂപയാണ് സാമൂഹ്യക്ഷേമ പെന്‍ഷനായി വിതരണം ചെയ്യുന്നത്. 2024 മാര്‍ച്ച് മുതല്‍ നിലവിലെ പെന്ഷന് കൃത്യസമയത്തു നല്‍കിവരികയാണ്. പണഞെരുക്കം കാരണമുണ്ടായ സാമൂഹ്യക്ഷേമ പെന്ഷന് കുടിശ്ശിക ഗുണഭോക്താക്കള്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ഗഡുക്കളും 2025-26 ല്‍ മൂന്നു ഗഡുക്കളും വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നു. സാമൂഹ്യ ക്ഷേമ പെന്ഷന് കുടിശ്ശിക തീര്‍ത്തും നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിലവില്‍ ഈ ഇനത്തില്‍ 4,250 കോടി രൂപയാണ് കുടിശ്ശികയായുള്ളത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കുടിശ്ശികയുടെ ഭാഗമായി 1,700 കോടി രൂപ വിതരണം ചെയ്യും.
- തനത് ഫണ്ട് ഉപയോഗിച്ച് പെന്ഷന് വിതരണം ചെയ്യുന്ന ക്ഷേമനിധി ബോര്‍ഡുകള്‍
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് (അണ്‍അറ്റാച്ച്ഡ്), കേരള പീടിക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നിവിടങ്ങളില്‍ 2024 മേയ് മാസം വരെയുളള പെന്ഷന് വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ കേരള കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡില്‍ 2023 മെയ് വരെയാണ് പെന്ഷന് നല്‍കിയിട്ടുള്ളത്. കെട്ടിട നിര്‍മ്മാതാക്കളില്‍ നിന്ന് പിരിച്ചെടുക്കുന്ന സെസ് തുകയില്‍ നിന്നുമാണ് കെട്ടിട നിര്‍മ്മാണ തൊഴിലാളി പെന്ഷന് വിതരണം ചെയ്യുന്നത്. സെസ് കാര്യക്ഷമമായി പിരിച്ചെടുത്ത് കുടിശ്ശിക നിവാരണത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക ഇടപെടല്‍ ഉണ്ടാകും.
ആധാരം എഴുത്തുകാരുടെയും പകര്‍പ്പ് എഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടര്‍മാരുടെയും പെന്‍ഷനുകള്‍ നല്‍കുന്നത് ക്ഷേമനിധിയുടെ തനത് ഫണ്ടില്‍ നിന്നാണ്. ഈ ആനുകൂല്യങ്ങള്‍ക്ക് നിലവില്‍ കുടിശ്ശികയില്ല.
- ഖാദി ഇന്‍കം സപ്പോര്‍ട്ട് സ്കീം
ഖാദി മേഖലയിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന ഇന്‍കം സപ്പോര്‍ട്ട് സ്കീം ഖാദി വസ്ത്രങ്ങള്‍ക്കുള്ള റിബേറ്റ്, ഖാദി നൂല്‍പ്പ്കാര്‍ക്കും നെയ്ത്തുകാര്‍ക്കും നല്കുന്ന ഉല്‍പ്പാദക ബോണസ്സും ഉത്സവ ബത്തയും നിലവില്‍ കുടിശ്ശികയാണ്. 2024 മെയ് വരെ ഇന്‍കം സപ്പോര്‍ട്ട് ഇനത്തില്‍ 38 കോടി രൂപയാണ് കുടിശ്ശിക. പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് ഇനത്തില്‍ 7 കോടിയും റിബേറ്റ് ഇനത്തില്‍ 35 കോടി രൂപയും കുടിശ്ശികയാണ്. ആകെ 80 കോടി രൂപ കുടിശ്ശികയാണ്. ഇത് കൊടുത്ത് തീര്‍ക്കാനുള്ള നടപടി സ്വീകരിക്കും.
