തൃക്കരിപ്പൂര്‍: ഒളവറ റെയില്‍പ്പാളത്തില്‍ കരിങ്കല്ലുകള്‍ നിരത്തിവെച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്.) അന്വേഷണം തുടങ്ങി. തൃക്കരിപ്പൂര്‍-പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ രാമവില്യം-ഒളവറ റെയില്‍വേ ഗേറ്റുകള്‍ക്കിടയില്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തിനിടയില്‍ ആറിടത്താണ് പാളത്തില്‍ കരിങ്കല്‍ച്ചീളുകള്‍ നിരത്തിവെച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 11-ഓടെയാണ് സംഭവം. വെള്ളിയാഴ്ച രാത്രിതന്നെ ആര്‍.പി.എഫ്. സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

ശനിയാഴ്ച ചന്തേര പോലീസും പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ അട്ടിമറിസാധ്യത സംശയിക്കുന്നില്ലെങ്കിലും കാര്‍ഗില്‍ വിജയ് ദിനാചരണ ദിവസം നടന്ന സംഭവമായതിനാല്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ആര്‍.പി.എഫ്. ഞായറാഴ്ച സ്ഥലത്തെത്തിയ ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ സമീപത്തെ സി.സി.ടി.വി.കള്‍ പരിശോധിച്ചു. പ്രദേശത്ത് രാത്രി തമ്പടിക്കുന്നവരെയും മാനസികാസ്വാസ്ഥ്യമുള്ള ഒരാളെയും ചോദ്യം ചെയ്ത് വിട്ടയച്ചു.

സംഭവത്തില്‍ എന്‍.ഐ.എ. അന്വേഷണം ഏറ്റെടുക്കാനും സാധ്യതയുണ്ട്. വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് പോകുന്നതിന് തൊട്ടുമുന്‍പ് ചരക്കുതീവണ്ടി കടന്നുപോയതിനാലും പാളം പരിശോധിക്കുന്ന ജീവനക്കാര്‍ കല്ലുകള്‍ കണ്ടതിനാലും അപകടമൊഴിവായി. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയും കാസര്‍കോട് ജില്ലാ കമ്മിറ്റിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും റെയില്‍വേ മന്ത്രാലയത്തിനും കത്ത് നല്‍കി.