- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവസേന നേതാവിന്റെ മകന് ഓടിച്ച ബി.എം.ഡബ്ല്യു കാറിടിച്ച് ബൈക്ക് യാത്രിക മരിച്ചു; ഡ്രൈവര്‍ മദ്യലഹരിയില്‍; മുഖം നോക്കാതെ നടപടിയെന്ന് മുഖ്യമന്ത്രി
മുംബൈ: അമിത വേഗത്തിലെത്തിയ ബി.എം.ഡബ്ല്യു കാര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ച് ബൈക്ക് യാത്രികയായ സ്ത്രീ മരിച്ചു. ഭര്‍ത്താവ് പ്രദീപിനൊപ്പം യാത്രചെയ്ത കാവേരി നഖ്വ (45) ആണ് മരിച്ചത്. കാര്‍ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ കാവേരി നഖ്വ റോഡില്‍ തെറിച്ച് വീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വാഹനം ഓടിച്ചിരുന്ന മിഹിര്‍ ഷായുടെ പിതാവും പാല്‍ഘര്‍ ജില്ലയിലെ ശിവ സേന ഏകനാഥ് ഷിന്ദേ വിഭാഗം നേതാവുമായ രാജേഷ് ഷായെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. രാജേഷ് ഷായുടെ ഡ്രൈവര്‍ രാജഋഷി ബിദാവത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവ സമയത്ത് കാര്‍ ഓടിച്ചിരുന്നെന്ന് കരുതുന്ന ഇയാളുടെ മകന് മിഹിര്‍ ഷാ ഒളിവിലാണ്. ഇയാള്‍ മദ്യപിച്ച് വാഹനമോടിച്ചതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ 5.30 ഓടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളികളും ദമ്പതിമാരുമായ പ്രദീപ് നഖാവും കാവേരി നഖാവും സാസൂണ്‍ ഡോക്കില്‍നിന്ന് മത്സ്യവും വാങ്ങി തിരികെ പോകും വഴി കോലിവാഡയില്‍ വെച്ചായിരുന്നു അപകടത്തില്‍പെടുന്നത്. അമിത വേഗത്തിലെത്തിയ കാര്‍, ബൈക്കില്‍ ഇടിച്ചതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഉടന്‍ തന്നെ പ്രദീപ് നഖാവ് ബൈക്കില്‍നിന്ന് ചാടിയിറങ്ങി. എന്നാല്‍ കൈയില്‍ അമിതഭാരം ഉണ്ടായിരുന്നതിനാല്‍ കാവേരിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഉടന്‍ തന്നെ കാവേരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശിവസേന ഷിന്ദെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകന് മിഹിര്‍ ഷാ ആയിരുന്നു ബിഎംഡബ്ല്യു കാര്‍ ഓടിച്ചിരുന്നതെന്നാണ് വിവരം. ഇയാള്‍ അപകടത്തിന് പിന്നാലെ സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടിരുന്നു. ജുഹുവിലെ ബാറില്‍നിന്ന് മദ്യപിച്ച ശേഷം തിരികെ വീട്ടിലേക്ക് വരികയായിരുന്നു മിഹിര്‍ ഷാ. വാഹനത്തില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നുവെങ്കിലും അയാളെ മാറ്റി മിഹിര്‍ ഷാ കാര്‍ ഓടിക്കുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപകടത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നതായും ആരോപണം ഉയരുന്നുണ്ട്. പ്രതിയെ ശിവസേനയുമായി ബന്ധിപ്പിക്കുന്ന സ്റ്റിക്കര്‍ കാറില്‍നിന്ന് പറിച്ചു കളയാന്‍ ശ്രമിച്ചിട്ടുണ്ട്. കാറിന്റെ നമ്പര്‍ പ്ലേറ്റുകളില്‍ ഒന്ന് പറിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സിസിടിവി അടക്കം പോലീസ് പരിശോധിക്കുകയായിരുന്നു.
വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നില്ലെന്നും ആരാണോ അപകടത്തിന് പിന്നില്‍ അവരെ എത്രയും പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്യണമെന്ന് വ്യക്തമാക്കി ശിവസേന (യു.ബി.ടി.) വിഭാഗം നേതാവ് ആദിത്യ താക്കറെ രംഗത്തെത്തി. അപകടത്തിനിരയായ പ്രദീപ് നഖാവിനെ അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തു. പ്രതി ഏത് പാര്‍ട്ടിക്കാരനാണ് എന്നത് വിഷയമല്ലെന്നും ഉചിതമായ നടപടി ഉണ്ടാകുമെന്നും കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെയും പ്രതികരിച്ചു.