- കേരള അംഗന്‍വാടി വര്‍ക്കേഴ്സ് & ഹെല്‍പ്പേഴ്സ് ക്ഷേമനിധി
കേരള അംഗന്‍വാടി വര്‍ക്കേഴ്സ് & ഹെല്‍പ്പേഴ്സ് ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 8,219 വര്‍ക്കര്‍മാര്‍ക്കും 8,946 ഹെല്‍പ്പര്‍മാര്‍ക്കുമായി ആകെ 17,165 പേര്‍ക്ക് അംശാദായ പെന്ഷന് നല്കിവരുന്നു. 2010 മുതല്‍ 2022 വരെ വിരമിച്ച വര്‍ക്കര്‍മാര്‍ക്ക് 2024 മെയ്, ജൂണ്‍ മാസങ്ങളിലെ പെന്ഷന് നല്‍കുന്നതിനായി 6.10 കോടി രൂപയും 2023 ഏപ്രിലില്‍ വിരമിച്ചവര്‍ക്ക് 11 മാസത്തെ കുടിശ്ശിക നല്‍കുന്നതിന് 4.18 കോടി രൂപയും 2024 ല്‍ വിരമിച്ചവര്‍ക്ക് പെന്ഷന് കുടിശ്ശികയായി 94.35 ലക്ഷം രൂപയും ഉള്‍പ്പെടെ 11.22 കോടി രൂപ കുടിശ്ശികയുണ്ട്. ഇത് അനുവദിക്കാന്‍ നടപടി സ്വീകരിക്കും.
- ആരോഗ്യമേഖലയിലെ കുടിശ്ശിക
കാരുണ്യ പദ്ധതിയുടെ ഭാഗമായും മരുന്ന് വിതരണത്തിനുള്ള ബില്ലുകളിലും വന്ന കുടിശ്ശിക സമയബന്ധിതമായി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുലഭ്യതയ്ക്കും മറ്റും ഈ കുടിശ്ശിക തടസ്സമാകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുള്ളതിനാല്‍ ഇത് പൂര്‍ണ്ണമായും കൊടുത്തുതീര്‍ക്കുന്നതാണ്.
- സപ്ലൈകോ
വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോയ്ക്കുള്ള സഹായം, നെല്ല് സംഭരണം, നെല്ലുല്പാദനം എന്നിവയ്ക്ക് നല്‍കേണ്ട തുക, ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം വഹിക്കേണ്ട ചെലവുകള്‍ എന്നിവയിലെ കുടിശ്ശിക 2024-25 സാമ്പത്തിക വര്‍ഷം തന്നെ വിതരണം ചെയ്യുന്നതാണ്.
169 ത്രിവേണി സ്റ്റോറുകളെ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണ്. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും മെഗാ ത്രിവേണി മാര്‍ക്കറ്റുകള്‍ ആരംഭിക്കാനും നീതി സ്റ്റോറുകളുടെ വാതില്‍പ്പടി വിതരണം പുനരുജ്ജീവിപ്പിക്കാനും ഉദ്ദേശിക്കുന്നു. ത്രിവേണി/ നീതി വിഭാഗത്തില്‍ ഓണം ഉള്‍പ്പെടെയുള്ള ഉത്സവ കാലങ്ങളില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സബ്സിഡി വിപണികള്‍ നടത്തും.
- കരാറുകാര്‍ക്കുള്ള കുടിശ്ശിക
ബില്‍ ഡിസ്ക്കൗണ്ടിംഗ് സ്കീം വഴി ലഭ്യമാക്കിയിട്ടുള്ള തുകയുടെ കുടിശ്ശിക 2024-25 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ വിതരണം ചെയ്യുന്നതാണ്. ഈ ഇനത്തില്‍ 2,500 കോടി രൂപയുടെ തുകയാണ് വിതരണം ചെയ്യാനുദ്ദേശിക്കുന്നത്.
- സ്കോളര്‍ഷിപ്പ് വിതരണം
പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും, മത്സ്യത്തൊഴിലാളി കുടുംബത്തില്‍ പെട്ടവര്‍ക്കും ഉള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് ആനുകൂല്യങ്ങളുടെ കുടിശ്ശിക 2024-25 സാമ്പത്തികവര്‍ഷം തന്നെ വിതരണം ചെയ്യുന്നതാണ്.
