- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയപരാജയങ്ങള്‍ ഒഴിവാക്കാന്‍ പറ്റാത്തത്; ഇവ രണ്ടും ജനാധിപത്യത്തിന്റെ ഭാഗം; ഋഷി സുനകിന് ആശ്വാസമേകാന്‍ രാഹുല്‍ ഗാന്ധിയുടെ കത്ത്
ലണ്ടന്‍: 'ഞങ്ങള്‍ ഭരണത്തില്‍ ഇരുന്നപ്പോള്‍ ചെയ്തതെല്ലാം ശരിയായിരുന്നു എന്ന് പറയുന്നില്ല. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. പരാജയത്തിന് കാരണക്കാരനായതില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും അണികളോടും ക്ഷമ ചോദിക്കുന്നു.' തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നപ്പോള്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക് നടത്തിയ വിടവാങ്ങല്‍ പ്രസംഗമാണിത്. കണക്കുകളില്‍ ഇന്ദ്രജാലം കാട്ടി പരാജയത്തെ വിജയമാക്കി മാറ്റാതെയും, വോട്ടര്‍മാരില്‍ പഴിചാരി പരാജയ കാരണം കണ്ടെത്താന്‍ ശ്രമിക്കാതെയുമുള്ള അന്തസ്സുള്ള ഒരു രാഷ്ട്രീയമായിരുന്നു ഋഷി സുനക് പ്രകടിപ്പിച്ചത്.
വിജയത്തെയും പരാജയത്തെയും ഒരുപോലെ കാണാനും, സ്വന്തം പിഴവുകള്‍ ഏറ്റുപറഞ്ഞ്, സ്വന്തം അണികളോട് മാപ്പ് ചോദിക്കാനും ആര്‍ജ്ജവം കാണിച്ച ഋഷി സുനകിന് ആശ്വാസമേകുവാനായി കോണ്‍ഗ്രസ്സ് നേതാവും, ലോകസഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി കത്തയച്ചു. തെരഞ്ഞെടുപ്പ് പരാജയത്തില്‍ സഹതാപവും സഹാനുഭൂതിയും പ്രകടിപ്പിക്കുന്ന കത്തിലാണ് വിജയവും പരാജയവും ജനാധിപത്യത്തിലൂടെയുള്ള യാത്രയില്‍ ഒഴിവാക്കാന്‍ കഴിയാത്തവയാണെന്ന് പരാമര്‍ശിച്ചിരിക്കുന്നത്. ഇവ രണ്ടും ജനാധിപത്യത്തിന്റെ ഭാഗങ്ങളാണെന്നും, ഇവയെ രണ്ടും ഒരുപോലെ കാണണമെന്നും കത്തില്‍ രാഹുല്‍ ഗാന്ധി പറയുന്നുണ്ട്.
അര്‍പ്പണമനോഭാവത്തോടെ രാജ്യത്തിനായി പ്രവര്‍ത്തിച്ച ഋഷിയുടെ പ്രവര്‍ത്തനങ്ങളെ രാഹുല്‍ ഗാന്ധി അഭിനന്ദിക്കുന്നുമുണ്ട്. മാത്രമല്ല, ഇന്ത്യയ്ക്കും ബ്രിട്ടനുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുവാന്‍ ഋഷി സുനക് എടുത്ത ശ്രമങ്ങളെയും രാഹുല്‍ അഭിനന്ദിക്കുന്നു. പൊതു സേവനത്തോടും രാജ്യത്തെ ജനങ്ങളോടുമുള്ള താങ്കളുടെ പ്രതിബദ്ധതയെ ഏറെ അഭിനന്ദിക്കുന്നു എന്നും രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു. ബ്രിട്ടനിലെ ആദ്യത്തെ ഹിന്ദു പ്രധാനമന്ത്രി ആകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് കഴിഞ്ഞ ദിവസം ഋഷി പറഞ്ഞു. തന്റെ മക്കള്‍ നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റിന്റെ പടവുകളില്‍ ദീപാവലി നാളങ്ങള്‍ തെളിയിച്ചത് ഒരിക്കലും മറക്കാത്ത കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2022 ഒക്ടോബറിലെ ദീപാവലി ദിനത്തില്‍ പ്രധാനമന്ത്രി ചുമതല ഏറ്റെടുത്ത ഋഷി സുനക് കഴിഞ്ഞ 210 വര്‍ഷങ്ങളില്‍ ബ്രിട്ടന് കാണുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. മാത്രമല്ല, വെള്ളക്കാരനല്ലാത്ത ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയും. ലിസ് ട്രസ്സിന്റെ ഹ്രസ്വകാല ഭരണത്തില്‍ കൊണ്ടുവന്ന മിനി ബജറ്റിന്റെ പ്രത്യാഘാതത്തില്‍ ബ്രിട്ടീഷ് സമ്പദ്ഘടന തകര്‍ന്നടിയുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹം അധികാരം ഏല്‍ക്കുന്നത്. രണ്ട് വര്‍ഷക്കാലം കൊണ്ട് കൈവിട്ടുപോയ പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞതാണ് ഋഷിയുടെ ഏറ്റവും വലിയ നേട്ടം.