- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഗീതാസ്വാദകര്‍ക്ക് ദുഃഖം പകര്‍ന്ന് സിനിമാ പിന്നണി ഗായകന് വിശ്വനാഥന്റെ വിയോഗം; വിട പറഞ്ഞത് വെള്ളം സിനിമയിലെ ഹിറ്റ് പാട്ടുപാടിയ കണ്ണൂരിലെ ഗായകന്
കണ്ണൂര്‍: പാടി തീരാത്ത മധുരതരമായ ഗാനം പോലെ മലയാള സംഗീതാസ്വാദകരെ വിസ്മയിപ്പിച്ച ഗായകന് വിടവാങ്ങി. ചലച്ചിത്രപിന്നണി ഗായകന് കീഴാറ്റൂരിലെ പി.വി വിശ്വനാഥന്റെ (55)അകാലവിയോഗവാര്ത്ത സംഗീതപ്രേമികള്‍ ദുഃഖത്തോടെയാണ് ശ്രമിച്ചത്. തളിപ്പറമ്പ് മില്‍ട്ടണ്‍സ് കോളേജെന്ന സമാന്തര സ്ഥാപനത്തിലെ അധ്യാപകനായ വിശ്വനാഥന് തളിപ്പറമ്പുകാരനായ മുരളി കുന്നും പുറത്ത് നിര്‍മ്മിച്ച വെള്ളം എന്ന സിനിമയിലുടെയാണ് സംഗീത ലോകത്ത ശ്രദ്ധേയനാവുന്നത്. ബി.കെ. ഹരിനാരായണന് എഴുതി ബിജിബാല്‍ ഈണം പകര്‍ന്ന ഒരു കുറി കാണാനെന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും സംഗീതപ്രേമികള്‍ ഹൃദയത്തിലേറ്റുന്നതാണ്. സംഗീതത്തിലേക്ക് വഴി തെറ്റി വന്നതല്ല അടുപ്പമുള്ള വിശ്വന് മാഷെന്നു വിളിക്കുന്ന വിശ്വനാഥന്.
പതിറ്റാണ്ടുകള്‍ക്കു മുമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്തെ വരിക്കേട്ട മഠം നാരായണ വാര്യര്‍ ഭാഗവതരുടെ അടുത്തേക്ക് സംഗീതം പഠിക്കാന്‍ വിശ്വനാഥന് എന്ന പത്താംതരം കഴിഞ്ഞ വിദ്യാര്‍ത്ഥി എത്തിച്ചേര്‍ന്നത് മലയാളക്കരയറിയുന്ന സംഗീതജ്ഞനായി വളരണമെന്ന മോഹവുമായിട്ടായിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ആ മോഹം പൂവണിഞ്ഞുവെങ്കിലും ഇനിയൊരു പാട്ടിന്റെ പല്ലവി പാടാതെ മധുര ശബ്ദത്തിനുടമയെ മരണം തട്ടിയെടുത്തു.
ജയസൂര്യ നായകനായ "വെള്ളം ' എന്ന ചലച്ചിത്രത്തിലൂടെയാണ് വിശ്വനാഥന് എന്ന ഗായകന് മലയാള ചലച്ചിത്ര പിന്നണി ഗാന ശാഖയില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തിയത്. പ്രിയ സ്നേഹിതനും ശിഷ്യനുമായ മുരളി കുന്നുമ്പുറത്താണ് വിശ്വനാഥന് സിനിമയിലേക്കുള്ള വഴി തുറന്ന് കൊടുത്തത്. വിശ്വനാഥന്റെ ഒരു പാട്ട് " വെള്ളം ' സിനിമയുടെ സംവിധായകനായ പ്രജേഷ് സെന്നിനെ പാടി കേള്‍പ്പിക്കുകയായിരുന്നു. പ്രജേഷിലൂടെ ' വെളള ' ത്തിന്റെ സംഗീത സംവിധായകനായ ബിജിപാല്‍ കേള്‍ക്കുകയും അദ്ദേഹം തന്റെ തൃപ്തി അറിയിക്കുകയും ചെയ്തു. അങ്ങിനെയാണ് " വെള്ളം" സിനിമയില്‍ പാടാനുള്ള ഭാഗ്യം വിശ്വനാഥന് കൈവന്നത്.
നവ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു വിശ്വനാഥന് പാടിയ ' ഒരു കുറി കണ്ടു നാം പിരിക്കുന്ന നേരം നിന് മിഴികളിലെന് മനം മറന്നു വെച്ചു. "എന്ന ഗാനം. നാരായണവാര്യര്‍ ഭാഗവതര്‍ എന്ന സംഗീത ഗുരുവിന്റെ അടുക്കലേക്ക് വിശ്വനാഥനെ കൊണ്ടുവിടുന്നത് അമ്മാവനും സര് സയ്യിദ് കോളേജിലെ പ്രൊഫസറുയിരുന്ന എം.വി.കൃഷ്ണന് മാസ്റ്റര്‍ ആയിരുന്നു. അന്ന് തുടങ്ങിയ സംഗീത പാഠങ്ങളാണ് വിശ്വനാഥനെ ചലച്ചിത്ര പിന്നണി ഗായകനാക്കി മാറ്റിയത്.