- മറ്റ് ധനസഹായങ്ങള്‍
വന്യമൃഗ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കുള്ള ധനസഹായം, ക്യാന്‍സര്‍, ക്ഷയം, ലെപ്രസി രോഗികള്‍ക്കുള്ള ധനസഹായം, പമ്പിംഗ് സബ്സിഡി, യൂണിഫോം വിതരണത്തിന്റെ ഭാഗമായി കൈത്തറിത്തൊഴിലാളികള്‍ക്കുള്ള കൂലിയും റിബേറ്റും, മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായം, തണല്‍ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ധനസഹായം, മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ആചാര്യസ്ഥാനീയര്‍, കോലധികാരികള്‍ക്കുള്ള ധനസഹായം, മദ്രസ്സ അദ്ധ്യാപക ക്ഷേമനിധിയില്‍ നിന്നുള്ള വിവാഹധനസഹായം എന്നീ ഇനങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ ഒരു കുടിശ്ശികയും നിലവിലില്ലായെന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ ഉറപ്പുവരുത്തും. ഈ ഇനത്തിലെ കുടിശ്ശിക വിതരണത്തില്‍ 103.91 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.
മേല്‍ പറഞ്ഞ കുടിശ്ശിക തുകകള്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
- ലൈഫ് മിഷന്
അഞ്ചുവര്‍ഷത്തിനുള്ളില്‍ എല്ലാവര്ക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഓരോ വീടുകള്‍ക്കും നാലു ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇപ്രകാരം ഇതുവരെ അനുവദിച്ച 5,78,025 വീടുകളില്‍ 4,04,529 വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പി.എം.എ.വൈ (അര്‍ബന്‍) പദ്ധതി പ്രകാരം 83,261 വീടുകള്‍ക്ക് 1,50,000 രൂപ വീതവും പി.എം.എ.വൈ (റൂറല്‍) പ്രകാരം 33,375 വീടുകള്‍ക്ക് 72,000 രൂപ വീതവും കേന്ദ്ര ഫണ്ട് ലഭിച്ചിട്ടുണ്ട്. കേന്ദ്ര സഹായത്തോടെ നിര്‍മ്മിച്ച 1,16,636 വീടുകള്‍ക്ക് ആകെ കേന്ദ്ര സഹായം 1,489.2 കോടി രൂപയാണ്. ഇത്രയും വീടുകള്‍ക്ക് ആവശ്യമായ ബാക്കി തുകയായ 3,176.2 കോടി രൂപ സംസ്ഥാന സര്‍ക്കാരാണ് അനുവദിച്ചത്. കേന്ദ്ര വിഹിതത്തോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന വിഹിതം കൂടി വിനിയോഗിച്ചാണ് ഈ വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.
2,87,893 വീടുകള്‍ നിര്‍മ്മിക്കാനുള്ള മുഴുവന്‍ തുകയും നല്‍കിയത് സംസ്ഥാന സര്‍ക്കാരാണ്. ലൈഫ് പദ്ധതിക്കായി 14,692.4 കോടി രൂപയാണ് ഇതിനകം സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. എന്നാല്‍, ഈ ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതം 1,489.2 കോടി രൂപ മാത്രമാണ്. അതായത്, ലൈഫ് പദ്ധതി പ്രകാരം അനുവദിക്കുന്ന ഭൂരിപക്ഷം വീടുകള്‍ക്കും സംസ്ഥാന സര്‍ക്കാരാണ് മുഴുവന്‍ തുകയും അനുവദിക്കുന്നത്. എന്നാല്‍, ഇപ്രകാരം നിര്‍മ്മിക്കുന്ന എല്ലാ വീടുകളെയും കേന്ദ്ര സര്‍ക്കാരിന്റേതാക്കി ബ്രാന്റ് ചെയ്യണമെന്നും പി.എം.എ.വൈയുടെ ലോഗോ വീടുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഈ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. കൂടാതെ, പുനര്‍ഗേഹം പദ്ധതിയുടെ നടത്തിപ്പിലും ഗണ്യമായ പുരോഗതി കൈവരിക്കാന്‍ ലക്ഷ്യമിടുന്നു.
- പെന്ഷന് പരിഷ്കരണ കുടിശ്ശിക
11-ാം ശമ്പള പരിഷ്കരണ കമ്മീഷന്റെ ഭാഗമായി നടപ്പിലാക്കിയ പെന്ഷന് പരിഷ്കരണത്തിന്റെ ഭാഗമായുള്ള കുടിശ്ശിക തുകയായ 600 കോടി രൂപ 2024-25 സാമ്പത്തിക വര്‍ഷം തന്നെ വിതരണം ചെയ്യുന്നതാണ്.
- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്കുവാനുള്ള ഡി.എ/ഡി.ആര്/ശമ്പള പരിഷ്കരണ കുടിശ്ശിക
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മെച്ചപ്പെട്ട ശമ്പള പരിഷ്ക്കരണം നടപ്പാക്കുകയും, ഡി.എ ഉറപ്പാക്കുകയും, ഡി.എ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പണമായി നല്‍കുകയും ചെയ്തു. പക്ഷെ തുടക്കത്തില്‍ തന്നെ വിശദീകരിച്ച കേന്ദ്രത്തിന്റെ പ്രതികൂല സമീപനം കാരണം കേരളം നേരിട്ട അസാധാരണമായ പണഞെരുക്കം ശമ്പള-പെന്ഷന് പരിഷ്ക്കരണ കുടിശ്ശികകളും ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത, പെന്‍ഷന്‍കാര്‍ക്കുള്ള ഡിയര്‍നെസ്സ് റിലീഫ് എന്നിവയുടെ വിതരണത്തില്‍ കുടിശ്ശിക വരാന്‍ ഇടയാക്കിയിട്ടുണ്ട്. ഈ കുടിശ്ശിക നിവാരണം ചെയ്യണമെന്ന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി.എ/ഡി.ആര് ഏപ്രില്‍ 2024ല്‍ വിതരണം ചെയ്തിട്ടുണ്ട്. 2021 ജനുവരി 1 മുതല്‍ 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം വരെ ഏഴ് ഗഡു ഡിഎ/ഡിആര്‍ ആണ് കുടിശ്ശികയായി വന്നിട്ടുള്ളത്. ശമ്പള പരിഷ്ക്കരണ കുടിശ്ശികയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാനുണ്ട്. ഡി.എ/ഡി.ആര്/ ശമ്പളപരിഷ്കരണ കുടിശ്ശിക അനുവദിക്കുന്നത് സംബന്ധിച്ച് വിശദമായ സര്‍ക്കാര്‍ ഉത്തരവ് പ്രത്യേകം പുറപ്പെടുവിക്കുന്നതാണ്. 2024-25 സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിവര്‍ഷം രണ്ടു ഗഡു ഡി.എ/ ഡി ആര് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
- വയനാട്, ഇടുക്കി, കാസര്‍ഗോഡ്, കുട്ടനാട് പാക്കേജുകള്‍
സംസ്ഥാനത്തെ ചില ജില്ലകളിലെയും പ്രദേശങ്ങളിലെയും സവിശേഷ സാഹചര്യം കണക്കിലെടുത്ത് അവയുടെ വികസനത്തിനായാണ് മേല്പറഞ്ഞ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവ സമയബന്ധിതമായും കാര്യക്ഷമമായും പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മേല്പറയുന്ന വയനാട്, ഇടുക്കി, കാസര്‍ഗോഡ് പാക്കേജുകള്‍ക്കായി 75 കോടി രൂപ വീതം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കും കര്‍ഷക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും വേമ്പനാട് കായല്‍ വ്യവസ്ഥയെ പാരിസ്ഥിതികാഘാതങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമായുള്ള കുട്ടനാട് പാക്കേജിലെ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കുന്നതാണ്. ഇതിനായി 2024-25 സാമ്പത്തിക വര്‍ഷം 203 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഇടുക്കി ജില്ലയില്‍ 16,621 ഹെക്ടറിലുള്ള ഏലം കൃഷിക്ക് സംഭവിച്ചിട്ടുള്ള കൃഷിനാശം കണക്കിലെടുത്ത് ഈ വിഷയം ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഇതിനായുള്ള സ്കീമുകള്‍ സമയബന്ധിതമായി തയ്യാറാക്കി തുക വിനിയോഗിക്കുമെന്ന് പ്രഖ്യാപിക്കുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 1,031 പേരെ കാസര്‍ഗോഡ് പാക്കേജിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സഹായം അനുവദിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
- ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മ്മാണം
പ്രകൃതിക്ഷോഭങ്ങള്‍ കാരണം ബാധിക്കപ്പെട്ടിട്ടുള്ള ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി ബജറ്റില്‍ വകയിരുത്തിയ 1,000 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം തന്നെ സമയബന്ധിതമായ പരിപാടികള്‍ തയ്യാറാക്കി ചെലവ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു.
