കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയ്ക്ക് വിജയം. സര്‍വ്വകലാശാല യൂനിയനില്‍ തുടര്‍ച്ചയായി 25-ാം തവണയും മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് വിജയിച്ചത്. കെഎസ്യു-എംഎസ്എഫ് സഖ്യത്തിന് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. നാമനിര്‍ദേശപത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ വയനാട് ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു.

മാനന്തവാടി പി കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലെ അതുല്‍കൃഷ്ണയാണ് തെരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയ വിവാദങ്ങള്‍ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ്. കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം നേടിയത്. എട്ട് സീറ്റിലും ജയിച്ചുകയറിയ എസ് എഫ് ഐക്ക് കണ്ണൂര്‍ സര്‍വകലാശാല അക്ഷരാര്‍ത്ഥത്തില്‍ തൂത്തുവാരുകയായിരുന്നു. കണ്ണൂര്‍ താവക്കരയിലെ സര്‍വകലാശാല ആസ്ഥാന ത്തെ ചെറുശേരി ഹാളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എസ് എഫ് ഐയും യു ഡി എസ് എഫും തമ്മിലായിരുന്നു പ്രധാന പോരാട്ടം.

ശനിയാഴ്ച്ചരാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പിനിടെ നേരിയ തോതില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. കനത്ത പൊലീസ് സുരക്ഷയില്‍ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. സുതാര്യത ഉറപ്പാക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് യു ഡി എസ് എഫ് അനുകൂല ഉത്തരവ് നേടിയിരുന്നു. ഒടുവില്‍ ഫലം പുറത്തുവന്നപ്പോള്‍ എസ് എഫ് ഐക്ക് വമ്പന്‍ ജയമാണ് സ്വന്തമായത്. വിജയ പ്രഖ്യാപനത്തെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളെ ആനയിച്ച് എസ്.എഫ്.ഐ ആഹ്‌ളാദ പ്രകടനം നടത്തി. പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ച പൊതുസമ്മേളനത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍,വൈഷ്ണവ് മഹേന്ദ്രന്‍, കെ. ആര്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കോഴിക്കോട് സര്‍വ്വകലാശാലയില്‍ മുന്നേറ്റമുണ്ടാക്കിയ കെ.എസ് യു-എം.എസ്.എഫ് മുന്നണിക്ക് കണ്ണൂരില്‍ ഇതിന് സമാനമായ നേട്ടമുണ്ടാക്കാനായില്ല.കനത്ത പൊലിസ് കാവലിലാണ് യൂനിയന്‍ തെരഞ്ഞെടുപ്പ് നടന്നത്. കെ.എസ്.യു യൂനിയന്‍ കൗണ്‍സിലറുടെ തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ച തര്‍ക്കമുണ്ടായെങ്കിലും പൊലിസ് ഇടപെട്ട് വിഷയം പരിഹരിക്കുകയായിരുന്നു. ഇരു സംഘടനകളിലെയും വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നുവെങ്കിലും പൊലിസ് ഇടപ്പെട്ട് ശാന്തമാക്കുകയായിരുന്നു.