നാരായണവാര്യര്‍ ഭാഗവതരുടെ കീഴിലുള്ള പഠന കാലത്ത് തന്നെ കണ്ണൂര്‍ "മെലഡീസ് ഓര്‍ക്കസ്ട്ര "യുടെ ഗാനമേള സ്റ്റേജ് പരിപാടികളില്‍ പാടിത്തുടങ്ങി. മറ്റ് ട്രൂപ്പുകള്‍ക്കു വേണ്ടിയും പാടി. കോഴിക്കോട് "മ്യൂസിക് സിറ്റി ' സ്റ്റുഡിയോയില്‍ സഹോദരന്
രത്നപാലിനൊപ്പം പിന്നണി പാടാന്‍ പോയ അനുഭവവും വിശ്വനാഥനുണ്ട്. പില്ക്കാലത്ത് ഭക്തിഗാനങ്ങളും, ഓണപ്പാട്ടുകളും വിശ്വനാഥന്റെ സ്വരമാധുരിയില്‍ പുറത്തുവന്നു.
സംഗീത സംവിധായകനായും, ഗായകനായും രംഗത്തേക്ക് വരുന്നത് പ്രശസ്ത ചലച്ചിത്ര സംവിധായകന് ചന്ദ്രന് നരിക്കോടിന്റെ "ബിംബങ്ങള്‍ ' എന്ന ടെലിഫിലിമിലൂടെയാണ്. സംഗീത സംവിധായകന് കൂടിയാണ് വിശ്വനാഥനെന്ന കാര്യം അപ്പോഴാണ് ആസ്വാദക ലോകം അറിയുന്നത്.
2011 ല്വിജേഷ് വിശ്വം എഴുതി ഹരി വേണുഗോപാല്‍ പശ്ചാത്തല സംഗീതം നിര്‍വഹിച്ച "പറയാതെ വയ്യെന്റ തോഴി" എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് വിശ്വനാഥന് ആയിരുന്നു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന് ശ്രീനിവാസന് ആയിരുന്നു ഈഗാനം ആലപിച്ചത്.
തളിപ്പറമ്പിലെ പ്രശസ്തമായ " മില്‍ട്ടണ്‍സ് ' ട്യൂട്ടോറിയല്‍ കോളേജില്‍ അധ്യാപകനായും, കെ.എസ്.ആര്.ടി.സി.കണ്ണൂര്‍ ഡിപ്പോയില്‍ ജൂനിയര്‍ അസിസ്റ്റന്റായും, ബാംഗ്ലൂരില്‍ റസ്റ്റോറന്റ് മാനേജരായും, മാര്‍ക്കറ്റിങ്ങ് എക്സിക്യുട്ടീവായും ജോലി നോക്കിയെങ്കിലും എവിടെയും ഉറച്ചു നില്ക്കാന് കഴിയാതിരുന്നത് സംഗീതത്തോടുള്ള ആത്മസമര്‍പ്പണം കൊണ്ടായിരുന്നു. തളിപ്പറമ്പ കീഴാറ്റൂര്‍ പുതിയ വീട്ടില്‍ കണ്ണന്റെയും മീത്തലെ വീട്ടില്‍ കാര്‍ത്യായനിയുടെയും മകനാണ് വിശ്വനാഥന്.
രാജം, രത്നപാല്‍, സുഹജകുമാരി, ധനഞ്ജയന് എന്നിവര്‍ സഹോദരങ്ങളാണ്. ന്യുമോണിയ ബാധിച്ചു സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെ വിശ്വനാഥന് ആരോഗ്യ നില വീണ്ടെടുത്ത് തിരിച്ചു വരുമെന്ന് അദ്ദേഹത്തെ സ്നേഹിക്കുന്ന സംഗീത പ്രേമികള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും മരണവാര്‍ത്തയാണ് അവരെ തേടിയെത്തിയത്. വടക്കെ മലബാറിലെ ഉത്സവ പറമ്പുകളെ ത്രസിപ്പിച്ച ഗാനമേളകളിലെ നിത്യ സാന്നിദ്ധ്യമായിരുന്നു വിശ്വനാഥന് മലയാളത്തിലെ പ്രമുഖ ഗായകര്‍ പാടിയ ഹിറ്റ് ഗാനങ്ങള്‍ തകര്‍ത്ത് പാടി അദ്ദേഹം സംഗീതാസ്വാദകരുടെ കൈയ്യടി നേടിയിരുന്നു. ജന സ്വീകാര്യതയേറെയുള്ള ഗാനമേളകളിലുടെ വിശ്വന് മാഷെന്ന ഗായകനെ ലോകം കൂടുതല്‍ അറിഞ്ഞത്.