തൃശൂര്‍: ആശുപത്രിയില്‍ ശുശ്രൂഷിക്കാന്‍ ആരുമില്ലാതെ ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ മൃതദേഹം ഏറ്റെടുക്കുന്നതിനെ ചൊല്ലി ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. മൃതദേഹം കൊണ്ടു പോകാന്‍ ഭാര്യയും മകളും എത്തിയെങ്കിലും മൃതദേഹം തങ്ങള്‍ കൊണ്ടു പോയി ദഹിപ്പിക്കുമെന്ന് സഹോദരങ്ങളും വാശി പിടിച്ചു.

വാക്കു തര്‍ക്കം രൂക്ഷമായതോടെ അവസാനം പൊലീസെത്തി ഇരുകൂട്ടരും ചേര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കി. ശനിയാഴ്ച പുലര്‍ച്ചെയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ 55 കാരന്‍ മരിച്ചത്. മരണ വിവരമറിഞ്ഞ് മതിലകത്തുള്ള ഇയാളുടെ ഭാര്യയും മകളും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം ഏറ്റുവാങ്ങി കൊണ്ടുപോകാനൊരുങ്ങുമ്പോഴാണ് മരിച്ചയാളുടെ സഹോദരന്മാര്‍ എത്തി തടഞ്ഞത്. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കു തര്‍ക്കമായി.

രോഗിയാണെന്നറിഞ്ഞിട്ടും ആവശ്യമായ പരിചരണവും ചികിത്സയും ലഭ്യമാക്കാന്‍ ശ്രമിക്കാതിരുന്ന ഭാര്യയോടും മകളോടുമുള്ള പ്രതിഷേധമാണ് ഇതിന് കാരണം. മൃതദേഹം സഹോദരങ്ങളായ ഞങ്ങള്‍ കൊണ്ടുപോയിക്കോളാമെന്നും നിങ്ങള്‍ ഇടപെടേണ്ട എന്നും ഇവര്‍ പറഞ്ഞതോടെ തര്‍ക്കമായി. മെഡിക്കല്‍ കോളജ് പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരയും വിളിച്ചുചേര്‍ത്ത് ചര്‍ച്ച നടത്തുകയും ഇരുകൂട്ടരും സംസ്‌കാര ചടങ്ങുകള്‍ നടത്തി മൃതദേഹം മറവ് ചെയ്യാനും നിര്‍ദേശം നല്‍കി.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇത്തരത്തില്‍ നിരവധി രോഗികളാണ് ബന്ധുക്കളാരുമില്ലാതെ ചികിത്സയില്‍ കഴിയുന്നത്. കൂട്ടിരിപ്പുകാര്‍ ഇല്ലാത്തതുമൂലം കൃത്യമായ ചികിത്സ നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഒരു മാസത്തിനുള്ളില്‍ ബന്ധുക്കളില്ലാത്ത 10 പേരാണ് ഇവിടെ അജ്ഞാത രോഗികളുടെ പട്ടികയില്‍ മരിച്ചത്.