- ജലജീവന്‍ മിഷന്
ജലജീവന്‍ മിഷന് പദ്ധതി നടപ്പാക്കുന്നതിനുള്ള ആകെ ചെലവ് 42,000 കോടി രൂപയാണ്. ഇതില്‍ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം ഉള്‍പ്പെടെ 21,000 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമാണ്. ഇതുവരെയുള്ള പ്രവൃത്തികള്‍ നടത്തിയ വകയില്‍ കരാറുകാര്‍ക്കുള്ള കുടിശ്ശിക നല്കാന് നടപടി സ്വീകരിക്കും. നിലവില്‍ നടന്നുവരുന്ന പ്രവൃത്തികള്‍ 2025 ഒക്ടോബറോടുകൂടി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ജലജീവന്‍ മിഷന് പദ്ധതി നടപ്പാക്കുന്നതിന് ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാരിനു മേല്‍ വന്നുചേരുന്നത്. പൈപ്പിലൂടെ കുടിവെള്ളം എത്തിക്കുന്നതിനുള്ള ഈ പദ്ധതിയുടെ അടങ്കലിനായുള്ള തുകയുടെ സംസ്ഥാന സര്‍ക്കാര്‍ വിഹിതം കണ്ടെത്തുന്നതിനായി നിലവിലെ കടപരിധിയില്‍ തുകയ്ക്ക് തുല്യമായ തുക ഇളവ് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.
- തരംമാറ്റം അനുവദനീയമായ ഭൂമിയില്‍ 1,291 ച. അടി വരെ വീട് നിര്‍മ്മിക്കുന്നതിന് അനുമതിക്ക് നടപടിക്രമങ്ങളില്‍ ഇളവ്
ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമിയില്‍ സ്വന്തം ആവശ്യത്തിനായുള്ള 1,291 ചതുരശ്ര അടി വരെ വീട് നിര്‍മ്മിക്കാന്‍ ഇളവ് ലഭ്യമാണ്. എന്നാല്‍, ഈ ഇളവ് ലഭ്യമാണെന്നത് അറിയാതെ, അപേക്ഷകര്‍ ഈ ആവശ്യത്തിലേക്ക് തരംമാറ്റത്തിനായി റവന്യൂ അധികാരികളെ സമീപിക്കുന്നുണ്ട്. ഈ ആനുകൂല്യം നിലവിലുണ്ട് എന്ന കാര്യം എല്ലാവരിലേക്കും എത്തിക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിന് സ്പഷ്ടീകരണം നല്കി പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിക്കും. ഈ ആനുകൂല്യത്തിന് അര്‍ഹതയുള്ള എല്ലാ അപേക്ഷകളും ഇപ്രകാരം തീര്‍പ്പാക്കും.
ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലത്ത് സ്വന്തം പേരിലോ, കുടുംബാംഗങ്ങളുടെ പേരിലോ ജില്ലയില്‍ മറ്റൊരിടത്തും വീട് നിര്‍മ്മിക്കാന്‍ ഭൂമി ഇല്ലെങ്കില്‍ വീട് നിര്‍മ്മിക്കുന്നതിന് പഞ്ചായത്ത് പ്രദേശത്ത് 10 സെന്റും മുനിസിപ്പാലിറ്റി/കോര്പ്പറേഷന് പ്രദേശത്ത് 5 സെന്റും നെല്‍വയല്‍ നികത്തി വീട് നിര്‍മ്മിക്കാന്‍ ഒറ്റത്തവണ അനുമതി നല്കാന് വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയില്‍ നിലവിലുള്ള നടപടിക്രമം ലഘൂകരിക്കുകയും വേഗത്തിലാക്കുകയും ചെയ്യും. ഇതിനായി ഒരു ഗ്രീന്‍ ചാനല്‍ സംവിധാനം ഏര്‍പ്പെടുത്തും. ഇത്തരം കേസുകളില്‍ വീട് നിര്‍മ്മിക്കുന്നതിനുള്ള പെര്‍മിറ്റ് അനുവദിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുന്നു എന്ന വ്യവസ്ഥ തടസ്സമാവില്ല. ഇതിനും പ്രത്യേകമായ ഉത്തരവ് പുറപ്പെടുവിക്കും.
വരുമാന വര്‍ദ്ധനയും ചെലവ് ചുരുക്കലും സംബന്ധിച്ച നടപടികള്‍
വരുമാനം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ചിലവുകളില്‍ മിതവ്യയം പാലിക്കുകയും സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളില്‍ സുതാര്യമായും സങ്കീര്‍ണ്ണമല്ലാതെയും എത്തിക്കാനുള്ള പ്രത്യേക ഉത്തരവുകള്‍ 2024 ജൂലായ് 31-നകം ബന്ധപ്പെട്ട വകുപ്പുകള്‍ പുറപ്പെടുവിക്കുന്നതാണ്. ഇതിനു മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതാണ്.
നികുതി-നികുതിയേതര വരുമാനം പരമാവധി വര്‍ദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. നികുതിയേതര വരുമാന വര്‍ദ്ധനയ്ക്കായി വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ഇതിനാവശ്യമായ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കും.
സര്‍ക്കാര്‍ സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ട്. സാധാരണക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കും.
സംസ്ഥാന സര്‍ക്കാര്‍ സ്വയം നികുതി-നികുതിയേതര വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമ്പോള്‍ തന്നെ, പരിമിതികള്‍ക്ക് അകത്തുനിന്നുകൊണ്ട് നമ്മുടെ നാടിന്റെ വികസനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവിഷ്കരിച്ച പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതോടൊപ്പം, ചെലവ് ചുരുക്കലിനുള്ള നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുന്നതാണ്.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാകേണ്ട ആനുകൂല്യങ്ങള്‍ അവരുടെ അവകാശമാണെന്ന് കരുതുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. കേന്ദ്രസമീപനം മൂലമുണ്ടായ പണഞെരുക്കത്തിനിടയിലും വികസന - ക്ഷേമ പദ്ധതികളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോവുകയില്ല. കേന്ദ്രസര്‍ക്കാരിന്റെ സമീപനം സൃഷ്ടിച്ച പണഞെരുക്കത്തിന്റെ പ്രത്യാഘാതം നടപ്പു സാമ്പത്തിക വര്‍ഷവും അടുത്ത സാമ്പത്തിക വര്‍ഷവും ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനെതിരെ സാധ്യമായ നിയമനടപടികള്‍ തേടുന്നതോടൊപ്പംതന്നെ സ്വയംപരിശ്രമം നടത്തുന്ന കാര്യത്തിലും സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കുന്നതാണ്.
സാധാരണക്കാര്‍ക്കും സമൂഹത്തിലെ ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കും നല്‍കാനുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യുന്നതിലും കുടിശ്ശിക നിവാരണം ചെയ്യുന്നതിലും സംസ്ഥാന സര്‍ക്കാരിനുള്ള പ്രതിജ്ഞാബദ്ധത ഈ സഭയെ അറിയിക്കുകയാണ്.