- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളാപ്പള്ളി പാനലിനെ സാധുവാക്കിയ ആ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; എസ് എന്‍ ഡി പിയില്‍ വിമതര്‍ക്ക് പ്രതീക്ഷ; പിണറായി നിലപാട് നിര്‍ണ്ണായകം
കൊല്ലം: എസ് എന്‍ ഡി പിയില്‍ വീണ്ടും വിമതര്‍ക്ക് കരുത്തായി ഹൈക്കോടതിയുടെ സ്റ്റേ. വെള്ളാപ്പള്ളിയ്ക്ക് അനുകൂല നിലപാട് എടുത്ത ഐ.ജി.ഓഫ് റജിസ്റ്റാറുടെ ഉത്തരവാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തത്. ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജഡ്ജി മുഹമ്മദ് നിയാസിന്റേതാണ് വിധി. ഇനി സര്‍ക്കാര്‍ നിലപാടും ഈ കേസില്‍ നിര്‍ണ്ണായകമാകും.
2013 മുതല്‍ കൃത്യമായ കണക്ക് പരിശോധന എസ് എന്‍ ഡി പിയില്‍ നടന്നില്ലെന്നതാണ് കേസിന് ആധാരം. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കമ്പനികളില്‍ ഇത് അനിവാര്യതയാണ്. അല്ലാത്ത പക്ഷം ഡയറക്ടര്‍മാര്‍ അയോഗ്യരാകും. അവര്‍ക്ക് തുടര്‍ന്ന് ആ കമ്പനിയുടെ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കഴിയുകയുമില്ല. എസ് എന്‍ ഡി പി യോഗവുമായി ബന്ധപ്പെട്ട ഈ കേസില്‍ രണ്ടു കൊല്ലത്തെ കണക്ക് പരിശോധിച്ച് ഒരു ഘട്ടത്തില്‍ വെള്ളാപ്പള്ളിയ്ക്കും കൂട്ടര്‍ക്കും ആശ്വാസ നിലപാട് ഐജി ഓഫ് രജിസ്ട്രാര്‍ എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഈ തീരുമാനം ഹൈക്കോടതി റദ്ദാക്കുന്നത്. ഫലത്തില്‍ തുടര്‍ വാദങ്ങളില്‍ സര്‍ക്കാര്‍ നിലപാട് കേസില്‍ നിര്‍ണ്ണായകമാകും.
അടുത്ത മാസം കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കേസില്‍ സര്‍ക്കാരിനോടും മറ്റും കോടതി വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകമാകും. ബിജെപി പക്ഷത്തോട് ചേര്‍ന്ന് നില്ക്കുന്ന വെള്ളാപ്പള്ളിയോട് പിണറായി സര്‍ക്കാരിന് അതൃപ്തിയുണ്ട്. ഇത് കോടതി നടപടികളില്‍ പ്രതിഫലിക്കും എന്ന സൂചനകളും പുറത്തു വരുന്നുണ്ട്. അനകൂല തീരുമാനം സര്ക്കാരെടുക്കുമെന്നാണ് എസ് എന്‍ ഡി പിയിലെ വിമത വിഭാഗത്തിന്റെ പ്രതീക്ഷ.
അതിനിടെ ഐ.ജി.ഓഫ് റജിസ്റ്റാറുടെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് സൗത്ത് ഇന്ത്യന്‍ ആര്.വിനോദ് പ്രതികരിച്ചു. എസ് എന്‍ ഡി പി യോഗത്തിലെ തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശനെതിരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം നല്കിയ വ്യക്തിയാണ് വിനോദ്. വെള്ളാപ്പള്ളിയും കൂട്ടരും നിയമ പോരാട്ടത്തില്‍ അയോഗ്യരാണെന്ന് കണ്ടെത്തിയാല്‍ വിനോദിന് ജനറല്‍ സെക്രട്ടറിയായി എത്താനാകും. ഡിന് നമ്പറില്ലെന്ന വാദവും വെള്ളാപ്പള്ളിക്കെതിരെ വിനോദും കൂട്ടരും ചര്‍ച്ചയാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസും കോടതി പരിഗണനയിലാണ്. അവിടേയും ഐ.ജി.ഓഫ് റജിസ്റ്റാറുടെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് നിര്‍ണ്ണായകമാകും.
എസ്.എന്‍ ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂട്ടരും ഐ.ജി.ഓഫ് രജിസ്റ്റാറില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നേടിയ ഉത്തരവാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തതെന്ന് സൗത്ത് ഇന്ത്യന്‍ വിനോദും കൂട്ടരും പറയുന്നു. നീണ്ട കാലമായി യോഗ നേതൃത്വത്തില്‍ ഗുണ്ടായിസത്തിലൂടെ തുടരുന്ന വെള്ളാപ്പള്ളിയുടെ പ്രവൃത്തിയ്ക്ക് എതിരെ ഗുരുദേവന് പുറപ്പെടുവിച്ച സ്റ്റേയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് സൗത്ത് ഇന്ത്യന്‍ ആര്.വിനോദ് പറഞ്ഞു .
വെളളാപ്പളളിയ്ക്ക് വീണ്ടും എസ്.എന്‍.ഡി.പി. യോഗ നേതൃത്വത്തില്‍ എത്താന്‍ വേണ്ടി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് നിയമ വിധേയമല്ലാത്ത ഉത്തരവ് ഐ.ജി ഓഫ് റജിസ്ട്രേഷനില്‍ നിന്നും നേടിയെടുത്തത്. റജിസ്ട്രേഷന് വകുപ്പ് യോഗത്തിന്റെ 2014 -2015, 2015- 2016 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ നിയമപരമായി എസ്.എന്‍.ഡി.പി യോഗം ഒടുക്കേണ്ട തുക ഒടുക്കാതെയും പണം സ്വീകരിക്കാന്‍ ഐ.ജി. ഓഫ് റജിസ്റ്റാര്‍ തയ്യാറാകാഞ്ഞതില്‍ നിന്നും വ്യക്തമാണെന്ന് വിനോദ് പക്ഷം വിശദീകരിക്കുന്നു.
2013 മുതല്‍ കമ്പനി ആക്ട് അനുസരിച്ച് റജിസ്ട്രേഷന് വകുപ്പില്‍ കണക്കുകള്‍ നല്കാതിരുന്നതിനാല് എസ്.എന്‍.ഡി.പി.യോഗത്തിന്റെ റജിസ്ട്രേഷന് അസാധുവാകുകയും നിലവിലെ ഭരണ സമിതി ഡിസ്കോളിഫൈഡ് ആയതും ആണ്. അസാധുവായ റജിസ്ട്രേഷനും ഡിസ്കോളിഫിക്കേഷന്സും സാധുവാക്കാന്‍ വേണ്ടിയാണ് നിയമ വിരുദ്ധമായി റജിസ്ട്രേഷന് ഐ.ജി. സൃഷ്ടിച്ച ഉത്തരവാണ് സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തതെന്നും വിനോദ് വിശദീകരിക്കുന്നു.
സൗത്ത് ഇന്ത്യന്‍ ആര്.വിനോദ് സമര്‍പ്പിച്ച കേസിലാണ് ഐ.ജി.ഓഫ് റജിസ്റ്റാറുടെ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തത് . സൗത്ത് ഇന്ത്യന്‍ ആര്.വിനോദിന് വേണ്ടി അഡ്വ: രാംകുമാറാണ് ഹൈക്കോടതിയില്‍ ഹാജരായത്.