തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. വയനാട്ടില്‍ പെയ്ത കനത്ത മഴയില്‍ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. മുണ്ടക്കൈ മലയിലെ ജനവാസമില്ലാത്ത മേഖലയിലും മാനന്തവാടി ഹയര്‍സെക്കന്ററി സ്‌കൂള്‍ കൂവളം കുന്ന് റോഡിലും മണ്ണിടിച്ചിലുണ്ടായി. പുത്തുമല കാശ്മീര്‍ ദ്വീപിലേയും പുഞ്ചിരി മട്ടം കോളനിയിലേയും ഏഴ് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. തൊള്ളായിരം കണ്ടി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ അഡ്വഞ്ചര്‍ പാര്‍ക്കുകളുടെ പ്രവര്‍ത്തനത്തിനും ട്രക്കിങ്ങിനും നിരോധനം ഏര്‍പ്പെടുത്തി.

കോഴിക്കോട് ജില്ലയില്‍ പുഴകളില്‍ മലവെള്ളപ്പാച്ചിലുണ്ടായതിനെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വയനാട്ടിലും കണ്ണൂരിലും മണ്ണിടിച്ചിലുണ്ടായി. വയനാട്ടില്‍ ഏഴു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലും നഗര പ്രദേശത്തും ശക്തമായ മഴയാണ് രാവിലെ പെയ്തത്. ഇരുവഴിഞ്ഞി പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി.

ചാലിപ്പുഴയിലും കൈവഴികളിലുമെല്ലാം ജലനിരപ്പുയര്‍ന്നു. കോടഞ്ചേരി ചെമ്പു കടവ് പാലത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പാലത്തില്‍ വന്നടിഞ്ഞ തടിക്കഷ്ണങ്ങള്‍ ജെ സി ബി ഉപയോഗിച്ച് നീക്കി ഒഴുക്ക് സുഗമമാക്കിയതോടെയാണ് പാലത്തിലെ വെളളം ഇറങ്ങിയത്.

കുറ്റ്യാടി മരുതോങ്കരയില്‍ ശക്തമായ കാറ്റില്‍ വൈദ്യുത ലൈനില്‍ തെങ്ങ് വീണ് തീപിടിച്ചു. റോഡില്‍ വാഹനങ്ങളിലാതിരുന്നതിനാല്‍ വലിയ അപകടമൊഴിവായി. കരുവന്‍തുരുത്തി പെരവന്‍മാട് കടവിന് സമീപം തോണി മറിഞ്ഞു. തോണിയില്‍ ഉണ്ടായിരുന്ന മൂന്നു പേരേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. കൊയിലാണ്ടി ഹാര്‍ബറിന് സമീപം മത്സ്യബന്ധന വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരേയും മറ്റു വള്ളങ്ങളിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.

കണ്ണൂര്‍ ജില്ലയില്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ചീങ്കണ്ണി ബാവലിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇരിട്ടി വളവ് പാറയിലുണ്ടായ മണ്ണിടിച്ചിലിനെതുടര്‍ന്ന് കൂട്ടുപുഴ വള്ളിത്തോട് റോഡ് താത്കാലികമായി അടച്ചു. പാലത്തും കടവില്‍ വീടിന്റെ മതിലിടിഞ്ഞു. കനത്ത മഴയില്‍ പുന്നപ്പുഴ കരകവിഞ്ഞ് മലപ്പുറം മുപ്പിനിയില്‍ പാലം മുങ്ങി. നിലമ്പുര്‍ വെളിയന്തോട് റോഡില്‍ വെള്ളം കയറി. കരിമ്പുഴയും ചാലിയാറും കരകവിഞ്ഞു ഒഴുകുകയാണ്.

മലപ്പുറത്ത് മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ഇടവേളകളില്ലാതെ പെയ്യുന്ന മഴയില്‍ റോഡുകളില്‍ വെള്ളം കയറി പലയിടത്തും ഗതാഗതം തടസപ്പെട്ടു. പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ജില്ലയില്‍ വ്യപകമായി കൃഷി നാശവും ഉണ്ടായിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് ഏഴു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തൃശൂര്‍, വയനാട്, പാലക്കാട്, എറണാകുളം,ഇടുക്കി, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അതതു ജില്ലകളിലെ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയില്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ തലശേരി, ഇരിട്ടി, തളിപ്പറമ്പ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയാണ്.

തൃശൂര്‍

തൃശൂര്‍ ജില്ലയില്‍ ശക്തമായി മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, പ്രഫഷനല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക്/ കോഴ്‌സുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.

വയനാട്

വയനാട് ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. പിഎസ്സി പരീക്ഷയ്ക്കും മാറ്റം ഉണ്ടായിരിക്കില്ല.

പാലക്കാട്

കനത്ത കാലവര്‍ഷത്തിന്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടന്‍, മദ്രസ, ട്യൂഷന്‍ സെന്റര്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ രീതിയില്‍ പഠനം നടത്തുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല. കുട്ടികള്‍ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടില്‍ തന്നെ സുരക്ഷിതമായി ഇരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.

മലപ്പുറം
ശക്തമായ മഴയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മലപ്പുറം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി ആയിരിക്കും. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. പരീക്ഷകളെ ബാധിക്കില്ല.

കോഴിക്കോട്

കോഴിക്കോട് ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍, ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

എറണാകുളം

ശക്തമായ മഴയും കാറ്റും ഉള്ള സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ അങ്കണവാടികള്‍, പ്രഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി അനുവദിച്ചു . മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

ഇടുക്കി

കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ അപകട സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ചൊവ്വാഴ്ച, ഇടുക്കി ജില്ലയിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ വി.വിഘ്‌നേശ്വരി അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്രസ, കിന്‍ഡര്‍ ഗാര്‍ട്ടന്‍ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷന്‍ സെന്ററുകള്‍ ഒരു കാരണവശാലും പ്രവര്‍ത്തിക്കാന്‍ പാടില്ല . പൂര്‍ണ്ണമായും റസിഡന്‍ഷ്യല്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല.