- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി എസ് സി കോഴ വിവാദം: എന്തുകൊണ്ടാണ് ടാര്‍ജറ്റ് ചെയ്യുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാം; വ്യക്തിഹത്യക്ക് എതിരെ നിയമനടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പിഎസ്സി കോഴവിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തന്നെ വ്യക്തിപരമായ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നു. വിവാദത്തില്‍ ഒരു വസ്തുതയുമില്ലെന്ന് ബോധ്യമായിട്ടും തിരുത്താന്‍ തയാറാകുന്നില്ല. എന്തുകൊണ്ടാണ് ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് ജനങ്ങള്‍ക്കറിയാം. വ്യക്തിഹത്യയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സി.പി.എം അംഗം കോഴ വാങ്ങിയത് പി.എസ്.സി ഹോമിയോ ഡോക്ടര്‍ നിയമനത്തിന് വേണ്ടിയാണെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. പിഎസ്സി അംഗത്വം ആദ്യം വാഗ്ദാനം ചെയ്തെങ്കിലും അത് ലഭിക്കാതെ വന്നപ്പോഴാണ് ഹോമിയോ ഡോക്ടര്‍ നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയത്. മന്ത്രി മുഹമ്മദ് റിയാസിന്റെ അയല്‍വാസി കൂടിയായ പ്രമോദ് കോട്ടുളിയാണ് തട്ടിപ്പുകാരന് എന്നത് മന്ത്രിയെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. റിയാസാണ് സര്‍ക്കാറിലെ അധികാര കേന്ദ്രമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്.
വിഷയത്തില്‍ ആദ്യം പാര്‍ട്ടി പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെയാണ് പരാതി. ഇതിന് ശേഷമാണ് മന്ത്രി പാര്‍ട്ടിയില്‍ പരാതിപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ പി.എസ്.സി അംഗത്വത്തിന് വേണ്ടി കോഴ വാങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രമോദ് കോട്ടൂളിക്കെതിരെ കടുത്ത നടപടി പാര്‍ട്ടി സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സി.ഐ.ടി.യുവിന്റെ ചുമതലകളും വഹിക്കുന്ന നേതാവാണ് പ്രമോദ്. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നടക്കം പ്രമോദിനെ പുറത്താക്കിയേക്കും. സി.ഐ.ടി.യുവില്‍ നിന്നും പുറത്താക്കും.
അംഗത്വത്തിനായി 22 ലക്ഷം രൂപ കോട്ടൂളി സ്വദേശിയായ ടൗണ്‍ ഏരിയ കമ്മിറ്റി അംഗത്തിനു കൈമാറിയെന്നു പരാതി നല്‍കിയത്. സംഭവം പാര്‍ട്ടിക്ക് നാണക്കേടായതോടെ, ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. തന്റെ പേരില്‍ തട്ടിപ്പ് നടന്നുവെന്ന് അറിഞ്ഞിട്ടും മന്ത്രി പോലീസില്‍ പരാതിപ്പെട്ടില്ല എന്നതും ശ്രദ്ധേയമാണ്. മന്ത്രി പോലീസില്‍ അറിയിക്കേണ്ട വിഷയമാണ് ഇതെന്നാണ് പൊതുവില്‍ ഉയര്‍ന്നിരിക്കുന്ന വാദം. പ്രമോദിനെതിരെ പോലീസില്‍ പരാതി എത്തിയാല്‍ പാര്‍ട്ടി ഇടപെടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
മുഹമ്മദ് റിയാസിനു പുറമേ എംഎല്‍എമാരായ കെ.എം.സച്ചിന്‍ദേവ്, തോട്ടത്തില്‍ രവീന്ദ്രന് എന്നിവരുടെ പേരുകളും പ്രാദേശിക നേതാവ് ഉപയോഗപ്പെടുത്തിയതായി ദമ്പതികളുടെ പരാതിയിലുണ്ട്. 60 ലക്ഷം നല്കിയാല് പിഎസ്സി അംഗത്വം നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതില്‍ 20 ലക്ഷം പിഎസ്സി അംഗത്വത്തിനും 2 ലക്ഷം മറ്റു ചെലവുകള്‍ക്കുമായി ആദ്യഘട്ടത്തില്‍ കൈമാറി. വനിതാ ഡോക്ടര്‍ക്കു വേണ്ടി ഭര്‍ത്താവാണു പണം നല്‍കിയത്.
അംഗത്വം കിട്ടാതെ വന്നപ്പോള്‍ ആയുഷ് മിഷനില്‍ ഉയര്‍ന്ന തസ്തിക വാഗ്ദാനം ചെയ്തെങ്കിലും നടന്നില്ല. ഇതോടെയാണ് ഡോക്ടര്‍ പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയത്. കോട്ടൂളി ഘടകം ഇതു ജില്ലാ കമ്മിറ്റിക്കു കൈമാറി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസിന്റെ പേരു പറഞ്ഞാണു പണം വാങ്ങിയത് എന്ന ആരോപണം പരാതിയില്‍ ഉള്ളതിനാല്‍ പരാതി സംസ്ഥാന സെക്രട്ടേറിയറ്റിനും കൈമാറി.