ഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ താല്‍ക്കാലിക ഡയറക്ടര്‍ രാഹുല്‍ നവീനെ പൂര്‍ണസമയ ഡയറക്ടറായി നിയമിച്ചു. പഴ്‌സോണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയമാണ് ഉത്തരവിറങ്ങിയത്.

57കാരനായ രാഹുലിന് രണ്ട് വര്‍ഷത്തെ കാലാവധിയാണുള്ളത്. ഗോവിന്ദ് മോഹന്‍ ഐഎഎസ് പുതിയ ആഭ്യന്തര സെക്രട്ടറിയായും ചുമതലയേല്‍ക്കും. 1993 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് രാഹുല്‍ നവീന്‍. 2023 സെപ്തംബര്‍ മുതല്‍ ഇഡിയുടെ താല്‍ക്കാലിക ഡയറക്ടറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഇക്കാലയളവിലാണ് രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാരെ ഇഡി അറസ്റ്റ് ചെയ്യുന്നത്.

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കേജ്രിവാളിനെയും വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്ത കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും അന്ന് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. സഞ്ജയ് കുമാര്‍ മിശ്രയെ ഇഡി ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി നിയമിച്ചതിനെ സുപ്രീം കോടതി തള്ളുകയും അത് നിയമവിരുദ്ധമെന്ന് പറയുകയും ചെയ്തതോടെയാണ് രാഹുല്‍ നവീന് താല്‍ക്കാലിക ചുമതല കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നത്.